വിശാഖപട്ടണം: സിപിഐ(എം) ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയെ പിന്തുണച്ച കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദനെതിരെ മറ്റൊരു പി ബി അംഗം എസ് രാമചന്ദ്രൻ പിള്ള രംഗത്തെത്തി. സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി സ്ഥാനത്തെത്താൻ പരിഗണിക്കപ്പെടുന്നവരിൽ മുൻപന്തിയിലുള്ള പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്ക് മുൻകൂറായി ആശംസ നേർന്നതാണ് എസ്ആർപിയെ ചൊടിപ്പിച്ചത്.

ഇത്തരത്തിൽ ആശംസകൾ നേരുന്ന പതിവ് സിപിഎമ്മിൽ ഇല്ലെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞു. എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യെച്ചൂരിക്കൊപ്പം, ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ് എസ്.ആർ.പി.

പുതിയ ജനറൽ സെക്രട്ടറിയെ കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ഇപ്പോൾ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കേരളഘടകം തന്നെ പിന്തുണയ്ക്കുന്നു എന്ന വാർത്തകളും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാവില്ല. ഞായറാഴ്ച ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുമെന്നും എസ്.ആർ.പി കൂട്ടിച്ചേർത്തു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഈ വർഷാവസാനം പ്ലീനം വിളിച്ചു ചേർക്കും. അതിനു മുന്പായി സംസ്ഥാന ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടും. പ്‌ളീനം സംബന്ധിച്ച ചോദ്യാവലികൾ എല്ലാ സംസ്ഥാനങ്ങൾക്കും അയച്ചു നൽകുമെന്നും രാമചന്ദ്രൻ പിള്ള പറഞ്ഞു.

ഇന്ന് രാവിലെ നേതാക്കൾ താമസിക്കുന്ന ഹോട്ടലിന് പുറത്തുവച്ചു കണ്ടു മുട്ടിയപ്പോഴാണ് യച്ചൂരിക്ക് വി എസ് ആശംസകൾ നേർന്നത്. തന്റെ വിജയം താങ്കളുടെയും എല്ലാവരുടെയും വിജയമാണെന്ന് യച്ചൂരി മറുപടിയായി വിഎസിനോട് പറയുകയും ചെയ്തു. യച്ചൂരി ജനറൽ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹം. കൂടുതൽ ചെറുപ്പക്കാർ നേതൃനിരയിലേക്ക് വരണമെന്നും വി എസ് പറഞ്ഞിരുന്നു.

സിപിഎമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ് എസ്ആർപിയും സീതാറാം യച്ചൂരിയും. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ എസ്ആർപിക്കാണ്. കേരള ഘടകവും എസ്ആർപിയെ പിന്തുണയ്ക്കുന്നു. ആ സാഹചര്യത്തിലാണ് വി എസ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. പാർട്ടി ബംഗാൾ ഘടകം യെച്ചൂരിയെ പിന്തുണക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ സെക്രട്ടറിയെ ചൊല്ലി ഭിന്നത മൂർച്ഛിക്കുന്നു എന്ന സൂചനയാണ് പൂറത്തുവന്നത്.