- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫഹദും ലാലും ജയസൂര്യയും ഔട്ട്; മമ്മൂട്ടിയും നിവിൻ പോളിയും മുസ്തഫയും അവസാന പരിഗണനയിൽ; സിനിമ അവാർഡു ജൂറി വെള്ളം കുടിക്കുന്നു
തിരുവനന്തപുരം: കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജൂറിക്ക് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്താനായില്ല. പ്രധാന പുരസ്‌കാരങ്ങളിൽ തീരുമാനമൊന്നും ആകാതെ ആശയക്കുഴപ്പത്തിലാണു ജൂറി. മെഗാ താരം മുതൽ യുവതാരങ്ങൾ വരെ മാറ്റുരയ്ക്കുന്ന മികച്ച നടൻ കാറ്റഗറിയിൽ ആർക്ക് പുരസ്‌കാരം കൊടുക്കും എന്നറിയാതെ ഉഴലുകയാ
തിരുവനന്തപുരം: കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജൂറിക്ക് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്താനായില്ല. പ്രധാന പുരസ്‌കാരങ്ങളിൽ തീരുമാനമൊന്നും ആകാതെ ആശയക്കുഴപ്പത്തിലാണു ജൂറി.
മെഗാ താരം മുതൽ യുവതാരങ്ങൾ വരെ മാറ്റുരയ്ക്കുന്ന മികച്ച നടൻ കാറ്റഗറിയിൽ ആർക്ക് പുരസ്‌കാരം കൊടുക്കും എന്നറിയാതെ ഉഴലുകയാണു അവാർഡു നിർണയ ജൂറി. മമ്മൂട്ടി, നിവിൻ പോളി, മുസ്തഫ എന്നിവരിൽ നിന്ന് ആരെ തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പമാണ് ജൂറി അംഗങ്ങളിൽ ഉള്ളത്.
മുന്നറിയിപ്പ് എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി പരിഗണിക്കുന്നത്. 1983, ബാംഗ്‌ളൂർ ഡേയ്‌സ് എന്നീ സിനിമകളിലെ പ്രകടനമാണ് നിവിൻ പോളിയെ മമ്മൂട്ടിക്കൊപ്പം എത്തിച്ചിരിക്കുന്നത്. ഐൻ എന്ന സിനിമയിലെ അഭിനയമാണ് മുസ്തഫയുടെ കരുത്ത്. ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടിയ പ്രകടനമാണിത്. ഇയോബിന്റെ പുസ്തകത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലും ലാലും ജയസൂര്യയും ആദ്യം പരിഗണനയിലുണ്ടായിരുന്നുവെങ്കിലും അവസാന റൗണ്ടിൽ ഇവർ എത്തിയില്ലെന്നാണു സൂചന. അവാർഡുകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും.
കൊലക്കേസിൽ ശിക്ഷ കഴിഞ്ഞിട്ടും ജയിലിൽ തന്നെ കഴിയുന്ന സി.കെ. രാഘവൻ എന്ന മനുഷ്യന്റെ ആത്മസംഘർഷങ്ങൾ തികഞ്ഞ മിതത്വത്തോടെ അവതരിപ്പിച്ച് മനോഹരമാക്കിയ മമ്മൂട്ടിക്ക് വീണ്ടും അവാർഡ് നൽകുന്ന കാര്യത്തിൽ ജൂറിയിൽ ഭിന്നാഭിപ്രായമാണുള്ളത്. നിവിൻ പോളിക്കാണ് ജൂറിയിൽ മേൽക്കൈ. 1983ൽ നാടൻ ക്രിക്കറ്റ് കളിക്കാരനായും അച്ഛനായും 'ബാംഗ്‌ളൂർ ഡേയ്‌സി'ൽ നാടൻ സോഫ്ട്‌വെയർ എൻജിനിയറായ കുട്ടനായും അഭിനയിച്ച് നിവിൻ കഴിവു തെളിയിച്ചു എന്നാണ് ഇവരുടെ പക്ഷം. ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം നേടിയ മുസ്തഫയെ അവഗണിച്ചാൽ വിവാദമാകുമോ എന്ന ഭയത്താൽ അദ്ദേഹത്തെയും പരിഗണിക്കുന്നു.
സിദ്ധാർത്ഥ് ശിവ (ഐൻ), ജയരാജ് (ഒറ്റാൽ), വേണു (മുന്നറിയിപ്പ്) എന്നിവരാണ് മികച്ച സംവിധായകനാകാൻ മുൻ നിരയിലുള്ളത്. മികച്ച ചിത്രങ്ങളായി മത്സരിക്കുന്നതും ഇവരുടെ ചിത്രങ്ങളാണ്. ജനപ്രിയ ചിത്രങ്ങളാകാൻ അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സും എബ്രിഡ് ഷൈന്റെ 1983 ഉം മത്സരിക്കുന്നു. നവാഗത സംവിധായകനുള്ള അവാർഡ് എബ്രിഡ് ഷൈനിനു തന്നെയെന്നാണു സൂചന.
1983ലെ ഓലഞ്ഞാലിക്കുരുവീ... എന്നു തുടങ്ങുന്ന ഗാനം ആലപിച്ച പി. ജയചന്ദ്രനും വാണി ജയറാമിനും ഗായകർക്കുള്ള പുരസ്‌കാരം നൽകണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. ബേബി അനിഘ (അഞ്ചുസുന്ദരികൾ) മികച്ച ബാലതാരത്തിനുള്ള മത്സരത്തിൽ ഒന്നാമതുണ്ട്.
ജോൺ പോളാണു ജൂറി ചെയർമാൻ. എല്ലാ അംഗങ്ങളും ഒരുമിച്ചിരുന്നാണു ചിത്രങ്ങൾ കാണുന്നത്. അഭിപ്രായ വ്യത്യാസം ഉള്ള ചിത്രങ്ങൾ വീണ്ടും കണ്ടാണു തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. ജൂറിയെ ഏറെ വൈകിയാണു നിശ്ചയിച്ചത്. ഇക്കാര്യത്തിൽ ചില ഇടപെടലുകൾ നടന്നതൊക്കെ മുമ്പ് വിവാദമായിരുന്നു.