മാഞ്ചസ്റ്റർ: പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ആചരിച്ച മാഞ്ചസ്റ്റർ മലങ്കര ചാപ്ലെയിൻസി തിരുനാൾ ദൈവാനുഗ്രഹത്തിന്റെ ധന്യനിമിഷങ്ങളായി. പരമ്പരാഗത ശൈലിയിൽ ആചരിച്ച തിരുനാൾ മലയാളി സമൂഹത്തിനും ഇംഗ്ലീഷ് സമൂഹത്തിനും നവ്യാനുഭവമായി.

ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർക്ക് ഡേവിസിന്റേയും ബത്തേരി രൂപതാധ്യക്ഷൻ ബിഷപ് ജോസഫ് മാർ തോമസിന്റെയും നിരവധി വൈദികരുടെയും സാന്നിധ്യം തിരുനാളിന് ആത്മീയ ഉണർവു പകർന്നു.

ജപമാല പ്രാർത്ഥനയോടെ പ്രധാന തിരുനാൾ തിരുക്കർമങ്ങൾക്കു തുടക്കം കുറിച്ചു. തുടർന്ന് പൂക്കുടകൾ ഏന്തിയ ബാലികമാരുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പിതാക്കന്മാരെയും വൈദികരേയും ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയ കവാടത്തിൽ മലങ്കര കത്തോലിക്ക ഷ്രൂസ്ബറി രൂപത ചാപ്ലെയിൻ ഫാ. തോമസ് മടുക്കംമൂട്ടിൽ കത്തിച്ച മെഴുകുതിരി നൽകി പിതാക്കന്മാരെ സ്വീകരിച്ചു. തുടർന്നു നടന്ന വിശുദ്ധ കുർബാനക്ക് ബത്തേര രൂപത ബിഷപ് ജോസഫ് മാർ തോമസ് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് മാർക്ക് ഡേവിസ് തിരുനാൾ സന്ദേശം നൽകി. പാരമ്പര്യങ്ങൾ കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകുന്നതിനും പരിശുദ്ധ ദൈവമാതാവിന്റെ മാതൃക അനുസരിച്ച് ജീവിക്കുന്നതിനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

ഷ്രൂസ്ബറി രൂപത വികാരി ജനറാൾ ഫാ. മൈക്കിൾ ഘാനൻ, മലങ്കര സഭ യുകെ കോ-ഓർഡിനേറ്റർ ഫാ. ഡാനിയേൽ കുളങ്ങര, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. മൈക്കിൾ മുറേ, ഫാ. ലോനപ്പൻ അരങ്ങാശേരി (സീറോ മലബാർ ചാപ്ലെയിൻ-ഷ്രൂസ്ബറി രൂപത), ഫാ. സജി മലയിൽ പുത്തൻപുര (ക്‌നാനായ ചാപ്ലെയിൻ - ഷ്രൂസ്ബറി രൂപത), ഫാ. മാത്യു ചൂരപൊയ്ക (സീറോ മലബാർ ചാപ്ലെയിൻ - ലങ്കഷെയർ രൂപത), ഫാ. ഏബ്രഹാം പതാക്കൽ (സീറോ മലങ്കര ചാപ്ലെയിൻ - ഡബ്ലിൻ രൂപത), ഫാ. തോമസ് തൈക്കൂട്ടത്തിൽ (സാൽഫോർഡ് രൂപത സീറോ മലബാർ ചാപ്ലെയിൻ), ഫാ. ജിനോ (സീറോ മലബാർ ചാപ്ലെയിൻ - ലിവർപൂൾ), ഫാ. റോബിൻസൺ, ഫാ. തോമസ് മടുക്കംമൂട്ടിൽ എന്നിവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി പങ്കെടുത്തു.

തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ പിതാക്കന്മാരേയും രൂപത വികാരി ജനറാൾ ഫാ. മൈക്കിൾ ഘാനൻ, വികാരി ഫാ. മൈക്കിൾ മുറേ എന്നിവരേയും പൊന്നാട അണിയിച്ച് ആദരിച്ചു. രാജു ചെറിയാനും ശുശീല ജേക്കബും പിതാക്കന്മാർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ എംസിവൈഎം കർമ പദ്ധതി (മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ്) ബിഷപ് മാർക്ക് ഡേവിസ് ഉദ്ഘാടനം ചെയ്തു.

തുടർന്നു മാതാവിന്റെ തിരുസ്വരൂപവം വഹിച്ചു നടന്ന തിരുനാൾ റാസയ്ക്ക് ഫാ. ഏബ്രഹാം പതാക്കൽ കാർമികത്വം വഹിച്ചു.

സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന തിരുനാളിനു രാജു ചെറിയാൻ (കൺവീനർ), ജോബി വർഗീസ് (ട്രസ്റ്റി), എബി തോമസ്, ശുശീല ജേക്കബ്, ജോർജ് (സെക്രട്ടറി), റെജി മടത്തിലേടത്ത്, ജോബി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.