കൊച്ചി: യാഥാസ്ഥിതികനായ മെത്രാൻ പങ്കെടുക്കുന്ന പരിപാടിയിൽ കൈയില്ലാത്ത വസ്ത്രം ധരിച്ചു പങ്കെടുക്കരുതെന്ന് ചലച്ചിത്ര പ്രവർത്തക ശ്രുതി നമ്പൂതിരിയോട് സംഘാടകരുടെ ആവശ്യം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിലാണ് സ്ത്രീസ്വാതന്ത്ര്യത്തെ മുഴുവൻ വെല്ലുവിളിക്കുന്ന ആവശ്യം സംഘാടകരിൽനിന്ന് ഉണ്ടായത്. കൈയില്ലാത്ത വസ്ത്രം ധരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും തന്റെ ആദർശങ്ങൾക്കു മുഴുവൻ വിരുദ്ധമായ നിലപാടുകൾ പുലർത്തുന്ന സംഘടനയുടെ പരിപാടി ശ്രുതി ഒഴിവാക്കുകയായിരുന്നു. സംഭവത്തിൽ സംഘാടകരുമായി നടത്തിയ വാട്‌സാപ്പ് സംഭാഷണം അടക്കം ശ്രുതി സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്തു.

ഒരി ചാരിറ്റി ഗ്രൂപ്പാണ് ശ്രുതിയെ പരിപാടിയിലേക്കു ക്ഷണിച്ചത്. നോട്ടീസിൽ പ്രിന്റ് ചെയ്യാൻ ഹൈ റസലൂഷനുള്ള ഒരു ഫോട്ടോ പെട്ടന്നു വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടിരുന്നു. തന്റെ ഫോണിൽ ആകെയുണ്ടായിരുന്ന ഹൈ റസലൂഷൻ ഫോട്ടോയിൽ ശ്രുതി സ്ലീവ്‌ലെസ് വസ്ത്രമാണു ധരിച്ചിരുന്നത്. ഇതാണ് അയച്ചുകൊടുത്തതും. ഫോട്ടോയിലെ ശ്രുതിയുടെ തലമാത്രം മുറിച്ചെടുത്ത് സംഘാടകർ നോട്ടീസ് അച്ചടിച്ചു.

തുടർന്നാണ് പരിപാടിയുടെ സംഘാടകർ ബിഷപ് പങ്കെടുക്കുന്ന പരിപാടിയിൽ കയ്യില്ലാത്ത വസ്ത്രം ധരിച്ച് എത്തരുതെന്ന് അഭ്യർത്ഥിച്ചത്. ഞങ്ങളുടെ ബിഷപ്പും ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം യാഥാസ്ഥിതികനാണെന്നും ഈ സന്ദേശത്തിൽ പറയുന്നു. അതിനാൽ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ലീവ്ലസ് വസ്ത്രം ധരിക്കരുടെന്ന് നിർദ്ദേശിക്കാൻ പറയുകയായിരുന്നെന്നുമാണ് സംഘടാകയുടെ സന്ദേശത്തിൽ പറയുന്നത്. തന്നെ തെറ്റിദ്ധരിക്കരുതെന്നും സന്ദേശത്തെ പോസിറ്റീവ് ആയി സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിക്കുന്നുണ്ട്.

ചടങ്ങിൽ സ്ലീവ്ലസ് ആയി വരാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ആദർശങ്ങൾക്ക് എതിരാണെന്നും ഒരു സ്ത്രീയെന്ന നിലയിൽ തനിക്ക് അംഗീകരിക്കാനാകാത്തതാണെന്നും ശ്രുതി ഇതിന് മറുപടി പറയുന്നു. സ്ത്രീകൾക്കുള്ള ദിനത്തിലെങ്കിലും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന തന്റെ നിലപാട് വ്യക്തമാക്കിയ ശ്രുതി തന്നെ ഈ ചടങ്ങിൽ നിന്നും ഒഴിവാക്കിയാൽ നന്നായിരുന്നു എന്നും പറയുന്നു.

ഒരു സ്ത്രീയെ അവരുടെ വസ്ത്രധാരണ സ്വാതന്ത്ര്യം പോലും നിഷേധിച്ച് തനത് ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ മാനിക്കാതെ ഇവരൊക്കെ എന്ത് സ്ത്രീദിനമാണ് ആഘോഷിക്കുന്നതെന്നാണ് ശ്രുതി ചോദിക്കുന്നത്. ഈ കാപട്യത്തെയോർത്ത്, ഇത്തരം പരിപാടികളുടെ ഉദ്ദേശശുദ്ധിയെയോർത്ത് സഹതാപമാണ് തോന്നുന്നതെന്നും അവർ വ്യക്തമാക്കുന്നു.