കൊളോൺ: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ മുപ്പത്തിയഞ്ചാമത്തെ തിരുനാളിനും കൂട്ടായ്മ ദിനത്തിനും നാളെ (ശനി) വൈകുന്നേരം അഞ്ചു മണിക്ക് തുടക്കം കുറിക്കും. ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം പ്രസുദേന്തി ജോസ് മറ്റത്തിൽ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻപ്രസുദേന്തിമാരുടെ അകമ്പടിയിൽ ആഘോഷമായ പ്രദക്ഷിണത്തോടുകൂടി കൊടിയേറ്റം നടത്തും. കൊളോൺ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് (Regentenstrasse 4, 51063, Koeln) ആഘോഷ പരിപാടികൾ നടക്കുന്നത്.

14 നാണ് (ഞായർ) തിരുനാളിന്റെ മുഖ്യപരിപാടികൾ.രാവിലെ പത്തു മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം(ഡീക്കൻ ഹാൻസ് ഗേർഡ് ഗ്രേവൽഡിംങ്) പ്രസുദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളമ്പ്, ഉച്ചഭക്ഷണം, ലോട്ടറി നറുക്കെടുപ്പ് എന്നിവയ്ക്കു പുറമെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിക്കുന്ന വൈവിധ്യങ്ങളായ കലാപരിപാടികൾക്കൊപ്പം സമാപന സമ്മേളനവും നടക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിമുപ്പതോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.

ജർമനിയിലെ കൊളോൺ, എസ്സൻ, ആഹൻ എന്നീ രൂപതകളിലെ ഇന്ത്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കൊളോൺ കർദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ പ്രവർത്തനം 1969 ലാണ് ആരംഭിച്ചത്. ഏതാണ്ട് എഴുനൂറ്റിയൻപതിലേറെ കുടുംബങ്ങൾ കമ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ ചാപ്‌ളെയിനായി ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. കഴിഞ്ഞ പതിനാലു വർഷമായി സേവനം അനുഷ്ടിക്കുന്നു.

കണ്ണൂർ, പേരാവൂർ സ്വദേശി ജോസ് മറ്റത്തിൽ ആണ് നടപ്പുവർഷത്തെ പ്രസുദേന്തി. വിവരങ്ങൾക്ക് : ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കൺവീനർ) 0221 5904183, ജോസ് മറ്റത്തിൽ (പ്രസുദേന്തി) 02173 420915.