ഷിക്കാഗോ: ബൽവുഡ് സീറോ മലബാർ കത്തീഡ്രലിൽ അത്ഭുതപ്രവർത്തകനായ പാദുവായിലെ വി. അന്തോണീസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

 21-നു ഞായറാഴ്ച രാവിലെ 11 മണിക്ക് കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. അസി. വികാരി ഫാ. റോയ് മൂലേച്ചാലിൽ, രൂപതാ പ്രൊക്യുറേറ്റർ  ഫാ. പോൾ ചാലിശേരി, ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ലദീഞ്ഞിനും, വി. അന്തോണീസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനുശേഷം നേർച്ച -കാഴ്ച സമർപ്പണത്തോടെ തിരുനാൾ സമാപിച്ചു. തിരുനാൾ പ്രസുദേന്തിമാരുടെ നേതൃത്വത്തിൽ സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.



വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഭിവന്ദ്യ തിരുമേനിക്കും തിരുനാൾ ഏറ്റെടുത്ത് നടത്തിയവർക്കും വിശ്വാസി സമൂഹത്തിനും പ്രത്യേകം നന്ദി പറഞ്ഞു. കത്തീഡ്രൽ ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു.