ഡബ്ലിൻ: ഐറിഷ് മലയാളി മനസുകളിൽ സ്വതന്ത്ര ചിന്തയുടെ അഗ്‌നിഗോളങ്ങൾ വർഷിച്ചു പ്രശസ്ത ശാസ്ത്ര പ്രചാരകൻ രവിചന്ദ്രന്റെ പ്രഭാഷണവും സംവാദവും ഡബ്ലിൻ താല പ്ലാസാ ഹോട്ടലിൽ നടന്നു. മലയാളികൾക്ക് ഒരിക്കലും സാധ്യമാവില്ല എന്ന് കരുതിയ സമയനിഷ്ഠ കൃത്യതയോടെ പാലിച്ച , കൃത്യം 5 മണിക്ക് തന്നെ ആരംഭിച്ച, എസ്സെൻസ് അയർലൻഡ് ക്ലബ് ഒരുക്കിയ 'ജനനാനന്തര ജീവിതം' മെന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം അക്ഷരാർത്ഥത്തിൽ മാറ്റത്തിന്റെ മാറ്റൊലി തന്നെയായിരുന്നു.

സംഘർഷങ്ങളും പല വിധ ചിന്തകളും നിറഞ്ഞു നിൽക്കുന്ന ഈ സമൂഹത്തിൽ ഏത് ദിശയിലൂടെ പോകണം എന്ന് ആകുലപ്പെടുന്ന മനസുകൾക്ക് കൃത്യമായ വഴി തുറന്ന് കൊടുക്കുകയായിരുന്നു ഇന്നലെ രവിചന്ദ്രൻ ചെയ്തത്. ആചാരങ്ങളുടെ പൊള്ളത്തരങ്ങൾ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം വലിച്ചു കീറിയ അദ്ദേഹം, പരിണാമത്തെയും ശാസ്ത്രത്തെയും കുറിച്ച് വളരെ എളുപ്പത്തിൽ യുക്തിക്ക് നിരക്കുന്ന രീതിയിൽ തന്നെ വിഷയം അവതരിപ്പിച്ചു. മെയ് 25 - നു അയർലണ്ടിൽ നടന്ന ജനഹിതപരിശോധനയിൽ യെസ് പക്ഷം വിജയിച്ചുവെങ്കിലും അബോർഷന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം വളരെ വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി.

ഒരു മണിക്കൂർ നീണ്ട പ്രഭാഷണത്തിന് ശേഷം അദ്ദേഹം സദസ്സിൽ നിന്നും എഴുതി വാങ്ങിയ ചോദ്യങ്ങൾക്കു കൃത്യതയോടെ മറുപടി നൽകുകയുണ്ടായി.മൂന്ന് മണിക്കൂർ ഉദ്ദേശിച്ച പരിപാടി ഏതാണ്ട് നാലു മണിക്കൂർ നീണ്ടു നിന്നു.ഹാൾ തിങ്ങി നിറഞ്ഞ അന്തരീക്ഷത്തിൽ, തുടക്കം മുതൽ യുക്തിചിന്തയും സത്യാന്വേഷണവും ശാസ്ത്രീയതയുമാണ് നിറഞ്ഞു നിന്നത്. ഇടയ്ക്ക് നർമ്മത്തിലൂടെയുള്ള അദ്ദേഹത്തിന്റെ മറുപടികളും കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങളും ഒരു വേറിട്ട അനുഭവമായി മാറി.

എസ്സെൻസ് അയർലണ്ടിൽ ചേർന്ന് പ്രവർത്തിച്ചു സ്വതന്ത്ര ചിന്തയുടെയും മാനവികതയുടെയും ശാസ്ത്ര ബോധത്തിന്റെയും അറിവുകളും തിരിച്ചറിവുകളും ജനങ്ങളിലേയ്ക് എത്തിക്കാനും സ്വയം മനസിലാക്കാനും ആഗ്രഹമുള്ളവർ അനവധി പേർ ഇന്നലെ തന്നെ ക്ലബിൽ അംഗത്വം എടുത്തു.

ടോമി സെബാസ്റ്റ്യൻ സ്വാഗത്വം പറയുകയും , ഡോ. സുരേഷ് സി. പിള്ള സി. രവിചന്ദ്രനുള്ള ഉപഹാരം സമ്മാനിക്കുകയും, അശ്വതി ശ്രീകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ചോദ്യോത്തര വേളയുടെ മോഡറേറ്റർ സെബി സെബാസ്റ്റ്യൻ ആയിരുന്നുകൂടുതൽ വിവരങ്ങളും മറ്റും എസ്സെൻസ് അയർലൻഡ് ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്.