തിരുവനന്തപുരം: 51-മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തിരുവനന്തപുരത്ത് വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്തു. സ്ത്രീപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സിനിമകൾക്ക് അംഗീകാരം ലഭിച്ചതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി അവാർഡ് ദാനച്ചടങ്ങിൽ പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം സിദ്ധർത്ഥ് ശിവയും മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സുധീഷും സ്വഭാവ നടിക്കുള്ള പുരസ്‌ക്കാരം ശ്രീരേഖയും ഏറ്റുവാങ്ങി.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധാനം ചെയ്ത ജിയോ ബേബി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, എഡിറ്റർ മഹേഷ് നാരായണൻ, മികച്ച ഗായകൻ ഷബാസ് അമൻ, ഗായിക നിത്യമാമൻ എന്നിവരും പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പനും കോശിയുടെയും പുരസ്‌ക്കാരം അന്തരിച്ച സംവിധായകൻ സച്ചിയുടെ ഭാര്യ സിജി ഏറ്റുവാങ്ങി.

അയ്യപ്പനും കോശിയിലെ പാട്ടിനും അഭിനയത്തിനുമുള്ള പ്രത്യേക പുരസ്‌ക്കാരം നാഞ്ചിയമ്മ ഏറ്റുവാങ്ങി. വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം നളിനി ജമീലയും ഏറ്റുവാങ്ങി. അവാർഡ് ദാനത്തിന് ശേഷം സംസ്ഥാന അവാർഡ് ജേതാവായ എം ജയചന്ദ്രന്റെ നേതൃത്വത്തിൽ പ്രിയ ഗീതമെന്ന സംഗീത നിശയും നടന്നു.