കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ രാജി ആവശ്യപ്പെട്ട് ജനങ്ങൾ നടത്തിയ പ്രക്ഷോഭത്തിൽ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയൂസൂര്യ. പ്രക്ഷോഭകർക്കൊപ്പം ചേർന്ന ജയസൂര്യ അതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചു. 'നിങ്ങളുടെ കോട്ട വീണു കഴിഞ്ഞു, ജനതയുടെ ശക്തി വിജയിച്ചിരിക്കുന്നു. അന്തസ്സു കാത്ത് രാജിവച്ചു പോവൂ' എന്ന് ഗോതബായ രജപക്സെയോട് ജയസൂര്യ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

താൻ എന്നും രാജ്യത്തെ ജനങ്ങൾക്കൊമാണ് നിലകൊണ്ടിട്ടുള്ളതെന്ന് ജയസൂര്യ ട്വിറ്ററിൽ കുറിച്ചു. രാജ്യം ഇതുപോലെ ഒറ്റക്കെട്ടായി നിന്ന ഒരു കാലം ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങൾക്ക് ഒറ്റ ലക്ഷ്യമേയുള്ളൂ, പരാജയപ്പെട്ട നേതാവിനെ പുറത്താക്കുക. അതിൽ ഉടൻ തന്നെ വിജയം ആഘോഷിക്കാനാവുമെന്ന് ജയസൂര്യ പറഞ്ഞു.

പ്രക്ഷോഭകർ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതി കയ്യേറിയതിനെ തുടർന്ന് പ്രസിഡന്റ് കൊട്ടാരം വിട്ടുപോയതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് രാജ്യം വിട്ടതായും ലങ്കൻ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകർ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. കൊളംബോയിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ, കർഫ്യൂ പ്രഖ്യാപിച്ചു.

പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ബാർ അസോസിയേഷനും പൊലീസ് മേധാവിക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച പുറപ്പെടുവിച്ച കർഫ്യൂ ഉത്തരവ് പൊലീസ് പിൻവലിച്ചിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ഭക്ഷണവും ഇന്ധനവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും രാജ്യത്ത് അതിരൂക്ഷമാണ്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ശ്രീലങ്കയിൽ മാസങ്ങളായി പ്രക്ഷോഭം തുടരുകയാണ്. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

കർഫ്യൂ പിൻവലിച്ചതിന് പിന്നാലെ ഇരമ്പിയെത്തിയ പ്രതിഷേധത്തെ തടഞ്ഞുനിർത്താൻ ഒരു ബാരിക്കേഡിനോ പട്ടാളത്തിനോ കഴിഞ്ഞില്ല. ബാരിക്കേഡുകൾ മറികടന്ന് കുതിച്ച പ്രതിഷേധക്കാർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാൻ ശ്രമിച്ച ഒട്ടേറെ സൈനികർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്കൊപ്പം ചേരാനെത്തിയ മുന്മന്ത്രിയെ ജനക്കൂട്ടം ഇതിനിടെ 'കൈകാര്യം' ചെയ്തു.

പ്രതിരോധത്തിന് മാർഗമില്ലാതെ അംഗരക്ഷകർ പിൻവലിഞ്ഞു. പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിൽ കയറി മേഞ്ഞു. ചിലർ പൂളിൽ കുളിച്ച് ഉല്ലസിച്ചു. ചിലർ വസതിയുടെ മുക്കിലും മൂലയിലും കയറി നടന്നു. 

ആയിരങ്ങളാണ് ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബാത രാജപക്സെയുടെ ഔദ്യോഗികവസതിയിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജിയായിരുന്നു അവരുടെ ആവശ്യം. മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കൻജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാർ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെയും ഉള്ളിൽ കടന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ പുറത്തെത്തിയിട്ടുണ്ട്.

അതേസമയം, പ്രസിഡന്റ് ഗോതബായ രാജപക്സെയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്നാണ് ഉന്നത സൈനികവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ അദ്ദേഹം രാജ്യംവിട്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. തെരുവിലെ പ്രക്ഷോഭം കനത്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗേ പാർട്ടി നേതാക്കന്മാരുടെ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്.

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. അതേസമയം, പ്രസിഡന്റിന്റെ വസതിക്കുള്ളിൽ കടന്ന പ്രതിഷേധക്കാർ നീന്തൽക്കുളത്തിൽ ഉല്ലസിക്കുന്നതിന്റെ വീഡിയോയും പുറത്തെത്തി.