- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീതയായി ആലിയ ഭട്ട്; രാജമൗലിയുടെ പുതിയ ചിത്രം ആർ ആർ ആറിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; ചിത്രമൊരുങ്ങുന്നത് 450 കോടി മുതൽമുടക്കിൽ
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആറിൽ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക് പുറത്ത് വിട്ടു. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ജൂനിയർ എൻ.ടി.ആർ. കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ഒക്ടോബർ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആർ.ഒ ആതിര ദിൽജിത്.
2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. എന്നാൽ നിലവിലെ സാഹചര്യത്തിൽ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ൽ തന്നെ സിനിമ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.