ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് നാളെ കൊടിയേറും. പത്ത് ദിവസം തിരുന്നാൾ നീണ്ടുനിൽക്കും. തിരുനാൾദിനങ്ങളിൽ ദിവ്യബലികൾക്കൊപ്പം ലദീഞ്ഞും നൊവേനയുമുണ്ട്. മാതൃഭക്തി വിളിച്ചോതുന്ന ജപമാല മെഴുകുതിരി പ്രദക്ഷിണം എല്ലാ ദിവസവുമുണ്ട്. ലക്ഷക്കണക്കിനു ഭക്തർ ജപമാല പ്രദക്ഷിണത്തിൽ കണ്ണികളാകും. സമർപ്പണം, കുമ്പസാരം, തൊട്ടിൽ, വിളക്ക്, സാരി നേർച്ചകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.

19നു രാവിലെ 10.45ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. തിരുനാൾ ദിനങ്ങളിൽ രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കും എട്ടരയ്ക്കും 11നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാന. 11ന് ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ ദിവ്യബലി. പ്രധാന തിരുനാൾ ദിനമൊഴികെ ദിവസവും വൈകിട്ട് ആറരയ്ക്ക് ജപമാല മെഴുകുതിരി പ്രദക്ഷിണം.

20ന് സുൽത്താൻപേട്ട് ബിഷപ്പ് ഡോ. എ. പീറ്റർ അബീർ, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ ദിവ്യബലി. 21ന് മാണ്ഡ്യ രൂപതാ ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, 22ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, 23ന് ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, 24ന് മാർ ജേക്കബ് തൂങ്കുഴി, 25ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, 26ന് ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. 27ന് രാവിലെ പതിനൊന്നരയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് ദിവ്യബലി അർപ്പിക്കും.

പ്രധാന തിരുനാൾദിനമായ 28ന് രാവിലെ അഞ്ച് മുതൽ വൈകിട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന. ഏഴിന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം ആശീർവ്വദിക്കും. തുടർന്ന് ഇടവക ദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, 11ന് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തിരുനാൾ റാസ അർപ്പിച്ച് സന്ദേശം നൽകും. 12ന് ജപമാല പ്രദക്ഷിണം.

പരിപാടികൾക്കു തീർത്ഥാടനകേന്ദ്രം റെക്ടർ ഡോ. ജോസഫ് തടത്തിൽ, ഫൊറോനാ വികാരി ഫാ. ജോസ് അഞ്ചേരിൽ, അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോർജ് പഴേപറമ്പിൽ, അസിസ്റ്റന്റ് റെക്ടർ ഫാ. ജോസഫ് മണിയഞ്ചിറ, സ്പിരിച്വൽ ഡയറക്ടർമാരായ ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. തോമസ് കളത്തിപ്പുല്ലാട്ട്, ഫൊറോന സഹ വികാരി ഫാ. ജോസഫ് കൊച്ചുമുറി നേതൃത്വം നൽകും.