- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പള്ളിയുടെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടപ്പോൾ ആരാണ് അകത്തെന്ന് ഏറ്റുമാനൂർ സിഐ; അകത്ത് വൈദികൻ തനിച്ച് കുർബാന അർപ്പിക്കുകയാണെന്ന് ദേവാലയ ശുശ്രൂഷി; പള്ളിയിൽ ചടങ്ങൊന്നും പാടില്ലെന്ന് അറിയില്ലേ...സ്റ്റേഷനിൽ വന്നുകാണാൻ ഉത്തരവ്; അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഒറ്റയ്ക്ക് പ്രാർത്ഥിച്ചാലും പ്രോട്ടോക്കോൾ ലംഘനമോ?
കോട്ടയം: കോവിഡ് മാനദണ്ഡം ലംഘിക്കാതെ തനിച്ചു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനോടു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട ഏറ്റുമാനൂർ പൊലീസിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസികളെ ആരെയും പങ്കെടുപ്പിക്കാതെ ഒറ്റയ്ക്കു വിശുദ്ധ കുർബാന അർപ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇന്നു രാവിലെ പള്ളിയിൽ സന്ദർശനം നടത്തിയ ഏറ്റുമാനൂർ സിഐ പള്ളിയുടെ വാതിൽ തുറന്നു കിടക്കുന്നതുകണ്ട് ദേവാലയ ശുശ്രൂഷിയോടു കാര്യം തിരക്കി. പള്ളിയിൽ വൈദികൻ തനിച്ചു കുർബാന അർപ്പിക്കുകയാണെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. എന്നാൽ, പള്ളിയിൽ ചടങ്ങുകളൊന്നും പാടില്ലെന്ന് അറിയില്ലേ, എന്നു ചോദിച്ച ഉദ്യോഗസ്ഥൻ വൈദികൻ സ്റ്റേഷനിൽ ഹാജരാകണമെന്നു നിർദ്ദേശിക്കുകയായിരിന്നു.
പള്ളി അധികൃതർ ഉന്നത പൊലീസ് അധികാരികളുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് ഏറ്റുമാനൂർ പൊലീസ് നടപടിയിൽനിന്നു പിന്തിരിഞ്ഞത്. തികച്ചും നിയമാനുസൃതമായി കുർബാനയർപ്പിച്ച വൈദികനെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച നടപടി മതസ്വാതന്ത്ര്യത്തിനെതിരേയുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിക്കു രേഖാമൂലം പരാതി നൽകാനാണ് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതരുടെ തീരുമാനം.
പൊലീസിന്റെ നടപടി തികഞ്ഞ അധികാര ദുർവിനയോഗമാണെന്നു സംഭവത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ പറഞ്ഞു. സംഭവത്തിൽ എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സിപിഎം നേതാവ് വി.എൻ.വാസവൻ, കോൺഗ്രസ് നേതാവ് ടോമി കല്ലാനി, കേരള കോൺഗ്രസ് ഹൈ പവർ കമ്മിറ്റി അംഗം പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥന്റെ നടപടി കൃത്യവിലോപവും, വിശ്വാസത്തെയും വിശ്വാസികളുടെ വികാരങ്ങളെയും വ്രണപ്പെടുത്തുന്നതും ആണെന്നും ഇത്തരം പ്രവണതകൾ ഒരിക്കലും അംഗീകരിക്കാൻ ആവുന്നതല്ലെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