കാസ്ട്രിയസ്: മലയാളികളെ ദുഃഖത്തിലാഴ്‌ത്തിയ കാലവർഷ കെടുതിയിൽ യാതന അനുഭവിക്കുന്ന നമ്മുടെ നാടിനായി ഒരുക്കിയ കുക്ക് ഫോർ കേരള ക്യാമ്പയിന് കരീബിയൻ ദ്വീപിലും വൻ സ്വീകാര്യത. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങുമായി 'കുക്ക് ഫോർ കേരള'. റാവിസ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ലോകമെമ്പാടുള്ള മലയാളി ഷെഫുകൾ ക്യാമ്പയിൻ നടത്തുന്നത്. കരീബിയൻ ദ്വീപായ സെന്റ ലൂസിയയിൽ നടന്ന ഒരു തനത് പരിപാടിക്ക് ഇടയിലാണ് കുക്ക് ഫോർ കേരള അരങ്ങേറിയത്. സെന്റ് ലൂസിയ പ്രൈം മിനിസ്റ്റർ അലൻ ഷാസ്‌നെറ്റാണ് പരിപാടി നടത്തിക്കുന്നതിനായി നേരിട്ട് എത്തിയത്.

സെന്റ് ലൂസിയയിൽ നടത്തിയ ഈ പരിപാടിയിൽ നിന്നും 2000 ഡോളറോളമാണ് സമാഹരിച്ചത്. എട്ടോളം മലയാളികൾ മാത്രം ചേർന്നാണ് ഈ ബാർബിക്യൂ ഡിന്നർ സംഘടിപ്പിച്ചത്. ലോക കേരള സഭ സ്റ്റാൻഡിങ് ക്മ്മിറ്റി ചെയർമാൻ സിബി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ പരിപാടി ദ്വീപിൽ നടത്തിയത്. ഒരു ലഞ്ച് സമയത്ത് മാത്രമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതും അതിൽ നിന്നും പ്രധാനമന്ത്രി ഉൾപ്പടെ പങ്കെടുപ്പിച്ച് 2000 ഡോളർ ശേഖരിച്ചത്.

ജോലി ചെയ്യുന്ന റസ്റ്റോറന്റിലോ കമ്മ്യൂണിറ്റിയിലോ ഫുഡ് ഫെസ്റ്റിവൽ, തീം ഡിന്നർ, ഓണ സദ്യ എന്നിവ നടത്തി അതിൽ നിന്നു കിട്ടുന്ന ലാഭം കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. 'കുക്ക് ഫോർ കേരള' എന്ന ക്യാംപയിന് പിന്തുണ അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.ഇതിന് മുൻപ് സിറിയയിൽ യുദ്ധത്തിൽ അനാഥരാക്കപ്പെട്ട കുട്ടികൾക്കു 'കുക്ക് ഫോർ സിറിയ'എന്ന പേരിൽ യൂറോപ്പു മുഴുവനായി ക്യാംപയിൻ സംഘടിപ്പിച്ചിരുന്നു.

സിറിയക്ക് വേണ്ടി യൂറോപ്പിൽ വിജയിച്ച മാതൃകയാണ് സുരേഷ് ഇവിടെ പരീക്ഷിക്കുന്നത്. ആഭ്യന്തര കലാപം പൊട്ടിപുറപ്പെട്ട സിറിയക്ക് വേണ്ടി കുക്ക് ഫോർ സിറിയ എന്ന ക്യാമ്പയിനുകൾ യൂറോപ്പ്യൻ രാജ്യങ്ങളിൽ വ്യാപകമായിരുന്നു. ഇംഗ്ലണ്ടിലെ ഹോപ്പേഴ്സിലായിരുന്നു അന്ന് സുരേഷ് ജോലി ചെയ്തിരുന്നത്.

ബിബിസിയുടെ മാസ്റ്റർ ഷെഫ് ഷോയിൽ പങ്കെടുത്തയാളാണ് സുരേഷ്.വീടുകളിലും റസ്റ്ററന്റുകളിലും അത്താഴത്തിന് സ്‌നേഹിതരെ ക്ഷണിച്ചാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സമാഹരിക്കുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം അവർക്കായി ഒരുക്കി നൽകും. ക്ഷണം സ്വീകരിച്ചെത്തുന്നവരിൽ നിന്ന് ലഭിക്കുന്ന പണം ദുരിതബാധിതർക്കായി ചെലവഴിക്കും. യൂറോപ്പിലും അമേരിക്കയിലും ഇത്തരം അത്താഴ വിരുന്നുകൾ സാധാരണമാണ്. ക്ഷണം സ്വീകരിച്ചെത്തുന്നവർ ആദ്യം ചെറിയ ഗ്രൂപ്പായിരിക്കും. പിന്നീട് അത് വളർന്ന് ഒരു കാമ്ബയിനായി പരിവർത്തനം ചെയ്യും.

സുരേഷിന്റെ 'കുക്ക് ഫോർ കേരള' എന്ന ആശയത്തിന് നവമാധ്യമങ്ങളിൽ നല്ല പ്രചാരം ലഭിച്ചുകഴിഞ്ഞു. മുംബൈ, ലണ്ടൻ, ജർമനി, സിഡ്‌നി, മൊറോക്കോ, പോർച്ചുഗൽ എന്നിവിടങ്ങളിലെ വൻകിട റസ്റ്ററന്റുകളും ഷെഫുകളും കേരളത്തെ സഹായിക്കാൻ വേണ്ടിയുള്ള ഈ കാമ്ബയിൻ ഏറ്റെടുത്തുകഴിഞ്ഞു. ചിലർ ഡിന്നറിന്റെ തീയതി പ്രഖ്യാപിച്ചിട്ടുണ്ട്. 'മറ്റ് കൂട്ടായ്മകളെപ്പോലെയല്ല, ഭക്ഷണം കൊണ്ട് ഒരുമിക്കുന്നവരുടെ ബന്ധങ്ങൾ കുറച്ചുകൂടി സുദൃഢമായിരിക്കും' സുരേഷ് പറയുന്നു. റാവിസ് ഹോട്ടലിലെ കോർപ്പറേറ്റ് ഷെഫായ സുരേഷ് പിള്ള കൊല്ലം തെക്കുംഭാഗം സ്വദേശിയാണ്. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും പ്രമുഖ ഹോട്ടലുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.