മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ, ഇടവകമധ്യസ്ഥയായ വിശുദ്ധ അൽഫോൻ സാമ്മയുടെ തിരുനാൾ ഫെബ്രുവരി ഏഴിനു (ഞായർ) ആഘോഷിക്കുന്നു.

ക്യാംബെൽഫീൽഡിലെ സോമെർസെറ്റ് റോഡിലുള്ള കാൽദീയൻ ദേവാലയത്തിലാണു തിരുനാൾ. ഉച്ചകഴിഞ്ഞു മൂന്നിന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ കൊടിയേറ്റുകർമം നിർവഹിക്കുന്നതോടെ തിരുനാൾ അഘോഷങ്ങൾക്കു തുടക്കമാകും. 4.30നു നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ മെൽബൺ സീറോ മലബാർ രൂപത അധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. വികാരി ജനറാൾ മോൺ ഫ്രാൻസിസ് കോലഞ്ചേരി, വികാരി ഫാ. മാത്യു കൊച്ചുപുരക്കൽ എന്നിവർ സഹകാർമികരായിരിക്കും. തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണത്തിൽ മെൽബൺ ഉത്സവ് ക്ലബിന്റെ ചെണ്ടമേളവും മെൽബൺ ശ്രീലങ്കൻ കമ്യൂണിറ്റിയുടെ ബാൻഡ്‌സെറ്റും അകമ്പടി സേവിക്കും. സമാപന പ്രാർത്ഥനകൾക്കുശേഷം ഓസ്‌ട്രേലിയയിൽ 25 വർഷം പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും. സ്‌നേഹവിരുന്നോടെ തിരുനാൾ അഘോഷങ്ങൾ സമാപിക്കും.

തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ ജനുവരി 30 മുതൽ ആരംഭിച്ചു. 44 പ്രസുദേന്തിമാരാണ് ഈ വർഷം തിരുനാൾ എറ്റെടുത്തു നടത്തുന്നത്. കത്തീഡ്രൽ സമൂഹം ഇടവകയായി ഉയർത്തപ്പെട്ടതിനുശേഷം നടക്കുന്ന ആദ്യത്തെ തിരുനാൾ തിരുക്കർമങ്ങൾക്ക് കത്തീഡ്രൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കൽ, ട്രസ്റ്റിമാരായ ജയ്‌സ്റ്റൊ ജോസഫ്, ടിജോ ജോസഫ്, തിരുനാൾ കൺവീനർ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ തിരുനാൾ അഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അറിയിച്ചു.