സിംഗപ്പൂർ: സെന്റ് മേരീസ്  യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആണ്ടുതോറും നടത്തിവരാറുള്ളദൈവമാതാവിന്റെ നാമത്തിലുള്ള എട്ടുനോമ്പു പെരുന്നാൾ  30 മുതൽ സെപ്റ്റംബർ ആറു വരെ ആചരിക്കുന്നു. ചിട്ടയായുള്ള ഉപവാസത്തോടും മനം നൊന്തുള്ള  യാചനകളോടും കൂടെ പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ടു പ്രാർത്ഥിച്ചാൽ  ഫലം നിശ്ചയം എന്നുള്ള വിശ്വാസമാണ് എല്ലാ വർഷവും എട്ടു നോമ്പ് പെരുന്നാളിന്  സിംഗപ്പൂർ യാക്കോബായ കത്തീഡ്രലിൽ വിശ്വാസികൾ തടിച്ചു കൂടാൻ കാരണം. 2008-ൽ സ്ഥാപിതമായ ഇടവക ഇന്നു ഒരു മഹാ ഇടവക ആയിത്തീരുകയും സമീപ രാജ്യങ്ങളിൽ പ്രവർത്തനം ശക്തമാക്കുകയും ചെയ്തു വരുന്നു.

നാളെ വൈകിട്ട് കുർബാനയ്ക്ക് ശേഷം നടക്കുന്ന കൊടി കയറ്റോടെ ഈ വർഷത്തെ പെരുന്നാൾ ആരംഭിക്കും. തുടർന്ന്  മാതാവിനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ധ്യാന യോഗവും ഉണ്ടായിരിക്കും. മാർ തോമ പള്ളി വികാരി ഫാ.ഷിബു പി വർഗീസ് അനുഗ്രഹപ്രഭാഷണം നടത്തും.

ഒന്നിന് ആബൂൻ മോർ ബസേലിയോസ് പൗലോസ് ദിതീയൻ ബാവയുടെ പ്രത്യേക ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നു. ഒന്നു മുതൽ ആറു വരെ വൈകുന്നേരം സന്ധ്യാപ്രാർത്ഥനയും വി.കുർബാനയും ധ്യാനയോഗങ്ങളും  വുഡ് ലാണ്ട്‌സ് കത്തീഡ്രലിൽ  വച്ച് നടത്തും.  31ന് സിഎസ്‌ഐ സഭയിലെ ഫാ.ജേക്കബ് ജോൺസൺ, അഞ്ചിന് കത്തോലിക്ക സഭയിലെ ഫാ സലിം ജോസഫ് എന്നിവർ സന്ദേശം നൽകും. എല്ലാ ദിവസവും വിശ്വാസികൾക്കായി നേർച്ച നൽകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.

പെരുന്നാൾ ദിവസമായ ആറിന് വൈകുന്നേരം ഇടവക മെത്രാപ്പൊലീത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ മൂന്നിന്മേൽ കുർബാനയും ശേഷം പ്രദിക്ഷിണവും ഉണ്ടായിരിക്കും. ശേഷം ഭക്ത ജനങ്ങൾക്കായി മുൻ വർഷങ്ങളിലേതു പോലെ നേർച്ചയും സ്‌നേഹവിരുന്നും പള്ളിയങ്കണത്തിൽ വച്ച് നൽകും.

പെരുന്നാൾ കൺവീനർ ആയി ഏലിയാസ് കുര്യാക്കോസിനെ  മാനേജിങ് കമ്മറ്റി തിരഞ്ഞെടുത്തു. എല്ലാവരും നേർച്ച കാഴ്‌ച്ചകളോടെ പെരുന്നാളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ വികാരി ഫാ ഗ്രിഗറി ആർ കൊള്ളന്നൂർ  അറിയിച്ചു. പെരുന്നാൾ നോട്ടീസ് പള്ളി ഓഫീസിൽ ക്രമീകരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 6581891415