- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീഫ് സെക്രട്ടറി നിയമനത്തെച്ചൊല്ലി കെജ്രിവാൾ സർക്കാറും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷം; മുഖ്യമന്ത്രിയുടെ എതിർപ്പ് വകവയ്ക്കാതെ ശകുന്തള ഗാംലിൻ ചുമതലയേറ്റു
ന്യൂഡൽഹി: ആക്ടിങ് ചീഫ് സെക്രട്ടറിയുടെ നിയമനത്തെച്ചൊല്ലി ഡൽഹിയിലെ ആം ആദ്മി സർക്കാറും ലഫ്. ഗവർണറും തമ്മിൽ കലഹം രൂക്ഷമായി. അതിനിടെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എതിർപ്പ് മാനിക്കാതെ, മുതിർന്ന ഉദ്യോഗസ്ഥ ശകുന്തള ഗാംലിൻ ആക്ടിങ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. അതേസമയം, നിയമനത്തിനെതിരെ കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്ന കെജ്

ന്യൂഡൽഹി: ആക്ടിങ് ചീഫ് സെക്രട്ടറിയുടെ നിയമനത്തെച്ചൊല്ലി ഡൽഹിയിലെ ആം ആദ്മി സർക്കാറും ലഫ്. ഗവർണറും തമ്മിൽ കലഹം രൂക്ഷമായി. അതിനിടെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ എതിർപ്പ് മാനിക്കാതെ, മുതിർന്ന ഉദ്യോഗസ്ഥ ശകുന്തള ഗാംലിൻ ആക്ടിങ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.
അതേസമയം, നിയമനത്തിനെതിരെ കഴിഞ്ഞദിവസം പരസ്യമായി രംഗത്തുവന്ന കെജ്രിവാൾ, വിഷയം ചർച്ച ചെയ്യാൻ രാഷ്ട്രപതി പ്രണബ് മുഖർജിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി. സർക്കാറിന് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥക്ക് ചീഫ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയതാണ് തർക്കം ആളിക്കത്തിച്ചത്. ലഫ്. ഗവർണർ നജീബ് ജംഗിനെ ഉപയോഗിച്ച് ഡൽഹി സർക്കാറിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ആം ആദ്മി ആരോപണം.
ചീഫ് സെക്രട്ടറി കെ.കെ. ശർമ വിദേശയാത്രക്ക് അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആക്ടിങ് ചീഫ് സെക്രട്ടറിയായി ഊർജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശകുന്തള ഗാംലിനെ നിയമിച്ചത്. വൈദ്യുതി കമ്പനികളുമായി അടുപ്പം പുലർത്തുകയും അവരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത ശകുന്തളയെ നിയോഗിക്കുന്നതിൽ താൽപര്യമില്ലെന്നറിയിച്ചിട്ടും ലഫ്. ഗവർണർ ഭരണഘടനാചട്ടം ലംഘിച്ച് തീരുമാനമെടുത്തതായി സർക്കാർ വാർത്താക്കുറിപ്പിറക്കി.
ചട്ടവിരുദ്ധമായിട്ടാണ് നിയമനം നടന്നിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശകുന്തള ഗാംലിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ആക്ടിങ് ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇതുമാനിക്കാതെയാണ് ശനിയാഴ്ച അവർ ചുമതലയേറ്റത്.
സർക്കാർ നൽകിയ പട്ടികയിൽ ശകുന്തളയെക്കുറിച്ച് എതിർവാദമുന്നയിച്ചിട്ടില്‌ളെന്നും വടക്കുകിഴക്കൻ മേഖലയിൽനിന്നുള്ള വനിതാ ഓഫിസർക്കെതിരെ ഇത്തരം ചർച്ച ഉയർന്നതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞും ഭരണഘടനാനുസൃതമാണ് നിയമനമെന്ന് വാദിച്ചുമാണ് ലഫ്. ഗവർണർ മറുകുറിപ്പു പുറപ്പെടുവിച്ചത്.
സർക്കാറിന്റെ അധികാരം കവരുകയാണ് ലഫ്. ഗവർണറെന്നും മുഖ്യമന്ത്രിയെയോ മന്ത്രിസഭാംഗങ്ങളെയോ അറിയിക്കാതെ ഉദ്യോഗസ്ഥർക്ക് നേരിട്ട് ഉത്തരവ് നൽകുകയാണ് അദ്ദേഹമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി. നിലവിൽ ഊർജസെക്രട്ടറിയാണ് 1984 ബാച്ചിലെ ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഗാംലിൻ. അവർ വൈദ്യുതിവിതരണ കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്ന ഉദ്യോഗസ്ഥയാണെന്ന സർക്കാറിന്റെ ആരോപണം ശകുന്തള നിഷേധിക്കുകയും ലെഫ്. ഗവർണർക്ക് പരാതിനൽകുകയും ചെയ്തു. അതുകൂടി പരിഗണിച്ചാണ് ആക്ടിങ് ചീഫ് സെക്രട്ടറിയായി അവരെ നിശ്ചയിച്ചുകൊണ്ടുള്ള ലെഫ്. ഗവർണറുടെ തീരുമാനം.

