ന്യൂകാസിൽ: സെന്റ് തോമസ് സിറോ മലബാർ കാത്തലിക് പള്ളിയുടെ ആഭിമുഖ്യത്തിൽ ഇത്തവണത്തെ ദുക്‌റാന തിരുനാൾ പൂർവാധികം ഭംഗിയായി നടത്താൻ തീരുമാനിച്ചതായി സിറോ മലബാർ ചാപ്ലിൻ ഫാ . സജി തോട്ടത്തിൽ അറിയിച്ചു. ജൂലൈ 4 വൈകിട്ട് ഫെനം സെന്റ് റോബർട്‌സ് പള്ളിയിൽ നടക്കുന്ന കൊടിയേറ്റോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്.

ഞായർ ഉച്ചയ്ക്ക് പ്രസുദേന്തി വാഴ്ച നടക്കും .തുടർന്ന് റവ. ഫാ .ബിജു ആലഞ്ചേരി യുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ റാസ നടക്കും , ഫാ . റോജി നരിതൂക്കിൽ , ഫാ. ജ്യോതിഷ് പുറവക്കാട്ട് , ഫാ.സജി തോട്ടത്തിൽ എന്നിവർ സഹ കാർമ്മികർ ആയിരിക്കും. തുടർന്ന് വിശുദ്ധ തോമസ്ലീഹയുടെയും വിശുദ്ധ ചാവറ അച്ചന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരു സ്വരൂപങ്ങളും വഹിച്ചുകൊണ്ട് മുത്തുക്കുടകളുടെയും കൊടിതോരണങ്ങളുടെയും അകമ്പടിയോടെയുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം, തുടർന്ന് നേർച്ച വിളമ്പ് എന്നിവയും നടക്കും.

വൈകിട്ട് ആറിന് വാൾ ബോട്ടിൽ സ്‌ക്കൂൾ ക്യാംപസിൽ നടക്കുന്ന സാംസ്കാരിക സന്ധ്യ ന്യൂകാസിൽ ബിഷപ് ഷീ മസ് കന്നിങ് ഹാം ഉദ്ഘാടനം ചെയ്യും , പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യയിൽ വിവിധ മത്സരങ്ങളിൽ

സമ്മാനർഹാരായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും , തുടർന്ന് പ്രശസ്ത സിനിമ പിന്നണി ഗായകൻ കെ ജി മാർക്കോസ് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.