ലോസ്ആഞ്ചലസ്: കാലിഫോർണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാൾ  28 മുതൽ ജൂലൈ 5 വരെ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

ജൂൺ 28 ഞായറാഴ്ച രാവിലെ 10 മണിക്കുള്ള ദിവ്യബലിക്കുശേഷം ഇടവക വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് എല്ലാദിവസവും വിവിധ വാർഡുകളുടെ നേതൃത്വത്തിൽ വൈകുന്നേരം 7.30-നു കുർബാനയും നൊവേനയും ഉണ്ടായിരിക്കും.

ദുക്‌റാന തിരുനാൾ ദിനമായ മൂന്നാംതീയതി വെള്ളിയാഴ്ച വൈകിട്ട് 7.30-നു ദിവ്യബലിയും നൊവേനയും രാത്രി 12 മണി വരെ നൈറ്റ് വിജിലും ഉണ്ട്.

പ്രധാന തിരുനാൾ ദിനമായ ജൂലൈ നാലിനു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് എട്ട് വൈദീകർ ചേർന്നുള്ള സമൂഹബലിയും തുടർന്ന് വിശുദ്ധരുടെ രൂപങ്ങൾ വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും നടക്കും.  വൈകിട്ട് 8.30 നു സാൻതോം തീയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാലാമത് നൃത്ത സാമൂഹ്യനാടകം 'വേർപാടിന്റെ നൊമ്പരങ്ങൾ' അരങ്ങേറും. ജോസുകുട്ടി പാമ്പാടി കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു. ഇടവകയിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് അവതരിപ്പിക്കുന്ന വിവിധ നൃത്ത കലാപരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മോടിയേകും.

ജൂലൈ 5-ന് ഞായറാഴ്ച രാവിലെ 10-ന് ആഘോഷമായ സമൂഹബലിയോടെ കൊടിയിറക്കും. തിരുനാൾ ദിവസങ്ങളിൽ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഫാ. കുര്യാക്കോസ് വടാന, ഫാ. സിജു മുടക്കോടിൽ, ഫാ. മാർട്ടിൻ വരിക്കാനിക്കൽ, ഫാ. സോണി ജോസഫ് എസ്.വി.ഡി, ഫാ. ജോസഫ് കെന്നഡി, ഫാ. ആഞ്ചലോസ് സെബാസ്റ്റ്യൻ എന്നീ വൈദീകർ തിരുനാൾ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.  ഇടവകയിലെ സെന്റ് സേവ്യേഴ്‌സ്, ഹോളി ഫാമിലി എന്നീ വാർഡുകൾ സംയുക്തമായി തിരുനാൾ ഏറ്റെടുത്ത് നടത്തുന്നു.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് വി. തോമാശ്ശീഹായുടെ മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഫൊറോനാ വികാരി ഫാ. ഇമ്മാനുവേൽ മടുക്കക്കുഴിയും,  കൈക്കാരന്മാരായ ബിജു ആലുംമൂട്ടിൽ, ബൈജു വിതയത്തിൽ എന്നിവർ സ്‌നേഹാദരവോടെ ക്ഷണിക്കുന്നു. ജോർജുകുട്ടി പുല്ലാപ്പള്ളിൽ അറിയിച്ചതാണിത്.