- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളി അക്കൗണ്ടിൽ നിന്ന് പണം അടിച്ചുമാറ്റിയ കേസിൽ വികാരിയും പ്രതി; കേസിൽ വഴിത്തിരിവായത് വികാരി ഒപ്പിടാതെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ലെന്ന വാദം; കോൺഗ്രസ് നേതാവും പ്രതിയായ പുല്ലുവഴി സെന്റ് തോമസ് പള്ളി ക്രമക്കേട് കേസിൽ രാഷ്ട്രീയ പകയും
പെരുമ്പാവൂർ: പുല്ലുവഴി സെന്റ് തോമസ് പള്ളിയിലെ സാമ്പത്തിക ക്രമക്കേടിൽ വഴിത്തിരിവ്. പള്ളി വികാരി ആയിരുന്ന ജോസ് പാറപ്പുറം,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി ജെയ്സൻ, കൈക്കാരൻ നങ്ങേലിമാലിൽ പീറ്റർ എന്നിവർക്കെതിരെ കോടതി നിർദ്ദേശപ്രകാരം കുറുപ്പംപടി പൊലീസ് കേസെടുത്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഇവർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
സാമ്പത്തിക ക്രമക്കേട് പുറത്തുവന്ന അവസരത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷിജോ വർഗ്ഗീസും പള്ളി ട്രസ്റ്റിയായിരുന്നു. സാമ്പത്തിക ക്രമക്കേടിൽ ഷിജോ വർഗ്ഗീസിനെ കുടുക്കാൻ ഇപ്പോൾ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള കെ.വി ജെയ്സന്റെ നേതൃത്വത്തിൽ ഒരു സംഘം ചരടുവലികൾ നടത്തിയിരുന്നെന്ന് ആരോപണവുമുയർന്നിരുന്നു. ഇതിനുപിന്നാലെ ഷിജോയെ അനുകൂലിച്ചിരുന്നവർ നിയമനടപടിക്ക് തയ്യാറാവുകയായിരുന്നു. വികാരിയും പള്ളി കമ്മറ്റിയംഗങ്ങളും കേസിൽ പ്രതിസ്ഥാനത്തായതോടെ ക്രമക്കേടിന്റെ ഗൗരവം വർദ്ധിച്ചു.
പള്ളിയിലെ ഇടവകക്കാരനും പള്ളി പണിയാൻ സ്ഥലം നൽകിയ നടാംകുഴി കുടുംബാംഗവുമായ സാജു മത്തായി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. പള്ളി വികാരി ഒപ്പ് ഇടാതെ പള്ളി അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കില്ല എന്നിരിക്കെ കൈക്കാരന്മാരിൽ ഒരാൾക്കെതിരെ മാത്രം ആരോപണം ഉയർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് ഇടവകക്കാർക്കിടയിൽ ചർച്ചയായിരുന്നു.
സാമ്പത്തിക ക്രമക്കേട് വിഷയത്തിൽ ഷിജോ വർഗ്ഗീസിനെ പാർട്ടി നേതൃത്വം പുറത്താക്കിയിരുന്നു. പള്ളിയുടെ ലെറ്റർപാഡ് ദുരുപയോഗം ചെയ്ത് വികാരിയുടെ ഒത്താശയോടെ ഒരുകൂട്ടർ പാർട്ടിനേൃത്വത്തിന് കത്തയച്ചെന്നും ഇതെത്തുടർന്നാണ് ഷിജോയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതെന്നുമാണ് ഷിജോയെ അനുകൂലിച്ചിരുന്നവരുടെ പ്രചാരണം.
പള്ളിക്ക് നഷ്ടപ്പെട്ട പണത്തെകുറിച്ച് അന്വേഷണം നടത്താനോ അത് കണ്ടെത്താനോ ശ്രമിക്കാതെ ഷിജോയ്ക്കെതിരെ എതിർചേരി ആസുത്രിത നീക്കം നടത്തിയതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നെന്നാണ് ഇടവകക്കാരിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഗ്രൂപ്പിന് അതീതമായി നിന്ന് മത്സരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായതിന്റെ പേരിൽ പാർട്ടിയിലുണ്ടായ പടലപ്പിണക്കങ്ങളാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമെന്ന് വാദിക്കുന്നവരും ഇവർക്കിടയിലുണ്ട്.
മറ്റൊരു കൈക്കാരനായ പീറ്ററിന്റെ സഹോദരീപുത്രനെ തന്നെ അന്വേഷണ കമ്മറ്റിയുടെ ചെയർമാൻ ആക്കിയതും ആസൂത്രിതമായിരുന്നു എന്നും പരാതിയുണ്ട്.അന്വേഷണം ചിലരെ സംരക്ഷിക്കാനും മറ്റ് ചിലരെ കുടുക്കാനും ഉള്ള ശ്രമമാണെന്നാരോപിച്ച് കമ്മറ്റിയിൽ നിന്നും രണ്ട് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി നേരത്തെ രാജിവെച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.