കൊൽക്കത്ത: ബിക്കിനി ധരിച്ച ചിത്രം അദ്ധ്യാപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് തന്റെ മകൻ കണ്ടെന്ന രക്ഷിതാവിന്റെ പരാതിയിൽ അസിസ്റ്റന്റ് പ്രഫസറെ സർവകലാശാലയിൽ നിന്നും പുറത്താക്കി. കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് സർവകലാശാലയിലാണ് സംഭവം. അദ്ധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ തന്റെ മകൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നാണ് ഒരു വിദ്യാർത്ഥിയുടെ പിതാവ് പരാതി നൽകിയത്. തുടർന്ന് സർവകലാശാല നടപടിയെടുക്കുകയായിരുന്നു.

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്ന് തന്നോടു ജോലി രാജിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടതായി അദ്ധ്യാപിക ആരോപിച്ചു. എന്നാൽ അദ്ധ്യാപികയുടെ ആരോപണങ്ങൾ നിഷേധിച്ച സർവകലാശാല അധികൃതർ അവർ സ്വമേധയാ രാജിവെച്ചതാണെന്നാണ് വിശദീകരിച്ചത്.

സർവകലാശാലയിലെ ഒരു ബിരുദ വിദ്യാർത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയെ തുടർന്ന് അധികൃതർ വിളിച്ചുവരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടതായി അദ്ധ്യാപികയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ഇൻസ്റ്റാഗ്രാം പോസ്റ്റ് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി 99 കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ സർവകലാശാല ആവശ്യപ്പെട്ടതായും അവർ ആരോപിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രം സംബന്ധിച്ച് ബി.കെ.മുഖർജി എന്നയാളാണ് അദ്ധ്യാപികയ്‌ക്കെതിരെ പരാതി നൽകിയത്. 'അടുത്തിടെ, എന്റെ മകൻ അവന്റെ കോളജിലെ വനിതാ അസിസ്റ്റന്റ് പ്രഫസറുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നോക്കിയിരിക്കുന്നതു കാണാനിടയായി. പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാനായി ലൈംഗിക പ്രദർശനം ലക്ഷ്യമിട്ടുള്ള ചിത്രങ്ങളായിരുന്നു അതെല്ലാം. ഉൾവസ്ത്രങ്ങൾ മാത്രമിട്ട് ഒരു അദ്ധ്യാപിക ചിത്രമെടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതും രക്ഷിതാവ് എന്ന നിലയിൽ എനിക്കു വളരെയേറെ നാണക്കേടുണ്ടാക്കി.

പൊതുമര്യാദയില്ലാതെയും പ്രദർശനവസ്തുവായും സ്ത്രീശരീരത്തെ ദൃശ്യവൽക്കരിച്ചതു കാണാതിരിക്കാൻ ഞാൻ മകനെ തടഞ്ഞു. ആ ചിത്രങ്ങൾ അശ്ലീലവും അസഭ്യവും 18 വയസ്സുകാരനായ വിദ്യാർത്ഥിക്കു യോജിക്കാത്തതുമാണ്. വളരെ കുറച്ചു വസ്ത്രത്തിൽ ശരീരം സ്വയം പ്രദർശിപ്പിക്കുന്ന അവന്റെ അദ്ധ്യാപികയെ കാണുകയെന്നതു ശരിയായ കാര്യമാണോ?' പരാതിയിൽ പിതാവ് ചൂണ്ടിക്കാട്ടി.

18 വയസ്സുള്ള ഒരു വിദ്യാർത്ഥി തന്റെ പ്രൊഫസർ അല്പ വസ്ത്രം ധരിച്ച് ഒരു പൊതു വേദിയിൽ അവളുടെ ശരീരം പ്രദർശിപ്പിക്കുന്നത് കാണുന്നത് അശ്ലീലവും അനുചിതവുമാണെന്നും ബി.കെ. മുഖർജി നൽകിയ പരാതിയിൽ പറഞ്ഞു. പരാതിക്കു പിന്നാലെ ചർച്ചയ്ക്കു വിളിപ്പിച്ച ശേഷം അധികൃതർ രാജി ആവശ്യപ്പെട്ടുവെന്നാണ് അദ്ധ്യാപിക ആരോപിക്കുന്നത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചില ചിത്രങ്ങളും പരാതിക്കൊപ്പം അധികൃതർ കാണിച്ചു. സർവകലാശാലയുടെ സൽപ്പേരിനു കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചു. സംഭവത്തിനുശേഷം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അദ്ധ്യാപിക പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.