ദുബായ്: ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ മറ്റൊരു കമ്പനിയിലും പാർട്ട് ടൈം ജോലിയിൽ ഏർപ്പെടാമെന്ന് മിനിസ്ട്രി ഓഫ് ലേബർ. നിലവിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് മറ്റൊരു കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യുക എന്നത് പിഴ ശിക്ഷയ്ക്ക് അർഹമായ കുറ്റമാണെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും എന്നാൽ ചില നിബന്ധനകൾ പാലിക്കുന്ന അവസരത്തിൽ മറ്റൊരു എംപ്ലോയറുടെ കീഴിൽ ജോലി ചെയ്യാൻ സാധ്യമാണെന്നാണ് യുഎഇ ലേബർ നിയമം അനുശാസിക്കുന്നത്. 2010 മുതലാണ് ഫുൾ ടൈം ജോലിയുള്ള ഒരു വ്യക്തിക്ക് മറ്റൊരു എംപ്ലോയറുടെ കീഴിൽ പാർട്ട് ടൈം ജോലി സാധ്യമാകുന്ന തരത്തിൽ നിയമനിർമ്മാണം നടന്നിട്ടുള്ളത്.

പാർട്ട് ടൈം വർക്ക് പെർമിറ്റ് ഒരു വർഷത്തേക്കായിരിക്കും ഇഷ്യൂ ചെയ്യപ്പെടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം പാർട്ട് ടൈം ജോലിക്കുന്ന വർക്ക് പെർമിറ്റ് സ്വദേശികൾ, ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ, വിദേശ തൊഴിലാളികൾ എന്നിവർക്കെല്ലാം ലഭ്യമാണ്. എട്ടു മണിക്കൂറിൽ കുറവോ നിലവിലുള്ള ജോലിയുടെ അത്രയും തന്നെ സമയദൈർഘ്യമോ മാത്രമേ ഇത്തരം പാർട്ട് ടൈം ജോലിക്കു പറ്റുകയുള്ളൂ. തൊഴിലാളിക്ക് ഇത്തരത്തിൽ പാർട്ട് ടൈം ജോലിക്ക് അനുമതി നൽകുന്ന കാര്യം (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) അതാത് എംപ്ലോയറിനെ അനുസരിച്ചിരിക്കും.

തങ്ങളുടെ സ്‌പോൺസറിൽ നിന്ന് എൻഒസി സർട്ടിഫിക്കറ്റ് ലഭ്യമായാൽ ഫാമിലി സ്‌പോൺസർഷിപ്പിലുള്ള അപേക്ഷകർക്കും വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ പാർട്ട് ടൈം ജോലിയിൽ ഏർപ്പെടാം. എന്നാൽ ഇത്തരത്തിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നത് പതിനെട്ടിനും 65നും മധ്യേ പ്രായമുള്ളവർക്കു മാത്രമായിരിക്കും. പാർട്ട്‌ടൈം വർക്ക് പെർമിറ്റിനുള്ള ഫീസ് മൊത്തം 600 ദിർഹമായിരിക്കും. ഇതിൽ അപേക്ഷാ ഫീസ് 100 ദിർഹവും അപ്രൂവൽ ഫീ 500 ദിർഹവുമാണ്.