മലപ്പുറം: എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്കു ലഭിച്ച സർട്ടിഫിക്കറ്റിൽ സ്‌കൂളിന്റെ സീലിനു പകരം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സീൽ. മലപ്പുറം വാഴക്കാട് ചാലിയപ്രം ഹൈസ്‌കൂളിൽ നിന്നും എസ്എസ്എൽസി വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിലാണ് സീൽ മാറി പതിച്ചത്.

ഈ സ്‌കൂളിലെ അമ്പതോളം എസ് എസ് എൽ സി ബുക്കുകളിലാണ് സീൽ മാറി പതിപ്പിച്ചത്. എന്നാൽ ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. പ്രധാന അദ്ധ്യാപികക്ക് സംഭവിച്ച പിഴവാണിതെന്ന് വ്യക്തമായിട്ടുണ്ട്.

അതേസമയം സീൽ മാറിപ്പോയതിനാൽ ഈ ബുക്ക് ഉപയോഗിച്ച് തുടർ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാൻ സാധിക്കില്ലെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ.

സർട്ടിഫിക്കറ്റിന് സാധുത ഇല്ലാതാകുന്നത് വിദ്യാർത്ഥികളെ ബാധിക്കുമെന്നും സ്‌കൂൾ അധികൃതർ ഇടപെട്ട് മാറ്റിനൽകണമെന്ന ആവശ്യവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, 50 വിദ്യാർത്ഥികളിൽ 45 പേരുടെയും സർട്ടിഫിക്കറ്റ് മാറ്റി നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് സ്‌കൂൾ അധികൃതർ നൽകുന്ന സൂചന.

ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള ചെലവ് വഹിക്കാമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് വിദ്യാർത്ഥികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ അഞ്ചുപേർ എത്തിയിരുന്നില്ലെന്നും അവർ പറയുന്നു.