കോട്ടയം:സ്വകാര്യത വ്യക്തിയുടെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത് കഴിഞ്ഞ മാസമാണ്. വൃക്തികളുടെ സ്വകാര്യതയിൽ കൈകടത്തരുതെന്ന കോടതി വിധി മറ്റൊരുതരത്തിൽ നടപ്പാക്കിയിരിക്കുകയാണ് കോട്ടയം അതിരമ്പുഴയിലെ സെന്റ് മേരീസ് ഫോറാനാ പള്ളി.കുമ്പസാര രഹസ്യം ഇരുചെവി അറിയുമെന്ന വിശ്വാസികളുടെ ഭയത്തിന് പരിഹാരം കണ്ടിരിക്കുകയാണ് പള്ളി അധികൃതർ. ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ സെന്റ് മേരീസിന്റെ ചാപ്പലിൽ ഇനി കുമ്പസാര രഹസ്യങ്ങൾ മൂന്നാമതൊരാൾ അറിയുമെന്ന ഭയം വേണ്ട.

ശീതീകരിച്ച ചാപ്പലിൽ മൂന്ന് സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടുകളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.വൈദികനും, വിശ്വാസിയും തമ്മിലുള്ള സ്വകാര്യ സംവാദം മാത്രമായിരിക്കും ഇനി കുമ്പസാരം. ചാപ്പലും, കുമ്പസാരക്കൂടുകളും ഇന്നലെ ചങ്ങനാശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു.ആരോഗ്യപ്രശ്‌നങ്ങൾ മൂലം മുട്ടുകുത്തി നിൽക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി കുമ്പസാരക്കൂട്ടിൽ കസേര ഒരുക്കിയിട്ടുണ്ട്. എസി ചാപ്പലാണെങ്കിലും, അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഫാനുമുണ്ട്.

മൂന്നാമതൊരാൾ കുമ്പസാര രഹസ്യം അറിയരുതെന്നും,തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള വിശ്വാസികളുടെ താൽപര്യം കണക്കിലെടുത്താണ് സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടുകൾ തയ്യാറാക്കിയതെന്ന് പള്ളി വികാരി ഫാ.സിറിയക് കോട്ടയിൽ പറഞ്ഞു. ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോൾ, അത് വിശ്വാസികളുടെ ആത്മവിശ്വാസം ഉയർത്തും.റോമിൽ പത്തുവർഷത്തോളം സേവനമനുഷ്ഠിച്ച തന്റെ സുഹൃത്ത് ഫാ.ജേക്കബ് കുറോത്ത് ആണ് ഇന്ത്യയിലെ ആദ്യത്തെ സൗണ്ട പ്രൂഫ് കുമ്പസാരക്കൂടെന്ന ആശയം നൽകിയതെന്നും ഫാ.സിറിയക് കോട്ടയിൽ വ്യക്തമാക്കി.

ഇറക്കുമതി ചെയ്ത തേക്ക് തടി ഉപയോഗിച്ചാണ് കുമ്പസാരക്കൂടിന്റെ നിർമ്മാണം. ചങ്ങനാശേരി സ്വദേശിയായ വിദ്ഗ്ധ ആശാരി സിബിച്ചൻ പോട്ടുകുളം ഒരുമാസമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്.പള്ളി അധികൃതരുടെ പുതിയ സംവിധാനത്തെ വിശ്വാസികളെല്ലാം പൊതുവെ സ്വാഗതം ചെയ്യുകയാണ്. കുമ്പസാരക്കൂടുകളുടെ എണ്ണം മൂന്നിൽ നിന്ന് ഉയർത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. ഈസ്റ്റർ, ക്രിസ്മസ് വേളകളിൽ തിരക്കേറുമ്പോൾ ഇത് ഉപകാരപ്രദമാകും.

കോട്ടയം ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സെന്റ് മേരീസ് ഫൊറാനാ പള്ളിക്ക് കീഴിൽ 2500 ഓളം കുടുംബങ്ങളിലായി പതിനായിരത്തിലേറെ വിശ്വാസികളുണ്ട്.കുമ്പസാര രഹസ്യം വൈദികർ പുറത്ത് പറയരുതെന്നാണ് സഭാ നിയമം. വൈദികനെക്കൂടാതെ കുമ്പസാരക്കൂടിനടുത്ത് നിൽക്കുന്നയാളും കുമ്പസാരക്കൂട്ടിലെ സംസാരം കേട്ടേക്കാം എന്നാൽ അത് പുറത്ത് പറയരുതെന്ന് സഭ അനുശാസിക്കുന്നുണ്ട്.

എ.ഡി 337ൽ സ്ഥാപിതമായ കുറവിലങ്ങാട് പള്ളിയുടെ കുരിശുപള്ളിയായാണു അതിരമ്പുഴ പള്ളി സ്ഥാപിതമാകുന്നത്. യാതൊരുവിധ യാത്രാ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് അതിരമ്പുഴമാടപ്പാട് ഭാഗക്കാർക്ക് ആദ്ധ്യാത്മികാവിശ്യങ്ങൾക്ക് പതിനഞ്ച് കിലോമീറ്ററോളം യാത്രചെയ്ത് കുറവിലങ്ങാട് പള്ളിയിൽ എത്തണമായിരുന്നു. ഈ സാഹചര്യത്തിലാണു എ.ഡി 835ൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ അതിരമ്പുഴയിൽ പള്ളി സ്ഥാപിതമാകുന്നത്.