ഡബ്ലിൻ: അത്ഭുതപ്പെടണ്ട; ഇതു സത്യം തന്നെയാണ് രുചിയും മണവും നിറവുമുള്ള സ്റ്റാമ്പുകൾ ഇനി ഉപഭോക്താക്കൾക്ക്  അനുഭവിച്ചറിയാം.  ഇന്ദ്രീയാനുഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല, അഞ്ച് അനുഭൂതികളും നൽകാൻ കഴിയുന്ന വിധത്തിലുള്ള സ്റ്റാമ്പുകളാണ് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അൻപോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. അഞ്ച് അനുഭൂതികളും നൽകുന്ന തരത്തിലാണ് സ്റ്റാമ്പിന്റെ നിർമ്മാണം.

ഓരോ സ്റ്റാമ്പുകളും ഓരോ അനുഭൂതിയാണ് ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത്. നാവിൽ തൊടുമ്പോൾ സ്‌ട്രോബറിയുടെ രുചി അനുഭവപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഒരു സ്റ്റാമ്പ്.  70 സെന്റാണ് ഇതിനു വില.  സ്പർശിക്കുന്ന സമയത്ത് നിറം മാറുന്ന സ്റ്റാമ്പും ഇക്കൂട്ടത്തിൽ ഉണ്ട്.  തെർമോക്രോമിക്ക് മഷിയാണ് ഇനിൽ ഉപയോഗിച്ചിരിക്കുന്നത്. 1.50 യൂറോ ആണ് ഈ മാജിക്കൽ സ്റ്റാമ്പിന്റെ വില. ചിലസമയത്ത് സുതാര്യമായിക്കാണുന്ന ഐഗ്രാഫിക്ക് ഉപയോഗിച്ചുള്ള സ്റ്റാമ്പ് 1.25 രൂപയ്ക്ക് ലഭിക്കും.  ചെവിയുടെ ചിത്രമുള്ള സ്റ്റാമ്പിൽ ഉരയ്ക്കുമ്പോൾ ശബ്ദമുണ്ടാകും.  ശബ്ദം ഉണ്ടാക്കാൻ സ്റ്റാമ്പിൽ ചെറിയ കണികകൾ ഉപയോഗിച്ചിരിക്കുന്നു. 1.70 യൂറോയാണ് ഇതിന്റെ വില.  കൂട്ടത്തിൽ ഏറ്റവും വിലയേറിയ പുതിന മണമുള്ള സ്റ്റാമ്പ് ലഭിക്കാൻ 2.8 യൂറോ കൊടുക്കേണ്ടി വരും.

സിഇഇ ആപ്ലിക്കേഷൻ വഴി സ്മാർട്ട് ഫോണിൽ ഈ സ്റ്റാമ്പുകൾ സ്‌കാൻ ചെയ്യാനുള്ള സൗകര്യവും ഉണ്ട്.  സ്റ്റാംപുകളിലെ സവിശേഷത പ്രകടമാക്കുന്ന വീഡിയോ കാണാൻ ഇതിലൂടെ സാധിക്കും. ഡബ്ലിൻ കമ്പനിയായ സിങ്ക് ഡിസൈൻ ആണ് സ്റ്റാംപ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒറ്റയ്ക്കും 16 എണ്ണത്തിന്റെ ഷീറ്റായും സ്റ്റാംപുകൾ ലഭ്യമാകും.
സ്മാർട്ട് ഫോണുകളുടേയും കമ്പ്യൂട്ടറിന്റേയുമൊക്കെ അതിപ്രസരം പോസ്റ്റൽ സർവീസിനെ സാരമായി ബാധിച്ചതോടെയാണ് പുത്തൻ വിപണന തന്ത്രങ്ങളുമായി അൻപോസ്റ്റ് എത്തിയിരിക്കുന്നത്. നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റ് മാത്രമുള്ള അൻപോസ്റ്റിന് പുത്തൻ തന്ത്രങ്ങളിലൂടെ ലാഭം കൊയ്യാൻ സാധിക്കുമോയെന്ന് കണ്ടറിയാം...