തിരുവനന്തപുരം: ന്യൂ ജനറേഷന് പഴയ തലമുറക്കാരുടെ ശാസന പതിവാണ്. എന്നാൽ, തങ്ങൾക്കും പറയാൻ പലതുമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പരിചയസമ്പത്തിനെയും മറികടന്ന് യുവതാരങ്ങളാണ് ഇക്കുറി മികച്ച താരങ്ങൾക്കുള്ള മത്സരത്തിൽ ഒന്നാമതെത്തിയത്. മെഗാതാരം മമ്മൂട്ടിയുടെയും ലേഡി മോഹൻലാൽ എന്നുവരെ വിശേഷണം ഉണ്ടായിരുന്ന മഞ്ജു വാര്യരുടെയും അഭിനയ ചാതുരിയെ മറികടന്നാണ് യുവതലമുറയിലെ നിവിൻ പോളിയും സുദേവ് നായരും നസ്രിയ നസീമും മത്സരത്തിൽ ഒന്നാമതെത്തിയത്.

ചലച്ചിത്ര പുരസ്‌കാര നിർണയ വാർത്തകൾ പുറത്തുവന്നതുമുതൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് മമ്മൂട്ടിയുടെയും നിവിൻ പോളിയുടെയും പേരുകളായിരുന്നു. സുദേവ് നായർ എന്ന പേര് ആരും പ്രതീക്ഷിച്ചതുമില്ല. അതുപോലെ തന്നെയാണ് നസ്രിയയുടെ കാര്യവും. ആദ്യം മുതൽ ചർച്ചകളിൽ നിറഞ്ഞു നിന്നത് മഞ്ജു വാര്യരുടെ പേരായിരുന്നു. നസ്രിയ എന്ന പേര് ആരും പറഞ്ഞു കേട്ടതുപോലുമില്ല.

വേണു സംവിധാനം ചെയ്ത മുന്നറിയിപ്പിലെ ജയിൽപ്പുള്ളിയുടെ വേഷം സമീപകാലത്ത് മമ്മൂട്ടി അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ദേശീയ പുരസ്‌കാരത്തിനുള്ള മത്സരത്തിന്റെ അവസാന ഘട്ടത്തിൽ വരെ എത്തിയതാണ് മുന്നറിയിപ്പിലെ മമ്മൂട്ടിയുടെ ഈ പ്രകടനം. അതുകൊണ്ട് തന്നെ സംസ്ഥാന അവാർഡ് മമ്മൂട്ടി ഏറെ ഉറപ്പിച്ചതായിരുന്നു. ഇതിനിടെയാണ് നിവിൻ പോളിയുടെ പ്രകടനം അതിലും മികച്ചതായി ശ്രദ്ധയിൽ നേടിയത്.

ഈ അഭിനയ മികവിനെയും മറികടന്നാണ് യുവതാരങ്ങൾ പുരസ്‌കാര നേട്ടത്തിലെത്തിയത്. 1983ൽ മൂന്നു കാലഘട്ടം അവതരിപ്പിക്കുകയും ബാംഗ്ലൂർ ഡേയ്‌സിൽ നാട്ടിൻപുറത്തുകാരനായ സോഫ്റ്റ്‌വെയർ എൻജിനിയറുടെ വേഷം മനോഹരമാക്കുകയും ചെയ്ത നിവിൻ പോളി മമ്മൂട്ടിയുടെ ജയിൽപുള്ളിയേക്കാൾ മികച്ചുനിന്നുവെന്ന വിലയിരുത്തലാണ് ജൂറി നടത്തിയത്. മമ്മൂട്ടിക്ക് മികച്ച അവാർഡ് നൽകാതെ പ്രത്യേക പുരസ്‌ക്കാരം നൽകിയാത് അത് അദ്ദേഹത്തെ അപമാനിക്കലാകുമെന്ന വിധത്തിലേക്കും കാര്യങ്ങൾ നീങ്ങിയതോടെയാണ് മമ്മൂട്ടിയെ ഒഴിവാക്കിയത്.

