കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി പിണറായി വിജയൻ സർക്കാർ ഒരു നവോത്ഥാന മതിൽ തീർക്കുകയാണ്. അതും അടിച്ചമർത്തപ്പെട്ട കേരളത്തിലെ സ്ത്രീ സമൂഹത്തെ പുനരുദ്ധരിക്കുന്നതിന് മാത്രമായി മുപ്പത് ലക്ഷത്തിലധികം സ്ത്രീകളെ മാത്രം നിറുത്തി കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വനിതകളുടെ ഒരു മതിൽ തന്നെ തീർക്കുന്നു. എന്തിനാണ് സർക്കാർ ചെലവിൽ ജാതി സംഘടനകളെ ഒരുമിച്ച് ചേർത്തുകൊണ്ട് ഇങ്ങനെയൊരു മതിൽ നിർമ്മിക്കുന്നത് എന്ന ചോദ്യം പല കോണിൽ നിന്നും ഉയർന്ന് വന്നപ്പോൾ ഉത്തരം പറയാൻ സർക്കാർ തന്നെ ബുദ്ധിമുട്ടുന്നു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ തെരുവിലറങ്ങിയ ഭക്ത ജനങ്ങളോടും തെരുവിലറങ്ങിയ സംഘപരിവാറിനോടും നടത്തുന്ന വെല്ലുവിളി എന്ന നിലയിൽ ഇവിടുത്തെ യുവതികളും സ്ത്രീകളും നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നവരാണ് എന്ന് വിളമ്പരം ചെയ്യുന്നതിന് വേണ്ടിയാണ് അങ്ങനെയൊരു തീരുമാനം എന്നായിരുന്നു ആദ്യം പ്രചരിപ്പിക്കപ്പെട്ടത്.

പ്രത്യേകിച്ച് നവോത്ഥാനം മതിലിനുള്ള ആശയം രൂപപ്പെട്ടത് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളുടെ മീറ്റിങ് വിളിച്ച് ചേർത്തപ്പോഴാണ്. എന്നാൽ ഇപ്പോൾ സർക്കാർ പറയുന്നു പാർട്ടി സെക്രട്ടറി പറയുന്നു ,മുഖ്യമന്ത്രി പറയുന്നു ഇത് യുവതി പ്രവേശനത്തിന് എതിരല്ല എന്ന്. അങ്ങനെ പറഞ്ഞാൽ യുവതികളെ ലഭിക്കില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇങ്ങനെയൊരു പ്രഖ്യാപനം എന്ന് കരുതാൻ. അപ്പോൾ ചോദ്യം ഉദിക്കുകയാണ്. സർക്കാർ ചെലവിൽ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 30 ലക്ഷം യുവതികളേയും സ്ത്രീകളേയും ഒരുമിപ്പിച്ച് നിറുത്തി വനിതാ മതിൽ തീർക്കുന്നത് എന്തിന് വേണ്ടിയാണ്. ഇവിടെ സ്ത്രീകളെ പിന്നോട്ടടിക്കുന്നു. സ്ത്രീകൾക്ക് പരിഗണനയില്ല തുടങ്ങിയ ആരോപണങ്ങൾ സിപിഎം ഉയർത്തുന്നത് ശബരിമല യുവതീ പ്രവേശന വിഷയത്തിലാണ്.

എന്നിട്ട് അതിന്റെ പേരിലാണ് ഇങ്ങനെയൊരു വനിതാ മതിൽ രൂപീകരിക്കുന്നതെന്ന ആർജ്ജവം പോലും ഈ പാർട്ടിക്കും സർക്കാരിനും ഇല്ലാതായിരിക്കുന്നു. അങ്ങനെ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിന്റെ പുറത്താണ് ഇങ്ങനെയൊരു മതിൽ കെട്ടുന്നത് എന്ന് പറഞ്ഞാൽ ഇതിന് ഓശാന പാടിയ എസ്എൻഡിപി അടക്കമുള്ള സംഘടനകളിൽ നിന്നും സ്ത്രീകളെത്തുകയില്ല എന്ന ഉത്തമ ബോധ്യമുള്ളത്‌കൊണ്ട് സർക്കാർ നിലപാട് മാറ്റുന്നു. ഒരപേക്ഷയേ ഉള്ളൂ. ഇങ്ങനെ ഇപ്പോൾ സർക്കാർ ചെലവിൽ മതിൽ കെട്ടുന്നതിന്റെ ഉദ്ദേശമെന്ത് എന്ന് സംശയം ലേശമില്ലാതെ വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സർക്കാരിനുണ്ട്. കാരണം ഇത് സിപിഎമ്മിന്റെ പരിപാടിയല്ല. എൽഡിഎഫിന്റെ പരിപാടിയല്ല. കേരളത്തിന്റെ പരിപാടിയാണ്. അതുകൊണ്ട് തന്നെ സർക്കാർ ഉത്തരം പറഞ്ഞേ മതിയാകൂ. യുവതീ പ്രവേശനമല്ല ഈ സർക്കാർ മതിലിന്റെ ലക്ഷ്യമെങ്കിൽ വീണ്ടും ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

എന്തുകൊണ്ടാണ് ഹൈന്ദവ സംഘടനകളെ മാത്രം ഇങ്ങനെയൊരു പരിപാടിയുടെ നടത്തിപ്പിന്റെ ആലോചനയ്ക്കായി ക്ഷണിച്ചത്. ആളുകുറയും എന്ന് ഉറപ്പായപ്പോൾ എല്ലാ മതക്കാർക്കും പങ്കെടുക്കാം എന്ന് സർക്കാർ പറയുന്നു. സ്ത്രീകൾ തിരിയും എന്നായപ്പോൾ അത് ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ പുറത്തല്ല എന്ന് സർക്കാർ പറയുന്നു. അങ്ങനെയെങ്കിൽ കൃത്യമായൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് ഇങ്ങനെയൊരു നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചപ്പോൾ 190 ഹിന്ദു സംഘടനകളെ മാത്രം വിളിച്ചു. ഇവിടത്തെ ക്രൈസ്തവ മുസ്ലിം മറ്റ് മതവിഭാഗങ്ങളിൽ എന്തേ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇല്ലായിരുന്നോ. എന്തെ എൻഎസ്എസും എസ്എൻഡിപിയും കെപിഎംഎസും മാത്രമാണോ ഇവിടത്തെ നവോത്ഥാന പ്രസ്ഥാനങ്ങൾ.