ഹ്യൂസ്റ്റൻ: ഇന്ത്യൻ കാത്തോലിക്ക മതവിശ്വാസികൾക്ക് അനുഗ്രമായി പുതിയ ദേവലായം വരുന്നു.അമേരിക്കയിലെ സെന്റ് തോമസ് സീറൊമലബാർ കത്തോലിക്കാ രൂപതയിൽ പെട്ട ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ് സീറൊ മലബാർ കത്തോലിക്കാ ഫൊറാന ദേവാലയത്തിന്റെ കീഴിലാണ് പെയർലാന്റിലെ പുതിയ ദേവാലയം. സെന്റ് മേരീസ് സീറൊ മലബാർ കത്തോലിക്കാ ദേവാലയം എന്നാണ് പെയർലാന്റിലെ പുതിയ പള്ളിക്ക് നാമകരണം ചെയ്തിരിക്കുന്നത്.

പുതിയ പള്ളിയുടെ ഗ്രൗണ്ട് ബ്രേക്കിംഗും തറക്കല്ലിടലിനും അനുബന്ധമായ തിരുകർമ്മങ്ങൾ വിശുദ്ധ കുർബ്ബാനയോടെ സെന്റ് ജോസഫ് സീറൊ മലബാർ ഫൊറാന പള്ളിയിൽ തുടക്കമായി. ചിക്കാഗൊ സീറൊമലബാർ കത്തോലിക്കാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത്, മിസൗറി സിറ്റിയിലെ സെന്റ് ജോസഫ്‌സ് ചർച്ചിലെ സഹവികാരി ഫാദർ വിൽസൻ ആന്റണി എന്നിവർ വിശുദ്ധ കർമ്മങ്ങൾക്ക് കാർമ്മികരായി പ്രവർത്തിച്ചു. തുടർന്ന് പെയർലാന്റിലെ നിശ്ചിതമായ പുതിയ ചർച്ച് ലൊക്കേഷനിൽ രൂപതാധ്യക്ഷൻ മാർജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തിൽ ദേവാലയ നിർമ്മാണത്തിന്റെ ആരംഭം കുറിച്ചു കൊണ്ടുള്ള തിരുകർമ്മങ്ങളും ആശീർവാദങ്ങളും നടത്തി.

പെയർലാന്റിലെ സെന്റ് മേരീസ് ഇടവകയിൽ നിന്നും അതുപോലെ മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് ഇടവകയിൽ നിന്നുമുള്ള അംഗങ്ങളും വിശ്വാസികളും സജീവമായി പുതിയ ദേവാലയ കല്ലിടൽ കർമ്മങ്ങളിൽ പങ്കെടുത്തു. പുതിയ പള്ളിയിലെ പാരിഷ് കൗൺസിൽ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

പെയർലാന്റ് സിറ്റി മേയർ ടോം റീഡ്, ഇൻഡിപെൻഡന്റ് ബാങ്ക് സിഇഒ ജഫ് സ്മിത്ത്, ടെക്ക് പ്രൊ കൺസ്ട്രക്ഷൻ ഒഫീഷ്യൽസ്, ട്രിയാഡ് കൺസ്ട്രക്ഷൻ ഒഫീഷ്യൽസ്, സിസ്റ്റേർസ് ഓഫ് സെന്റ് ഫ്രാൻസിസ് കബ്രീനി ചർച്ച് തുടങ്ങിയവർ ഗ്രൗണ്ട് ബ്രേക്കിങ്, കല്ലിടൽ ചടങ്ങുകളിൽ ആദ്യന്തം പങ്കെടുത്തു.

ഫാദർ വിൽസൺ ആന്റണി മുഖ്യാതിഥികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു പ്രസംഗിച്ചു. രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. പെയർലാന്റ് സിറ്റി മേയർ ടോം റീഡ് പുതിയ ദേവാലയത്തെയും ദേവാലയ അംഗങ്ങളെയും സഹർഷം പെയർലാന്റിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ സഹായസഹകരണളും വാഗ്ദാനം ചെയ്തുകൊണ്ടും പ്രസംഗിച്ചു.

പള്ളിയുടെ ട്രസ്റ്റി ജേക്കബ് തോമസ് സന്നിഹിതരായവർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു. പാരീഷ് കൗൺസിൽ അംഗങ്ങളും ചർച്ച് ബിൽഡിങ് കമ്മറ്റി അംഗങ്ങളും പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളിൽ നിന്ന് കുടിയേറിയ ധാരാളം കുടുംബങ്ങൾ ഈ പുതിയ ദേവാലയത്തിന്റെ സമീപ പ്രദേശങ്ങളിൽ അധിവസിക്കുന്നു. ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ പെയർലാന്റ്, ക്ലിയർലേക്ക്, പാസഡീന തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യൻ കാത്തോലിക്കാ മതവിശ്വാസികൾക്ക് ഒരനുഗ്രഹമാണ് ഈ പുതിയ ഇടവകയും ദേവാലയവും. താൽക്കാലികമായി സെന്റ് ജോസഫ്‌സ് ചർച്ചിലെ വികാരി അച്ചനാണ് പെയർലാന്റിലെ പുതിയ ഇടവകയുടെയും ചാർജ്ജ് വഹിക്കുന്നത്.