സുദേവ് നായരെന്ന പേരും മലയാളികൾക്ക് പുതിയതാണ്. പുനെ ഫിലിം ഇൻസ്റ്റിറ്റിയുട്ട് വിദ്യാർത്ഥിയായ സുദേവ് എന്ന യുവതാരവും മമ്മൂട്ടിയുടെ പരിചയസമ്പത്തിനെ മറികടന്ന് പുരസ്‌കാര നേട്ടത്തിലെത്തിയത് കരുത്തുറ്റ അഭിനയമികവു കൊണ്ടു തന്നെയാണ്. എം ബി പത്മകുമാർ സംവിധാനം ചെയ്ത 'മൈ ലൈഫ് പാർട്ണറി'ലെ അഭിനയത്തിനാണ് ഈ യുവനടൻ പുരസ്‌കാരം സ്വന്തമാക്കിയത്. സുദേവിന്റെ ആദ്യ ചിത്രം കൂടിയാണിത്.

അവസാന നിമിഷ അപ്രതീക്ഷിതമായാണ് നസ്രിയയുടെ പേര് മികച്ച നടിയുടെതായി പുറത്തുവന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവിന്റെ പേരിൽ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ. ചിത്രത്തിലെ അഭിനയത്തിന് മഞ്ജു മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടുവരെ മത്സരത്തിനുണ്ടായിരുന്നു. എന്നാൽ, ഓം ശാന്തി ഓശാന എന്ന ജനപ്രിയ ചിത്രത്തിലെ കുട്ടിത്തം വിട്ടുമാറാത്ത നായികയെ പ്രേക്ഷകരുടെ മനസിൽ പ്രതിഷ്ഠിച്ച നസ്രിയയെ ജൂറിയും അംഗീകരിക്കുകയായിരുന്നു.

പരിചയ സമ്പത്തിനെയും മറികടന്ന തന്മയത്വത്തോടെയുള്ള അഭിനയം തന്നെയാണ് നിവിനും സുദേവിനും നസ്രിയക്കും തുണയായത്. 1983ലും ബാംഗ്ലൂർ ഡേയ്‌സിലും അതിഭാവുകത്വം ഏതുമില്ലാതെയാണു നിവിൻ തകർത്താടിയത്. അതുപോലെ തന്നെയാണ് ഓം ശാന്തി ഓശാനയിൽ നസ്രിയയും. അഭിനയിക്കുന്നു എന്ന തോന്നൽ ഒട്ടും ഇല്ലാതെ ജീവിക്കുക തന്നെയായിരുന്നു അതിൽ എന്ന അഭിപ്രായമാണു പ്രേക്ഷകരും പങ്കുവച്ചത്.

എന്തായാലും ന്യൂ ജൻ എന്നു വിളിച്ചു തങ്ങളെ ഒതുക്കേണ്ട കാര്യമില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പുതുതലമുറയിലും അംഗീകരിക്കപ്പെടേണ്ടവർ ഉണ്ടെന്നു തന്നെയാണ് പുരസ്‌കാരങ്ങൾ തെളിയിച്ചിരിക്കുന്നത്.

അതിനിടെ ചില മികച്ച ചിത്രങ്ങൾ തഴയപ്പെട്ടെന്ന പരാതിയും ഉയരുന്നുണ്ട്. ചാനൽ അവാർഡുകൾ പോലെ സംസ്ഥാന അവാർഡിന്റെ നിലവാരം താഴ്ന്നുവെന്ന പരാതിയാണ് ഉയരുന്നത്. 2014ൽ മികച്ച രാഷ്ട്രീയ ഉള്ളടക്കവും പ്രകടവനവുമായെത്തിയ ഞാൻ സ്റ്റീവ് ലോപ്പസ്, മുന്നറിയിപ്പ് എന്നീ സിനിമകളെ പൂർണ്ണമായും തഴഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നിലവിളക്ക് വിവാദമാണ് മമ്മൂട്ടിക്ക് തിരിച്ചടിയായതെന്നെ വിധത്തിലേക്ക് സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങിയിട്ടുണ്ട്. എന്നാൽ, നിവിൻ പോളി ആരാധകർക്ക് ഇതൊന്നും ബാധകമില്ല. മലയാള സിനിമക്ക് ലഭിച്ച യുവ സൂപ്പർസ്റ്റാറിന്റെ പുരസ്‌ക്കാര ലബ്ദി ആഘോഷമാക്കുകയാണ് ആരാധകർ.