- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ ഫയലിലും ഉള്ളത് ജീവിതം! മുഖ്യമന്ത്രിയുടെ പഴയ ആഹ്വാനം ഏറ്റു പിടിച്ച് പൊതുമരാമത്ത് മന്ത്രി; ജൂലൈ മൂന്നിന് പിഡബ്ല്യൂഡിയിൽ പ്രവർത്തി ദിനം; ദുക്രാന തിരുന്നാൾ ദിനത്തിൽ എല്ലാവരും ഓഫീസിൽ എത്തണമെന്ന ഉത്തരവ് വിവാദത്തിൽ; പ്രതിഷേധവുമായി ക്രൈസ്തവ ജീവനക്കാർ; സെന്റ് തോമസ് ഡേ റിയാസിന് പുലിവാലാകുമോ?
കോട്ടയം: സെന്റ് തോമസ് ഡേയായി (ദുക്രാന തിരുനാൾ) വരുന്ന ഞായറാഴ്ച ജോലിക്ക് ഹാജരാകണമെന്ന പൊതുമരാമത്ത് വകുപ്പിലെ ഉത്തരവ് വിവാദത്തിൽ. വകുപ്പിലെ ഭരണവിഭാഗം ചീഫ് എഞ്ചിനീയർ ജൂൺ 29-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ക്രൈസ്തവ വിഭാഗം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ദുക്രാന തിരുനാളിൽ ജോലിക്ക് ഹാജരാകാൻ സർക്കാർ ഉത്തരവിറക്കിയത് ക്രൈസ്തവ വിഭാഗത്തിനിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടി പ്രകാരം വകുപ്പിലെ ഫയലുകളും തപാലുകളും തീർപ്പാക്കുന്നതിന് വേണ്ടി ജൂലൈ മൂന്നിന് ജോലിക്ക് ഹാജരാകാനാണ് പൊതുമരാമത്ത് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. മറ്റൊരു വകുപ്പിലും ഈ നിർദ്ദേശമില്ല. എല്ലാ ജീവനക്കാരും നിർബന്ധമായി വരണമെന്ന തരത്തിലാണ് ഉത്തരവ്. ദുക്രാന തിരുനാളിന് ഓഫീസിൽ ജോലി ചെയ്യാൻ വിളിച്ചത് ക്രൈസ്തവ വിഭാഗങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളിൽ ഇത് ചർച്ചയാക്കുകയാണ് അവർ.
വകുപ്പിലെ ക്രൈസ്തവ ജീവനക്കാരിൽ പലരും മേലധികാരികളെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ സ്ഥാപകനും യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളുമായ തോമാശ്ലീഹായുടെ ഓർമ്മത്തിരുന്നാളാണ് ദുക്റാന. ദുക്രാനയോട് അനുബന്ധിച്ച് പള്ളികളിൽ നാളെ പ്രത്യേക പ്രാർത്ഥനകളും വിശുദ്ധബലിയും നടക്കും.
ദുക്‌റാന തിരുനാൾ പഴമക്കാർക്ക് തോറാന പെരുന്നാളാണ് .തോറാനയ്ക്ക് ആറാനകൾ ഒഴുകുന്നാണ് പഴമക്കാർ പറയുന്നത്, അതായിരുന്നു പണ്ടത്തെ മഴക്കാലം. ദുക്രാന തിരുനാൾ പരമ്പരാഗതമായി ജൂലൈ 3 നാണ് ആചരിക്കുന്നത്. ഈ ദിവസമാണ് പൊതുമരാമത്ത് വകുപ്പ് ജോലിക്ക് ചെല്ലാൻ നിർദ്ദേശിക്കുന്നത്. . ഞായറാഴ്ചകളിൽ അല്ലാത്ത ദിവസവും ഇത് വരാറുണ്ട്. അന്നെല്ലാം ഓഫീസുകൾ പ്രവർത്തിക്കാറുമുണ്ട്.
ഈ സാഹചര്യത്തിലാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പിൽ ജോലിക്കെത്താൻ ജീവനക്കാർക്കെല്ലാം നിർദ്ദേശം നൽകിയത്. അതുകൊണ്ട് തന്നെ തീരുമാനം പിൻവലിക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട് എന്നാണ് സൂചന. വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിൽ ഇത് പക്ഷേ വലിയ ചർച്ചയാണ്. ദീപികാ പത്രവും ഇത് പ്രാധാന്യത്തോടെ വാർത്തയാക്കിയിട്ടുണ്ട്. ഈ മാസം നാലിന് ഒരു ഉത്തരവ് ഇറങ്ങിയിരുന്നു. ഫയൽ തീർപ്പാക്കലുമായി ബന്ധപ്പെട്ടായിരുന്നു അത്.
കോവിഡ് സാഹചര്യം സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചുവെന്ന് സർക്കാർ വിലയിരുത്തുന്നു. വീഴ്ചകൾ കണ്ടെത്തിയെന്നും അതുകൊണ്ട് ഫയൽ തീർപ്പാക്കാൻ ജൂൺ 15 മുതൽ സെപ്റ്റംബർ 30വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടി നടത്തുമെന്നുമായിരുന്നു സർക്കാർ ഉത്തരവ്. ഇതിന്റെ ഭാഗമായാണ് ജൂലൈ മൂന്നിന് പൊതുമരാമത്ത് വകുപ്പിൽ എല്ലാവരോടും ജോലിക്കെത്താൻ നിർദ്ദേശിച്ചത്.
മറുനാടന് മലയാളി ബ്യൂറോ