തിരുവനന്തപുരം : നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഷാജി കൈലാസിന്റെ പുതിയ ചിത്രം കടുവ പുതിയ വിവാദത്തിൽ. ഭിന്നശേഷി കുട്ടികൾ ജനിക്കുന്നത് അവരുടെ മാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമാണെന്ന നടൻ പൃഥ്വിരാജിന്റെ പരാമർശം അർഥശൂന്യവും, അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടി പരിവാർ കേരള എന്ന ഭിന്നശേഷി സംഘടന ജനറൽ സെക്രട്ടറി ആർ വിശ്വനാഥൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കാണ് പരാതി നൽകിയത്.

ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും അത്യന്തം അവഹേളിക്കുന്നതും മാനസിക വേദനയുണ്ടാക്കുന്നതുമായ സംഭാഷണം 2016 ലെ ഭിന്നശേഷി അവകാശ നിയമം 92 വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാക്കളായ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് കടുവ റിലീസ് ചെയ്തത്.

സിനിമയ്ക്കെതിരേ പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേലാണ് ആദ്യം രംഗത്തെത്തിയത്. ചിത്രം തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് കേടതിയിൽ ഹർജി നൽകി. പരാതിയിൽ സിനിമ കണ്ട് തീരുമാനം എടുക്കാനായിരുന്നു സെൻസർ ബോർഡിന് സിംഗിൾ ബെഞ്ച് നിർദ്ദേശം. സിനിമ തന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നാണ് ഹർജിക്കാരൻ ആരോപിക്കുന്നത്.

കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയിൽനിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ലെന്നാണ് പ്രധാന ആക്ഷേപം. പാലായിലെ മുൻതലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിത്. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വർഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമർത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിർലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചേർന്ന് 'കടുവ' എന്ന പേരിൽ സിനിമയാക്കിയിരിക്കുന്നു എന്നായിരുന്നു ജോസ് കുരുവിനാക്കുന്നേലിന്റെ ആരോപണം. അതേസമയം സുരേഷ് ഗോപിയുടെ പുതിയ ചിത്രവുമായും കടുവ വിവാദത്തിലായിരുന്നു

രണ്ട് സിനിമകളുടെയും അണിയറപ്രവർത്തകർ അടുത്തിടെ നിയമ വ്യവഹാരവും നടത്തി. തനിക്ക് പകർപ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാമാണ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു