കാസർകോട് : കോവിഡ് കാലത്ത് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ അസൗകര്യങ്ങളും അതുപോലെ വർദ്ധിക്കുകയാണ്. എല്ലാ രോഗികൾക്കും വേണ്ടത്ര കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കാനുള്ള ശേഷി സർക്കാർ മേഖലയിൽ ഇല്ല എന്ന ന്യായമായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ സർക്കാരിന് 'ഓസി'ന് കിട്ടിയ സൗകര്യങ്ങൾ പോലും ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ.

ആദ്യ കോവിഡ് വ്യാപനത്തിന്റെ സമയത്ത് ടാറ്റയുടെ നേതൃത്വത്തിൽ 60 കോടി രൂപ ചെലവിട്ട് കാസർകോട്ട് നിർമ്മിച്ചു നൽകിയ ആശുപത്രിയിൽ നിയമനം പൂർത്തിയാക്കാൻ പോലും സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ 191 പുതിയ തസ്തികകൾ സൃഷ്ടിച്ച് 6 മാസം കഴിഞ്ഞിട്ടും പകുതിയോളം ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. താൽക്കാലിക ജീവനക്കാരുമായാണ് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത്. റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിരുന്നിട്ടും ഒഴിവുകൾ നികത്താൻ സർക്കാർ തയ്യാറായിട്ടില്ല. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ ആരോഗ്യമേഖലയിൽ മനുഷ്യരെന്ന പരിഗണന പോലും ഇല്ലാതെയാണ് നിലവിലെ ജീവനക്കാരെ കൊണ്ട് അധികഡ്യൂട്ടി ചെയ്യിക്കുന്നതെന്ന ആക്ഷേപവും നിലവിലുണ്ട്.

ഗുരുതരാവസ്ഥയിലുള്ള ബി, സി, കാറ്റഗറിയിലുള്ള 130 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കൂടുതൽ ബെഡുകൾ ക്രമീകരിക്കുന്ന ജോലി ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയായി കൂടുതൽ രോഗികൾ ഇവിടേക്ക് എത്തിയാൽ ഇത്രയം ജീവനക്കാരെ വച്ച് എന്തുചെയ്യുമെന്നറിയാതെ നിൽക്കുകയാണ് ആശുപത്രി അധികൃതർ.

സൂപ്രണ്ട്, ആർഎംഒ, ജൂനിയർ മെഡിക്കൽ കൺസൽറ്റന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, അസി.സർജൻ ഉൾപ്പെടെ 40 പേരുടെ ഒഴിവുള്ളതിൽ നിയമനം നടന്നത് 14 ഡോക്ടർമാരുടെ മാത്രം. നിലവിലുള്ള ഡോക്ടർമാർ അവധി പോലും എടുക്കാതെ പണിയെടുത്താണ് ഈ കുറവ് നികത്തുന്നത്. മറ്റ് ആശുപത്രികളിൽ നിന്ന് 3 ഡോക്ടർമാരെയും താൽക്കാലികമായി ഇവിടേക്കു മാറ്റിയിട്ടുണ്ട്.

നഴ്‌സുമാരുടെ കുറവും ഏറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. 30 വീതം ഗ്രേഡ് 1, ഗ്രേഡ് 2 നഴ്‌സുമാരുടെ തസ്തികയാണുള്ളത്. ഇതിൽ ഗ്രേഡ് 1 നഴ്‌സുമാർ ഒരാൾ പോലുമില്ല. ഇവരുടെ പ്രമോഷൻ നടക്കാത്തതാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നു. ബാക്കി ജീവനക്കാരുടെയും നിയമനം പൂർണമായിട്ടില്ലെങ്കിലും മറ്റു ആശുപത്രികളിലുള്ളവരെ താൽക്കാലികമായി ഇവിടേക്ക് മാറ്റി കുറവ് ബാധിക്കാതിരിക്കാനാണ് ഡിഎംഒ ശ്രമിക്കുന്നത്.

നിലവിലുള്ള 200 കിടക്കകൾക്ക് പുറമേ 150 കിടക്കകൾ കൂടി സജ്ജീകരിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 350 ആകും. 540 കിടക്കകളുടെ സൗകര്യമാണ് ടാറ്റ നിർമ്മിച്ച് സർക്കാരിനു കൈമാറിയ ആശുപത്രിയിലുള്ളത്. എന്നാൽ ലബോറട്ടറി, ഫാർമസി, സ്റ്റോർ, ജീവനക്കാരുടെ താമസം തുടങ്ങിയ ആവശ്യങ്ങൾക്കു കൂടി ഇത് ഉപയോഗിക്കേണ്ടി വരുമ്പോൾ 350 കിടക്കകൾ മാത്രമേ ഒരുക്കാൻ കഴിയുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു.

കോവിഡ് കാലത്ത് ബെഡുകളും സ്ഥലസൗകര്യങ്ങളും തികയാതെ കോവിഡ് ഇതര രോഗികളായ ഗുരുതരാവസ്ഥയിലുള്ളവരെ പോലും നിർബന്ധിത ഡിസ്ചാർജിന് വിധേയമാക്കുന്ന അവസ്ഥയിലാണ് ടാറ്റ എന്ന സ്ഥാപനത്തിന്റെ കരുണ കൊണ്ട് ലഭിച്ച ആശുപത്രി പോലും വേണ്ടവിധം ഉപയോഗിക്കാൻ തയ്യാറാകാതിരിക്കുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. ഇതാണോ കൊട്ടിഘോഷിക്കുന്ന കേരളമോഡെലെന്നാണ് ഇവർ ചോദിക്കുന്നത്.