തിരുവനന്തപുരം: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിശ്വസിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞ ശിവഗിരി ഭരണസമിതി തിരഞ്ഞെടുപ്പിൽ പുതിയ സമിതി ചുമതലയേറ്റതോടെ എസ്എൻഡിപി യോഗവും ശിവഗിരിയുമായുള്ള ശീതസമരത്തിന്റെ മഞ്ഞുരുകി.

പരസ്പരം ഒന്നിക്കുമ്പോൾ തനിക്ക് ഇരട്ടച്ചങ്കാകുമെന്നാണ് വെള്ളാപ്പള്ളി അന്ന് പറഞ്ഞത്. സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയാണ് തന്നെ ശിവഗിരി മഠത്തിലെത്തിൽ വീണ്ടും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോജിപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശിവഗിരി മഠവും പറയുന്നു.

വളരെക്കാലമായി അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് യോഗവും ശിവഗിരി മഠവും രണ്ടുതട്ടിൽ നിൽക്കുകയായിരുന്നു.ഈ വർഷത്തെ ശിവഗിരി തീർത്ഥാടനത്തിൽ എസ്എൻഡിപി യോഗത്തിന്റെ കലവറയില്ലാത്ത സഹകരണമുണ്ടാകുമെന്ന് വെള്ളാപ്പള്ളിയും, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ജൂലൈയിൽ നടന്ന പ്രവർത്തക സംഗമത്തിൽ വ്്യക്തമാക്കിയിരുന്നു.

ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായി എസ്.എൻ.ഡി.പി. യൂണിയൻ സംസ്ഥാനവ്യാപകമായി ദിവ്യജ്യോതി പ്രയാണം നടത്തുകയാണ്. ഡിസംബർ 12 മുതൽ 20 വരെയാണ് എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം നടക്കുക. ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ദിവ്യജ്യോതി പ്രയാണം.ഡിസംബർ 12ന് ശിവഗിരിയിൽ നിന്നാരംഭിക്കുന്ന ദിവ്യജ്യോതി പ്രയാണം 19ന് ശംഖുംമുഖത്ത് സമാപിക്കുമ്പോൾ 25000 ഗുരുഭക്തരെ പങ്കെടുപ്പിക്കുമെന്നാണ് അവകാശവാദം.

ശിവഗിരി മഠത്തിൽ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുമായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്എൻഡിപി യോഗം കാലങ്ങളായി കടുത്ത ശത്രുതയിലായിരുന്നു. മഠത്തിന്റെ നിലപാടുകൾക്കും യോഗത്തിന്റെ നിലപാടുകൾക്കും, പ്രത്യേകിച്ചു വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കും തമ്മിൽ ഒത്തുപോകാനാകുന്നില്ല എന്നുള്ളതായിരുന്നു അതിനു പ്രധാന കാരണം. പ്രധാനമായും മദ്യം സംബന്ധിച്ചുള്ള മഠത്തിന്റെ നിലപാടുകൾക്കു നേരേ വിരുദ്ധമായ സമീപനമായിരുന്നു വെള്ളാപ്പള്ളി കൈക്കൊണ്ടിരുന്നത്. അതിന്റെ പേരിൽ പരസ്യ പ്രസ്താവനകളുമായി ഇരുകൂട്ടരും ഈ അടുത്തകാലം വരെ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

ശിവഗിരി മഠത്തിന്റെ ഭൂമിയിലാണ് എസ്എൻ ട്രസ്റ്റിന്റെ അധീനതയിലുള്ള വർക്കല എസ്എൻ കോളേജ് സ്ഥിതി ചെയ്യുന്നത്. 50 വർഷത്തെ പാട്ടക്കരാറിന്റെ പുറത്താണ് മഠം ട്രസ്റ്റിനു കോളേജ് നടത്താൻ അനുമതി നൽകിയത്. എന്നാൽ പാട്ടക്കരാർ അവസാനിച്ചുവെങ്കിലും ട്രസ്റ്റ് അതു പുതുക്കാനോ ഭൂമി വിട്ടു നൽകാനോ തയ്യാറായില്ല. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള കോളേജ് പ്രസ്തുത ഭൂമിയിൽ നിന്നും മാറ്റാൻ കഴിയില്ലെന്നുള്ള വാദമാണ് വെള്ളാപ്പള്ളി സ്വീകരിച്ചത്. ഇതിനെതിരെ ശക്തമായ നിലപാടെടുത്ത അന്നത്തെ ശിഗിരി മഠം ഭരണസമിതി കേസിനു പോകുകയായിരുന്നു. ഈ സംഭവവും മഠവും യോഗവുമായുള്ള ബന്ധം വലിയ തോതിൽ വഷളാക്കിമാറ്റി.

