ബംഗളുരു: അച്ഛൻ അയച്ചു നൽകിയ വിവാഹാലോചനയിലെ യുവാവിന്റെ പ്രൊഫഷണൽ സാധ്യത മുന്നിൽ കണ്ടപ്പോൾ വിവാഹം മറന്ന് സ്വന്തം കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്ത് മകൾ. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ സോൾട്ടിന്റെ സഹസ്ഥാപകയായ ഉദിത പാൽ ആണ് മാട്രിമോണിയൽ പ്രൊഫൈലിൽ നിന്നും സ്ഥാപനത്തിന് അനിയോജ്യനായ ജീവനക്കാരനെ കണ്ടെത്തിയത്.

അടുത്തിടെ അച്ഛൻ ഒരു മാട്രിമോണിയൽ പ്രൊഫൈൽ ഉദിതക്ക് അയച്ചു കൊടുത്തതോടെയാണ് രസകരമായ സംഭവങ്ങളുടെ തുടക്കം. ഉദിത പാൽ തന്നെയാണ് തന്റെ ജീവിതത്തിൽ സംഭവിച്ച രസകരമായ സംഭവം ട്വീറ്റ് ചെയ്തത്. അച്ഛനും മകളുമായുള്ള രസകരമായ സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു ട്വീറ്റ്.

യുവാവിന്റെ മാട്രിമോണിയൽ പ്രൊഫൈൽ കണ്ട ഉദിത തന്റെ കമ്പനിക്ക് മാച്ച് ആകുമെന്നായിരുന്നു ആദ്യം കണ്ടെത്തിയത്. അഭിമുഖം നടത്തി അയാളെ ജോലിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല. സംഭവം അറിഞ്ഞതിനു ശേഷം തന്റെ അച്ഛന്റെ പ്രതികരണവും ഉദിത പങ്കുവെച്ചു.

അച്ഛനും മകളും തമ്മിൽ നടന്ന സംഭാഷണം

അച്ഛൻ: ''നമുക്കൊന്ന് സംസാരിക്കണം, അത്യാവശ്യം ആണ്. നീ എന്താണ് ചെയ്തത് എന്ന് ബോധ്യം ഉണ്ടോ? നിങ്ങൾ മാട്രിമോണിയൽ സൈറ്റുകളിൽ നിന്നാണോ ആളുകളെ ജോലിക്ക് എടുക്കുന്നത്. അയാളുടെ അച്ഛനോട് ഇനി എന്തു പറയും? ഞാൻ നിന്റെ മെസേജ് കണ്ടു. ഇന്റർവ്യൂ ലിങ്ക് അയച്ച്, റെസ്യൂം അയക്കാനും നീ അയോളോട് ആവശ്യപ്പെട്ടല്ലേ?''

ഉദിത: ''ഫിൻടെക്കിലെ ഏഴു വർഷത്തെ അനുഭവ സമ്പത്തു മതി ഞങ്ങളുടെ കമ്പനിക്ക്. ഞങ്ങൾ അയാളെ ജോലിക്കെടുക്കാൻ പോകുകയാണ്. എന്നോട് ക്ഷമിക്കണം''.

എന്നാൽ കാര്യങ്ങൾ അവിടം കൊണ്ടും അവസാനിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ട്വിസ്റ്റ് കൂടി ഉദിതയുടെ ജീവിതത്തിൽ സംഭവിച്ചു. ആ യുവാവ് പ്രതിവർഷം 62 ലക്ഷം രൂപ ശമ്പളം ആവശ്യപ്പെട്ടെന്നും അത്രയും തങ്ങളുടെ കമ്പനിക്ക് നൽകാനാവില്ലെന്നും ഉദിത അടുത്ത ട്വീറ്റിൽ പറഞ്ഞു. അപ്പോഴേക്കും തന്നോടുള്ള ദേഷ്യത്തിൽ അച്ഛൻ തന്റെ മാട്രിമോണിയൽ പ്രൊഫൈൽ ഡിലീറ്റ് ചെയ്‌തെന്നും ഉദിത കുറിച്ചു.

മാട്രിമോണിയൽ സൈറ്റായ ജീവൻ സതി.കോം ഉദിതയുടെ ട്വീറ്റിനോട് പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 'ഇപ്പോഴും മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളെ അറിയിക്കൂ. ഞങ്ങൾ അനുയോജ്യനായ ജീവിത പങ്കാളിയെ കണ്ടെത്തി തരാം', ജീവൻ സതി.കോം ട്വീറ്റ് ചെയ്തു. രസകരമായ മറ്റ് പല കമന്റുകളും ഉദിതയുടെ ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ''ഏതായാലും ജോലിക്കെടുത്തില്ല. എങ്കിൽ ജീവിത പങ്കാളിയായി ആ യുവാവിനെ സ്വീകരിക്കുമോ'' എന്നാണ് ഒരാളുടെ സംശയം.

ക്രോസ്-ബോർഡർ പേയ്മെന്റ് പ്ലാറ്റ്ഫോം ആയ സോൾട്ട് 2020 ൽ ആണ് സ്ഥാപിക്കപ്പെട്ടത്. അങ്കിത് പരാഷറും ഉദിത പാലും ആണ് കമ്പനിയുടെ സ്ഥാപകർ. കമ്മ്യൂണിക്കേഷൻ ബിരുദധാരിയായ ഉദിത പത്തൊമ്പതാം വയസിൽ സ്വന്തം പേരിൽ ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. കണ്ടന്റ്, മാർക്കറ്റിങ്, ബ്രാൻഡിങ്ങ്, പ്രൊഡക്ട് സ്ട്രാറ്റജി എന്നിവയുമായി ബന്ധപ്പെട്ട് മുപ്പത്തഞ്ചോളം സ്റ്റാർട്ട് അപ്പുകളുമായി ഉദിത സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.