പാലാ: പൊതുമേഖലാ സ്ഥാപനങ്ങൾ പോലും മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിക്കുകയാണെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി ആരോപിച്ചു. ഇവ തുടർന്നാൽ ജനം ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും അവർ ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ ജപ്തി നോട്ടീസും അക്കൗണ്ട് മരവിപ്പിക്കലുമടക്കമുള്ള ബാങ്കിന്റെ പീഡനനടപടികൾ നേരിടുന്ന ഡോ. പി.ജി. സതീഷ് ബാബുവും കുടുംബവും പാലാ എസ്.ബി.ഐ.യ്ക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു നഗരസഭാദ്ധ്യക്ഷ. ബാങ്കുകളുടെ ഇത്തരം പീഡനത്തിനെതിരെ പാലായിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധമുയർത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പ്രശ്നപരിഹാരത്തിന് ബാങ്ക് അധികൃതർ തയ്യാറാകണമെന്ന് സി.പി.എം ഏരിയാ സെക്രട്ടറി വി.ജി. വിജയകുമാർ ആവശ്യപ്പെട്ടു. ജനത്തിന്റെ ക്ഷമ പരീക്ഷിക്കാനുള്ള ബാങ്കിന്റെ നീക്കത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് സിപിഐ. മണ്ഡലം സെക്രട്ടറി ബാബു കെ. ജോർജ് പറഞ്ഞു.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം (കേരളാ കോൺഗ്രസ് (എം), നഗരസഭാ മുൻ വൈസ് ചെയർമാൻ ബെന്നി മൈലാടൂർ, ആർ. മനോജ് (കോൺഗ്രസ് (ഐ)), സെബി പറമുണ്ട (ജനപക്ഷം), ഔസേപ്പച്ചൻ തകിടിയേൽ (കോൺഗ്രസ് - എസ്), ജോസ് കുറ്റിയാനിമറ്റം (എൻ.സി.പി.), ടി.ആർ. നരേന്ദ്രൻ (ബിജെപി), ബാബു മുകാല (ജനാധിപത്യ കേരളാ കോൺഗ്രസ്), സുമിത് ജോർജ്, സാംജി പഴേപറമ്പിൽ, ജോയി കളരിക്കൽ (പാലാ പൗരാവകാശ വേദി), ബിനു പെരുമന, കെ.സി. നിർമ്മൽ കുമാർ, അനിൽ വി. നായർ, ഗോപി രോഹിണി നിവാസ്, ഡോ. അമൽ പി. ബാബു എന്നിവർ പ്രസംഗിച്ചു.

പാലാ എസ്.ബി.ഐ. ശാഖയിൽനിന്നും ആയുർവേദാശുപത്രിക്കായി ഡോ. സതീഷ് ബാബു 2005-ൽ 1452800 രൂപാ ലോൺ എടുത്തിരുന്നു. കൃത്യമായി തിരിച്ചടച്ച് 2015 ലോൺ പൂർത്തിയാക്കിയിരുന്നു. എന്നാൽ 2016-ൽ 5,20,457 രൂപാ കുടിശ്ശിഖയുണ്ടെന്നു കാട്ടി ബാങ്ക് കത്തയച്ചു. സമയാസമയങ്ങളിൽ പലിശനിരക്ക് വർദ്ധിപ്പിച്ചത് അടച്ചില്ലെന്നു കാട്ടിയായിരുന്നു നോട്ടീസ്. എന്നാൽ പലിശ നിരക്ക് വർദ്ധിപ്പിച്ചത് ബാങ്ക് ഡോക്ടറെ അറിയിച്ചിരുന്നില്ല.

ഡോക്ടർ ഇതു സംബന്ധിച്ച് ഓംബുഡ്സ്മാന് പരാതി നൽകിയതോടെ ഇടപാടുകളുള്ള മറ്റ് അക്കൗണ്ടുകളും ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. സമരം ശക്തമാക്കാൻ തുടർന്നു ചേർന്നു യോഗം തീരുമാനിച്ചു.