തിരുവനന്തപുരം: ഡോളർ ക‌ടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. സംസ്ഥാന സർക്കാരിനെതിരായ സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത എന്തെന്ന് ചോദിച്ച എസ്ആർപി, തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ മൊഴി ഇന്നലെ പുറത്തുവന്നതെന്നും ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. കസ്റ്റംസ് അറിയാതെ ഒരു ഡോളറും ഇങ്ങോട്ട് വരികയോ പോവുകയോ ചെയ്യില്ല. അതാത് ഏജൻസികൾക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നും എസ്ആർപി പറഞ്ഞു. കസ്റ്റംസിനെതിരായ എൽഡിഎഫ് പ്രതിഷേധങ്ങൾക്കെതിരെ പരസ്യ പ്രതികരണം നടത്തിയ കസ്റ്റംസ് കമ്മീഷണർക്കെതിരെയും എസ്ആർപി വിമർശനം ഉന്നയിച്ചു. ഉദ്യോഗസ്ഥന്റെ രാഷ്ട്രീയം പുറത്തുവന്നെന്നും ആ സ്ഥാനം വഹിക്കാൻ അയാൾ അർഹനല്ലെന്നും എസ്ആർപി പറഞ്ഞു.

തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെയാണ് ഡോളർ കടത്ത് കേസിൽ സംസ്ഥാന മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കർ, മറ്റ് മൂന്ന് മന്ത്രിമാർ എന്നിവർക്ക് കോൺസുൽ ജനറലുമായി നേരിട്ട് ബന്ധമുണ്ട്. കോൺസുലേറ്റിന്റെ സഹായത്തോടെയുള്ള ഡോളർകടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന് സ്വപ്ന രഹസ്യമൊഴി നൽകിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു.