മഞ്ചേരി: ഇരുപത്തിനാലാമത് എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് നാളെ (ശനി) മഞ്ചേരിയിൽ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകും. സബ്ജുനിയർ, ജൂനിയർ, ഹൈസ്‌കൂൾ , ഹയർസെക്കണ്ടറി, സീനിയർ, കാമ്പസ്, ജനറൽ എന്നീ വിഭാഗങ്ങളിലായി 2000 പ്രതിഭകളാണ് 114 ഇനങ്ങളിൽ മത്സരിക്കുന്നത്. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ഡിവിഷൻ തലങ്ങളിൽ മത്സരിച്ച് പ്രതിഭാത്വം തെളിയിച്ചവരാണ് ജില്ലാ മത്സരത്തിനെത്തുക.

വിവിധ ഉപസമിതികൾ രൂപപ്പെടുത്തി സാഹിത്യോത്സവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് 301 അംഗ സ്വാഗതസംഘം കർമ്മരംഗത്തുണ്ട്. സാഹിത്യോത്സവിന്റെ ഭാഗമായി മഞ്ചേരി നഗരത്തിൽ പഴയകാലത്ത് ജീവിച്ച സൂഫിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാർ രചിച്ച തഅ്ജീലുൽ ഫുതൂഹിനെ ആസ്പദമാക്കി ചരിത്രവായന, മദ്റസ അദ്ധ്യാപകരുടെ സംഗമം മോറൽ ടീച്ചേഴ്സ് മീറ്റ്, മഞ്ചേരിയിലെ പ്രാസ്ഥാനിക കുടുംബത്തിലെ മുഴുവൻ നേതാക്കളുടെയും സംഗമം വിചാരം എന്നിവ നടന്നു.
ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി മഞ്ചേരിയിൽ 313 അംഗ ടീം സ്പാർക്കിനെ സമർപ്പിക്കും. നെറികേടുകൾക്കെതിരെ നിവർന്ന് നിന്ന് നേരിന്റെ പാതയിൽ വിപ്ലവം തീർക്കുന്നതിന് ടീം സ്പാർക്ക് മുന്നിട്ടിറങ്ങും. മൂന്ന് മാസക്കാലത്തെ വ്യത്യസ്ഥമായ പരിശീലനവും പഠനവും പൂർത്തിയാക്കിയവരാണ് ടീം സ്പാർക്ക് അംഗങ്ങൾ. ടീം സ്പാർക്കിന്റെ ത്രിൽ, വോയേജ്, സർഗ്ഗകാഹളം, ജ്വാല തുടങ്ങിയ പദ്ധതികൾ വിവിധ കേന്ദ്രങ്ങളിൽ പൂർത്തിയായി.

12 ന് രാവിലെ 9 മണിക്ക് ചുള്ളക്കാട് ഗവൺമെന്റ് യു പി സ്‌കൂൾ വെച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിങ്, ജലച്ചായം, കഥാരചന മത്സരങ്ങൾ മഴവിൽ ഫൽഷ് ആർട്ട് എന്ന പേരിൽ സംഘടിപ്പിക്കും. പ്രശസ്ത ചിത്രകാരൻ ജനു മഞ്ചേരി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കച്ചേരിപ്പടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച് ചുള്ളക്കാട് ഗവൺമെന്റ് യു പി സ്‌കൂൾ പരിസരത്ത് സമാപിക്കും. ഘോഷയാത്രയിൽ മഞ്ചേരിയിലെ പൗര പ്രമുഖർ, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖർ നേതൃത്വം നൽകും. വിവിധ കലാലയങ്ങളിൽ നിന്നുള്ള 101 മഴവിൽ സംഘങ്ങൾ, 313 അംഗ ടീം സ്പാർക്ക്, 11 മഴവിൽ ക്ലബ്ബ് ഗ്രൂപ്പുകൾ, 222 സ്വഫ് വ കേഡറ്റുകൾ, 22 മോറൽ ട്രൂപ്പുകൾ എന്നിവ സാംസ്‌കാരിക ഘോഷയാത്രയിൽ അണിനിരക്കും. വൈകുന്നേരം 6 മണിക്ക് പതാക ഉയർത്തൽ കർമ്മം സ്വാഗത സംഘം ചെയർമാൻ മഞ്ഞപ്പറ്റ ഹംസമുസ്ലിയാർ നിർവ്വഹിക്കും. 24 വർഷത്തെ ജില്ലാസാഹിത്യോത്സവുകളുടെ ഓർമ്മപുതുക്കി 24 കൊടിമരങ്ങൾ പഴയകാല നേതാക്കൾ ഉയർത്തും.

13 ന് രാവിലെ മഞ്ചേരി സോൺ പരിധിയിലെ മുഴുവൻ യൂണിറ്റുകളിലും പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തിൽ നിധിസഞ്ചാരം നടക്കും. വൈകുന്നേരം നാല് മണിക്ക് സ്പെഷ്യലിസ്റ്റ് സ്‌കോളോഴ്സ് മീറ്റ് സിൽവർകിച്ചൺ ഓഡിറ്റോറിയത്തിൽ നടക്കും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ നൂറുദ്ധീൻ റാസി, വി പി എം ഇസ്ഹാഖ് , ഡോ ശമീറലി, ഡോ മുസ്തഫ കുന്നത്താടി പ്രസംഗിക്കും. വർദ്ധിച്ച് വരുന്ന സാമൂഹിക അസമത്വങ്ങൾക്കെതിരെ ജാഗ്രത മനസ്സുരൂപപ്പെടുത്തുന്നതിന് ഫാമിലി മീറ്റുകൾ സംഘടിപ്പിക്കും.

ജില്ലാസാഹിത്യോത്സവിന്റെ ഉപഹാരമായി ചുള്ളക്കാട് ഗവൺമെന്റ് യു പി സ്‌കൂളിലെ നവീകരിച്ച ക്ലാസ് റൂമിന്റെ സമർപ്പണം 14 ന് രാവിലെ മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാൻ വിപി ഫിറോസ് നിർവ്വഹിക്കും. വൈകുന്നേരം ഏഴു മണിക്ക് നെല്ലിക്കുത്തിലെ മഹാരഥന്മാർ ധിഷണ സമരം ആക്ടിവിസം എന്നവിഷയത്തിൽ ചരിത്രസെമിനാർ നെല്ലിക്കുത്ത് ആലിമുസ്ലിയാർ സ്മാരകത്തിൽ നടക്കും. ഡോക്ടർ ഹുസൈൻ രണ്ടത്താണി, എൻ എം സ്വാദിഖ് സഖാഫി, ഡോ മുജീബുറഹ്മാൻ, ഡോ ഐ പി അബ്ദുറസാഖ്, ഹനീഫ നെല്ലിക്കുത്ത്, സികെ ശക്കീർ എന്നിവർ സംസാരിക്കും.

15 ന് രാവിലെ 7 മണിക്ക് സാഹിത്യോത്സവ് നഗരിയിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ടീം സ്പാർക്കിന്റെ നേതൃത്വത്തിൽ നടക്കും. പതാക ഉയർത്തൽ, സന്ദേശപ്രഭാഷണം, പ്രതിജ്ഞ, മധുരവിതരണം എന്നിവ നടക്കും. 16ന് വൈകുന്നേരം 4 മണിക്ക് നഗരിയിൽ ഐ പി ബി ബുക്ഫെയറിന് തുടക്കമാകും. ഐ പി ബി, റീഡ് പ്രസ്, ഡി സി, ഒലീവ്, കാപിറ്റൽ, ചിന്ത, മാതൃഭൂമി തുടങ്ങിയ പ്രസാധകരുടെ വിപുലമായ ബുക്ഫെയറാണ് നഗരിയിൽ ഒരുക്കുന്നത്. ബുക്ഫെയറിന്റെ ഉദ്ഘാടനം മുൻസിപ്പൽ വൈസ് ചെയർമാൻ വി പി ഫിറോസ് നിർവ്വഹിക്കും. വൈകുന്നേരം 7 മണിക്ക് നഗരിയിൽനടക്കുന്ന ടീം സ്പാർക്ക് സ്മ്പൂർണ്ണ സംഗമം എനർജിയ നടക്കും. എസ് വൈ എസ് ജില്ലാപ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, എസ് എസ് എഫ് ദേശീയ സെക്രട്ടറി കെ അബ്ദുൽ കലാം മാവൂർ സംസാരിക്കും. നഗര പരിധിയിലെ കുടുംബങ്ങൾക്കായി റൈഹാൻ രചനമത്സരം സംഘടിപ്പിക്കും. മികച്ചവക്ക് അവാർഡ് നൽകും.

17 ന് രാവിലെ 10മണിക്ക് 2017 ആസ്പയർ ഹെറിറ്റേജ് എക്സ്പോ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രദർശനത്തിൽ ശാസ്ത്രം, കൗതുകം, പ്രകൃതി, തൊഴിൽ, തുടങ്ങിയവയാണ് ക്രമീകരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് 100 ഗ്രാമങ്ങളിലെ മദ്രസകളിൽ നിന്നുള്ള നിധിയാരവം നഗരിയിലെത്തും. നിധിയാരവം സ്വാഗതസംഘം ഭാരവാഹികൾ സ്വീകരിക്കും.
വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തിൽ മഞ്ചേരിയിലെ വ്യാപാരികൾ, ഡ്രൈവർമാർ, നിയമപാലകർ, മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഒത്തു ചേരും. സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
18ന് വൈകുന്നേരം ഏഴുമണിക്ക് പ്രധാന വേദിയിൽ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമിയുടെ സ്നേഹപ്രഭാഷണം നടക്കും.

19, 20 തിയ്യതികളിൽ സാഹിത്യോത്സവ് കലാപരിപാടികൾ വേദികളിലാരംഭിക്കും. മത്സരപരിപാടികളുടെ ഉദ്ഘാടനം 19 ന് വൈകുന്നേരം 5 മണിക്ക് പ്രധാനവേദിയിൽ നടക്കും. രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഞായറാഴ്ച 4 മണിയോടെ സാഹിത്യോത്സവ് സമാപിക്കും. സാഹിത്യോത്സവിന് എത്തുന്നവർക്ക് വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്.