- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവരാവകാശ കമ്മിഷനിൽ വിരമിച്ച സിപിഎം നോമിനിക്ക് പകരം മുസ്ലിം ലീഗ് മന്ത്രിയുടെ സ്റ്റാഫായിരുന്ന ആളെ നിയമിച്ച് പിണറായി സർക്കാർ; പാർട്ടിക്കാരെയെല്ലാം തഴഞ്ഞുള്ള നിയമനം കാന്തപുരത്തിന്റെ സമ്മർദ്ദത്തിൽ; വിവരാവകാശ കമ്മിഷണറായി മർക്കസിന്റെ ഡയറക്ടർ എത്തുമ്പോൾ
ആലപ്പുഴ: സംസ്ഥാന വിവരാവകാശ കമ്മിഷനിലെ സിപിഎം അംഗത്തിന്റെ ഒഴിവിലേക്ക് പിണറായി സർക്കാർ തിരഞ്ഞെടുത്തത് മുസ്ലിം ലീഗ് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ഉദ്യോഗസ്ഥനെ.! രണ്ടു ലക്ഷത്തിലേറെ ശമ്പളമുള്ള തസ്തികയിലേക്കാണ് ഇങ്ങനെയൊരു നിയമനം.
പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മർക്കസ് നോളഡ്ജ് സിറ്റി ഡയറക്ടറുമായ എ.അബ്ദുൾ ഹക്കീമിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റി ഗവർണർക്ക് ശുപാർശ നൽകി. മൂന്നു വർഷത്തേക്കാണ് നിയമനം. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. തിരുവനന്തപുരം പാറ്റൂർ സ്വദേശിയായ സിപിഎം നോമിനി എസ്.സോമനാഥ പിള്ള കഴിഞ്ഞ നവംബറിൽ വിരമിച്ച ഒഴിവിലേക്കാണ് ലീഗ് ബന്ധമുള്ളയാളെ നിയമിക്കുന്നത്. 65 വയസ് തികഞ്ഞതിനാലാണ് പിള്ളയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നത്.
മർക്കസ് മേധാവി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഈ നിയമനമെന്നാണ് അറിയുന്നത്. കുറേക്കാലമായി പിണറായി സർക്കാരിൽ നിർണായക സ്വാധീനമുണ്ട് കാന്തപുരത്തിന്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കാന്തപുരത്തിന്റെ ആവശ്യപ്രകാരം, ആരാധനാലയങ്ങൾ നിർമ്മിക്കാൻ ജില്ലാ കളക്ടറുടെ അനുമതി നിർബന്ധമാണെന്ന ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്നതിനാലാണ് കളക്ടറുടെ അനുമതി നിർബന്ധമാക്കിയിരുന്നത്.
ഇത് ഒഴിവാക്കി ആരാധനാലയം നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി മതിയെന്നാണ് ഭേദഗതി വരുത്തിയത്. മലപ്പുറത്തും കോഴിക്കോട്ടും പള്ളികൾ നിർമ്മിക്കാൻ കാന്തപുരം ശ്രമിച്ചപ്പോൾ പ്രാദേശികമായ എതിർപ്പ് കാരണം കളക്ടർമാർ അനുമതി നൽകിയിരുന്നില്ല. ഇത് മറികടക്കാനാണ് സർക്കാരിനെ സമീപിച്ച് കാന്തപുരം നിയമം തന്നെ മാറ്റിയെഴുതിയത്. മർക്കസിന്റെ ഡയറക്ടറെന്ന നിലയിലാണ് ഹക്കീമിന് ഉന്നത പദവിയിൽ നിയമനം നൽകിയിരിക്കുന്നത്.
മുൻ ചീഫ്‌സെക്രട്ടറി വിശ്വാസ് മേത്തയാണ് മുഖ്യവിവരാവകാശ കമ്മിഷണർ. വിശ്വാസ് മേത്തയെ നിയമിക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കും ഗവർണർക്കും കത്ത് നൽകിയിരുന്നു. എന്നാൽ വിയോജിപ്പ് രേഖപ്പെടുത്താതെ തയ്യാറാക്കിയ മിനിട്ട്‌സിൽ ഒപ്പിടാൻ ചെന്നിത്തല തയ്യാറായില്ല. ഐകകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നാണ് മിനുട്ട്‌സിലുള്ളത്.
യോഗം ശരിയായ രീതിയിൽ നടന്നില്ലെന്നും നെറ്റ് വർക്കിലെ സാങ്കേതികതടസ്സം കാരണം തനിക്ക് തന്റെ അഭിപ്രായം അറിയിക്കാനായില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യോഗത്തിന്റെ മിനുട്‌സിൽ വിയോജനക്കുറിപ്പ് ശരിയായ രീതിയിൽ രേഖപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിശ്വാസ് മേത്തയെ നിയമിക്കുന്നതിനെതിരെ ചില പരാതികൾ ഗവർണർക്കു മുന്നിലും എത്തിയിരുന്നെങ്കിലും സർക്കാരിന്റെ ശുപാർശ അംഗീകരിക്കുകയല്ലാതെ ഗവർണർക്ക് വേറെ വഴിയില്ലായിരുന്നു.
ജലവിഭവ വകുപ്പിലെ ചില പദ്ധതികൾ അന്താരാഷ്ട്ര കൺസൾട്ടൻസികൾക്ക് ക്രമരഹിതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട് വിശ്വാസ് മേത്തയ്‌ക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും കുറ്റമറ്റ ആത്മാർത്ഥതയും ഒരിക്കലും തെറ്റുപറ്റാത്ത സ്വഭാവവുമുള്ള വ്യക്തിയെ മാത്രമേ ഇത്രയും സുപ്രധാനസ്ഥാനത്ത് നിയമിക്കാൻ പാടുള്ളൂവെന്നും ചെന്നിത്തല കത്ത് നൽകിയിരുന്നു. ഇത്തവണ ഹക്കിമിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എതിർത്തില്ലെന്നാണ് സൂചന.
വിവരാവകാശ കമ്മിഷണറുടേത് ഹൈക്കോടതി ജഡ്ജി റാങ്കായിരുന്നെങ്കിലും, കേന്ദ്രഭേദഗതി വന്നതോടെ തസ്തികയുടെ റാങ്ക് താഴ്ന്നിട്ടുണ്ട്. കാലാവധി 3വർഷമായും കുറഞ്ഞു. രണ്ടുലക്ഷത്തോളം ശമ്പളവും കാറും ഔദ്യോഗിക വസതിയുമുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്