വെള്ളാപ്പള്ളി നടേശൻ ഭരണാധികാരിയായി തുടരുന്ന കാലം യോഗവുമായുള്ള പരിപാടികളിലും മറ്റും സഹകരിക്കില്ലെന്ന ഒരു അപ്രഖ്യാപിത തീരുമാനവും മഠം കൈക്കൊണ്ടിരുന്നു. കഴിഞ്ഞ ഭരണസമിതി തെരഞ്ഞെടുപ്പു വരെ ഈ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എന്നാൽ പുതിയ ഭരണസമിതി അധികാരത്തിലേറിയതോടെ വെള്ളാപ്പള്ളിക്കെതിരെയുള്ള നിലപാടിൽ മാറ്റം വന്നു. വെള്ളാപ്പള്ളിക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന സ്വാമി പ്രകാശാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ എന്നിവർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും വെള്ളാപ്പള്ളിക്ക് ഇക്കാര്യത്തിൽ തുണയായി മാറി.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ എസ്എൻഡിപി യോഗം ബിഡിജെഎസ് രൂപീകരിച്ചു രാഷ്ട്രീയ രംഗത്തിറങ്ങിയതിനെതിരെ മഠം പരസ്യമായി വിമർശനമുന്നയിച്ചിരുന്നു. തനിക്കെതിരെ നീങ്ങുന്ന എൽഡിഎഫ്- യുഡിഎഫ് മുന്നണികൾക്കു ശക്തമായ മറുപടി കൊടുക്കുവാൻ കേന്ദ്രം ഭരിക്കുന്ന എൻഡിഎ മുന്നണിയുമായി ചേർന്നാണു വെള്ളാപ്പള്ളി രാഷ്ട്രീയ ബന്ധത്തിനു ശ്രമിച്ചത്. കൊല്ലത്ത് ആർ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി വന്നപ്പോൾ ചടങ്ങിൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പ്രവേശനം നിഷേധിച്ച സംഭവം വൻ വിവാദം വിളിച്ചു വരുത്തിയിരുന്നു. തുടർന്നു ശിവഗിരിയിലെ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തപ്പോൾ അദ്ദേഹം ക്ഷണിച്ചിട്ടല്ല വരുന്നതെന്നു മഠം അധികൃതരും വ്യക്തമാക്കിയിരുന്നു. എസ്എൻഡിപി യോഗത്തിനെതിരെയുള്ള മഠത്തിന്റെ നിപാടിന്റെ ഭാഗമായിട്ടാണ് ഈ സംഭവം വ്യാഖ്യാനിക്കപ്പെട്ടത്.

ശിവഗിരിയിൽ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കുകയും പുത്തൻ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തതോടെ ശിവഗിരി വെള്ളാപ്പള്ളിക്കും പ്രാപ്യമാകുകയാണ്. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളിവിരുദ്ധരും രംഗത്തെത്തിയിട്ടുണ്ട്.1928ൽ ഗുരുവിന്റെ മഹാസമാധിയെത്തുടർന്ന് സ്വത്ത് തർക്കത്തിന്റെ പേരിൽ യോഗവും സന്യാസിമാരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് മുടങ്ങിയ ഗുരുവിന്റെ സമാധി യതിപൂജ യോഗത്തിന്റെയും ധർമ്മസംഘത്തിന്റെയും സംയുക്ത നേതൃത്വത്തിൽ നടത്താനും തീരുമാനമായിട്ടുണ്ട്. 2018 ജനുവരി ഒന്നിന് മഹാസമാധിയിലെ ഗുരുദേവ പ്രതിഷ്ഠയുടെ സുവർണജൂബിലി ദിനത്തിൽ തുടങ്ങി 41 ദിവസം നീണ്ടുനിൽക്കുന്ന ബൃഹത്തായ ചടങ്ങുകളോടെ യതിപൂജ നടത്തും.വരുന്ന ഒക്ടോബർ 1, 2 തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന ആഗോള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഗമത്തിലും യോഗത്തിന്റെ മുഴുവൻ പിന്തുണയുണ്ടാകും.

ശിവഗിരിയുടെ ആത്മീയ നേതൃത്വം യോഗം അംഗീകരിക്കുന്നതായും അക്കാര്യങ്ങളിൽ ശിവഗിരിയുടെ അഭിപ്രായമറിഞ്ഞേ പ്രവർത്തിക്കൂ എന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പ്രാദേശികാടിസ്ഥാനത്തിൽ തുടർന്നുപോരുന്ന രീതികൾ അവസാനിപ്പിച്ച് ഗുരുദേവൻ വിഭാവനംചെയ്ത ആചാരപരിഷ്‌കാരമനുസരിച്ച് നടത്താൻ രണ്ട് സംഘടനകളും സംയുക്തമായി തീരുമാനിച്ചിരുന്നു.