മോണ്ട്ഗോമറി : മേരിലാന്റ് മോണ്ട്ഗോമറി കൗണ്ടി കൗൺസിലിലേക്ക് ഇന്ത്യൻ അമേരിക്കൻ വംശജയും രാഷ്ട്രീയ പ്രവർത്തകയുമായ ശ്രുതി ബട്നാഗർ (40) മത്സരിക്കുന്നു. കൗൺസിലിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. മറ്റൊരു ഇന്ത്യൻ വംശജയായ അശ്വതി ജയിൻ ഉൾപ്പെടെ 20 പേരാണ് മത്സര രംഗത്തുള്ളത്.

കൗണ്ടിയിലെ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും, അവരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും പ്രതിജ്ഞയെടുത്ത് പ്രവർത്തനങ്ങൾ നടത്തുമെന്ന് ശ്രുതിയുടെ തിരഞ്ഞെടുപ്പു പത്രികയിൽ ഉറപ്പു നൽകുന്നു. 18 വയസ്സിൽ ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയ ശ്രുതി എംബിഎ ബിരുദം നേടിയശേഷം മോണ്ട്ഗോമറി കൗണ്ടി പബ്ലിക്ക് സ്‌കൂളിൽ എഡുക്കേറ്ററായി പ്രവർത്തിച്ചുവരുന്നു.

കുറഞ്ഞ വരുമാനക്കാർക്ക് സൗകര്യപ്രദമായ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നതിനും, അവരുടെ വിദ്യാഭ്യാസത്തിനാവശ്യമായ വിദ്യാലയങ്ങൾ കണ്ടെത്തി പ്രവേശനം നേടി കൊടുക്കുന്നതിലും കഴിഞ്ഞ 15 വർഷമായി സജീവ പ്രവർത്തനത്തിന് നേതൃത്വം നൽകിവരികയാണ് സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകയായ ശ്രുതി.

ചെറുകിട വ്യവസായിയായ പിതാവും, വിദ്യാഭ്യാസ പ്രവർത്തകയായ മാതാവിനും ജനിച്ച ശ്രുതി ന്യുഡൽഹിയിലെ അമേരിക്കൻ കമ്പനികളിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശ്രുതിയുടെ വിജയത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ഒറ്റക്കെട്ടായി രംഗത്തിറക്കിയിട്ടുണ്ട്.