ചെന്നൈ: അണ്ണാഡിഎംകെയിൽ അധികാരത്തകർക്കം മൂക്കുന്നതിനിടെ തമിഴ്‌നാട്ടിൽ ഇടക്കാല തിരഞ്ഞെടുപ്പുണ്ടായേക്കുമെന്ന് പ്രതിപക്ഷമായ ഡിഎംകെ.ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമിയോടും കാവൽ മുഖ്യമന്ത്രിയായ ഒ.പനീർ ശെൽവത്തോടും പിന്തുണ തെളിയിക്കാൻ ഗവർണർ ആവശ്യപ്പെട്ടതാണ് സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടലിൽ ഡിഎംകെ എത്തിച്ചേർന്നത്.

ഇതേത്തുടർന്ന് ഡിഎംകെ വർക്കിങ് ചെയർമാൻ എം.കെ സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം ചെയ്തു. പാർട്ടി പ്രവർത്തകർക്കായി അയച്ച കത്തിലാണ് തിരഞ്ഞെടുപ്പിനൊരുങ്ങാനുള്ള ആഹ്വാനം ഉണ്ടായിരിക്കുന്നത്. അതേസമയം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവർണർ സി. വിദ്യാസാഗർറാവു ഇന്ന് നിർണായക തീരുമാനം എടുത്തേക്കും.

ശശികലയ്‌ക്കെതിരെ കോടതിവിധിയുണ്ടായ സാഹചര്യത്തിൽ അട്ടിമറികൾക്കില്ലെന്നു സ്റ്റാലിൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പിൻവാതിലിലൂടെ അധികാരം പിടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഉറപ്പുള്ള സർക്കാർ രൂപീകരിക്കാൻ ഗവർണർ ഉടൻ നടപടിയെടുക്കണമെന്നും നിയമസഭ വിളിച്ചുചേർത്തു ഭൂരിപക്ഷം തെളിയിക്കാൻ നിർദേശിക്കണമെന്നുമാണ് സ്റ്റാലിൻ മുമ്പ് ആവശ്യപ്പെട്ടത്.

സർക്കാർ രൂപവത്കരിക്കാൻ പളനിസാമിയെ ഗവർണർ ക്ഷണിക്കുന്നതിനാണ് സാധ്യതയേറെ. അണ്ണാഡിഎംകെ നിയമസഭാകക്ഷി നേതാവായി ശശികല നിയോഗിച്ച പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ പനീർശെൽവവും കഴിഞ്ഞ ദിവസം ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക ഇരുവരും ഗവർണർക്ക് കൈമാറിയിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് അവസരം ലഭിക്കണമെന്ന ആവശ്യമാണ് ഇരുവരും ഗവർണർക്കുമുന്നിൽ ഉന്നയിച്ചത്.

അതേസമയം കൂവത്തൂരിലെ റിസോർട്ടിൽ ശശികല പക്ഷത്തിനൊപ്പം നിൽക്കുന്ന എംഎൽഎമാരുമായി പൊലീസ് ചർച്ച ആരംഭിച്ചു. റിസോർട്ടിൽ നിന്ന് ഇവരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച. നേരത്തെ റിസോർട്ടിലേക്കുള്ള വൈദ്യുതി ബന്ധം പൊലീസ് വിച്ഛേദിച്ചിരുന്നു. എന്നാൽ സർക്കാർ രൂപവത്കരിക്കാൻ പളനിസാമിയെ ക്ഷണിക്കാതെ കൂത്തൂരിലെ റിസോർട്ടിൽനിന്ന് പുറത്തിറങ്ങില്ലെന്ന നിലപാടിലാണ് എംഎൽഎമാരെന്നാണ് സൂചന. എന്നാൽ ഗോൾഡൻ ബേ റിസോർട്ടിലുള്ള എംഎൽഎമാരെ പുറത്തുവിടണമെന്ന ആവശ്യമാണ് പനീർശെൽവം വിഭാഗം ഉന്നയിക്കുന്നത്.