മുംബയ്: അടുത്ത അഞ്ചു വർഷത്തേക്കുള്ള മത്സരങ്ങളുടെ സംപ്രേഷണ അവകാശം സ്റ്റാർ സ്പോർട്സ് ഇന്ത്യ സ്വന്തമാക്കി. മൈതാനത്തിലേക്കാൾ തീ പാറുന്ന പോരാട്ടം കണ്ട ലേലത്തിൽ 6138.1 കോടിക്കാണ് സ്റ്റാർ സ്പോർട്സ് ടെലിവിഷൻ, ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2018 മുതൽ 2023 വരെയുള്ള മത്സരങ്ങൾക്കുള്ള ലേലം രണ്ടാംദിനം അവസാനിച്ചപ്പോൾ തന്നെ 6032.5 കോടി രേഖപ്പെടുത്തിയിരുന്നു.

സ്റ്റാർ സ്‌പോർട്‌സിന് പുറമെ സോണി, റിലയൻസ് ജിയോ എന്നീ മാധ്യമ ഗ്രൂപ്പുകളാണ് വാശിയേറിയ ലേലം വിളികളുമായി രംഗത്തുണ്ടായിരുന്നത്. 2012ൽ സ്റ്റാർ ടി.വി 3851 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സംപ്രേഷണാവകശമാണ് ഇപ്പോൾ ഏകദേശം ഇരട്ടിയോളം കുതിച്ചുയർന്നിരിക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലായി 102 രാജ്യാന്തര മത്സരങ്ങളാണ് ഇക്കാലയളവിൽ ഇന്ത്യയ്ക്കുള്ളത്.

നേരത്തെ, ഇന്ത്യൻ കായിക രംഗത്തെ റെക്കാഡ് തുകയ്ക്ക് അടുത്ത അഞ്ചുവർഷത്തേക്കുള്ള ഐ.പി.എൽ ടെലിവിഷൻ, ഡിജിറ്റൽ അവകാശം ഏകദേശം 16,347.5 കോടി രൂപ സ്റ്റാർ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഡിജിറ്റൽ മീഡിയ അവകാശത്തിനായി 3900 കോടി രൂപയുടെ വൻതുകയുമായി ഫേസ്‌ബുക്കും ടി.വി അവകാശത്തിനായി 11,050 കോടി രൂപയുമായി സോണിയും രംഗത്തുണ്ടായിരുന്നെങ്കിലും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഒന്നിച്ചു സ്റ്റാർ ഇന്ത്യയ്ക്ക് അനുവദിക്കുകയായിരുന്നു.