സാൻഅന്റോണിയോ: മലങ്കര ഓർത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെട്ട സാൻ അന്റോണിയോ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിലെ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പുതുതായി പണികഴിപ്പിച്ച കുരിശടി കൂദാശയും, മലങ്കര സഭയുടെ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും മെയ് 1,2 (ശനി, ഞായർ) തീയതികളിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും, വൈദീകരുടെ സഹകാർമികത്വത്തിലും അനേകം വിശ്വാസികളെ സാക്ഷി നിർത്തി പ്രാർത്ഥനാപൂർവ്വം ഭക്തിനിർഭരമായി നടത്തപ്പെട്ടു.

മെയ് രണ്ടാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെ ദേവാലയ കവാടത്തിൽ എത്തിയ അഭി. തിരുമേനിയെ കത്തിച്ച മെഴുകുതിരികൾ പിടിച്ച് വൈദീകരും, വിശ്വാസികളും ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ഏതാണ്ട് വൈകുന്നേരം 5.30-ന് പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പുതുതായി പണികഴിപ്പിച്ച കുരിശടി ശ്ശീബാ ഉയർത്തി നാലു ദിക്കുകളേയും ആശീർവദിച്ച് അഭി. തിരുമേനി നടത്തുകയുണ്ടായി. സന്ധ്യാനമസ്‌കാരത്തോടുകൂടി ആരംഭിച്ച തിരുശേഷിപ്പ് പ്രതിഷ്ഠയിലും, വർണ്ണശബളമായ പെരുന്നാൾ റാസയിലും അനേകം വിശ്വാസികൾ കൊടി, മുത്തുക്കുട എന്നിവയേന്തിക്കൊണ്ട് പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിച്ചു.

പ്രധാന പെരുന്നാൾ ദിനമായ മെയ് മൂന്നാം തീയതി അഭി. തിരുമേനിയുടെ മുഖ്യകാർമികത്വത്തിലും വൈദീകരുടെ സഹകാർമികത്വത്തിലും ബലിയർപ്പിക്കുകയും, അഭി. തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. തദവസരത്തിൽ ആത്മീയ സംഘടനകളുടെ വാർഷികവും സമ്മാനദാനവും നടത്തപ്പെട്ടു. ഉച്ചയ്ക്ക് നടന്ന പെരുന്നാൾ റാസയിലും തുടർന്ന് നടന്ന ശ്ശൈഹീക വാഴ്‌വിലും, വച്ചൂട്ട് നേർച്ചയിലും ധാരാളം ഭക്തജനങ്ങൾ പങ്കുചേർന്ന് വി. ഗീവർഗീസ് സഹദായുടെ മധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ പ്രാപിച്ചു.