- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുഗ്രഹമാരിക്ക് നന്ദിയായ് വിശുദ്ധ യൂദാശ്ശീഹായ്ക്കൊരു ചാപ്പൽ സോമർസെറ്റിൽ
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ യൂദാശ്ശീഹായുടെ തിരുശേഷിപ്പ് വണക്കത്തിലൂടെയും, പ്രാർത്ഥനയിലൂടെയും നിരവധിയായ അനുഗ്രഹങ്ങൾ ലഭിച്ച കുടുംബങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് സെന്റ് ജൂഡ്' തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദ
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധ യൂദാശ്ശീഹായുടെ തിരുശേഷിപ്പ് വണക്കത്തിലൂടെയും, പ്രാർത്ഥനയിലൂടെയും നിരവധിയായ അനുഗ്രഹങ്ങൾ ലഭിച്ച കുടുംബങ്ങളുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓഫ് സെന്റ് ജൂഡ്' തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ അനുഗ്രഹങ്ങൾക്ക് നന്ദിയായും, അതു പ്രഘോഷിക്കാനുമായി വിശുദ്ധ യൂദാശ്ശീഹായുടെ നാമത്തിൽ പുതിയൊരു ചാപ്പൽ നിർമ്മിക്കാനൊരുങ്ങുന്നു.
ന്യൂജേഴ്‌സിയിലെ സോമർസെറ്റിൽ പണിപൂർത്തിയായി വരുന്ന പുതിയ ദേവാലയത്തോട് ചേർന്നാണ് പ്രസ്തുത ചാപ്പൽ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2013 ഒക്‌ടോബർ പതിനേഴാം തീയതിയാണ് വിശുദ്ധ യൂദാശ്ശീഹായുടെ തിരുശേഷിപ്പ് പ്രതിഷ്ഠാചടങ്ങുകൾ ദേവാലയത്തിൽ നടന്നത്. ഓസ്ട്രിയയിലെ വിയന്നയിൽ നിന്ന് ഫാ. എബി പുതുമനയുടെ നേതൃത്വത്തിൽ വിയന്ന ആർച്ച് ബിഷപ്പ് ക്രിസ്സ് സ്റ്റോഫ് ഷോൺബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമർസെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തിൽ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ് ഫൊറോനാ വികാരി ഫാ. തോമസ് കടുകപ്പിള്ളിയും, ഇടവക സമൂഹവും ചേർന്ന് ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് അങ്ങാടിയത്ത് പരസ്യവണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
വിശുദ്ധ യൂദാശ്ശീഹായുടെ തിരുശരീരത്തിലെ അസ്ഥിയുടെ ഭാഗമാണ് ദേവാലയത്തിൽ ലഭിച്ചിരിക്കുന്ന ഫസ്റ്റ് ക്ലാസ് വിഭാഗത്തിലെ തിരുശേഷിപ്പ്. അമേരിക്കയിൽ തന്നെ ഒന്നോ, രണ്ടോ ദേവാലയങ്ങളിൽ മാത്രമാണ് ഈ വിഭാഗത്തിലെ തിരുശേഷിപ്പ് ലഭിച്ചതായി കാണുന്നത്. നാളിതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങൾ വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുകയും, പ്രത്യേക പ്രാർത്ഥനകളിലൂടെ അനേകർക്ക് രോഗശാന്തിയും മറ്റ് പ്രത്യേക അനുഗ്രഹങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നതായി ഭക്തർ തന്നെ അറിയിക്കുന്നതായി വികാരി ഫാ. തോമസ് കടുകപ്പിള്ളി സാക്ഷ്യപ്പെടുത്തുന്നു.
തങ്ങൾക്ക് വിശുദ്ധനിലൂടെ ദൈവത്തിൽ നിന്നു ലഭിച്ച നിരവധിയായ അനുഗ്രങ്ങൾക്ക് നന്ദിയർപ്പിക്കാനും, വിശുദ്ധന്റെ ഈ അനുഗ്രഹത്തെ പ്രഘോഷിക്കാനും, വിവിധ പ്രദേശങ്ങളിൽ നിന്നും ദേവാലയത്തിൽ എത്തുന്നവർക്ക് തിരുശേഷിപ്പ് വണങ്ങുന്നതിനും പ്രാർത്ഥിക്കുന്നതിനുമായി കൂടുതൽ സൗകര്യം ഉണ്ടാകണമെന്നുള്ള ചിന്തയിൽ നിന്നാണ് പുതിയ ചാപ്പൽ എന്ന ചിന്ത ഉരുത്തിരിഞ്ഞതെന്ന് 'ഫ്രണ്ട്‌സ് ഓഫ് സെന്റ് ജൂഡ്' പ്രവർത്തകർ പറഞ്ഞു. തങ്ങളുടെ ഈ തീരുമാനം ബഹുമാനപ്പെട്ട വികാരിയച്ചനെ അറിയിക്കുകയും, ദേവാലയ കമ്മിറ്റിയിൽ ഈ ആഗ്രഹം തീരുമാനമാക്കി മാറ്റുകയുമാണുണ്ടായത്.
ഇടവകയിലെ ധാരാളം കുടുംബങ്ങളും മറ്റു പ്രദേശങ്ങളിൽ നിന്നുള്ള വിശുദ്ധന്റെ ഭക്തരും, ചാപ്പൽ നിർമ്മാണം എത്രയും പെട്ടെന്ന് നടത്തുന്നതിനുള്ള സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. ചാപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനായി അലക്‌സ് ഗ്രിസ്പിന്റെ നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത വെബ്‌സൈറ്റും നിലവിൽ വന്നു. പുതിയ ദേവാലയത്തിന്റെ കൂദാശകൾ ജൂലൈ 11-ന് നടക്കുമ്പോൾ, ചാപ്പൽ നിർമ്മാണവും ധൃതഗതിയിൽ നടത്തുന്നതിനു വിശുദ്ധ യൂദാശ്ശീഹായുടെ ഭക്തരിൽ നിന്ന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് 'ഫ്രണ്ട്‌സ് ഓഫ് സെന്റ് ജൂഡ്' പ്രത്യാശ പ്രകടിപ്പിച്ചു. ചാപ്പൽ നിർമ്മാണത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി മുഖ്യ സംഘാടകരായ ജോജോ ചിറയിൽ, ജയിംസ് പുതുമന എന്നിവർ അറിയിച്ചു.
ചാപ്പൽ നിർമ്മാണത്തിനു സഹകരിക്കാനാഗ്രിക്കുന്നവർ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ജോജോ ചിറയിൽ (212 810 1093), ജയിംസ് പുതുമന (732 216 4783), തോമസ് ചെറിയാൻ പടവിൽ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായിൽ (ട്രസ്റ്റി) 646 326 3708, മിനേഷ് ജോസഫ് (ട്രസ്റ്റി) 201 978 9828, മേരിദാസൻ തോമസ് (ട്രസ്റ്റി) 201 912 6451. വെബ്: stjudeshrinenj.org