തിരുവനന്തപുരം: പത്താംതരം തുല്യതാ പഠനം ഒരുക്കി നിരവധി പേർക്ക് ജീവിതവഴികളിൽ മെച്ചപ്പെട്ട സൗകര്യമൊരുക്കിയ സാക്ഷരതാ മിഷൻ പുതിയ പദ്ധതിയുമായി രംഗത്ത്. ആദ്യമായി +2 കോഴ്‌സിലും തുല്യതാ പഠനം കൊണ്ടുവരികയാണ് സാക്ഷരതാ മിഷൻ.

നവംബറിൽ സംസ്ഥാന സാക്ഷരത മിഷൻ ആരംഭിക്കുന്ന പ്‌ളസ് ടു ദ്വിവത്സര കോഴ്‌സിൽ ചേരാൻ അരലക്ഷത്തോളം പേരാണ് ഇതിനകം അപേക്ഷ നൽകികഴിഞ്ഞത്. 60 മുതൽ 75 വയസ് വരെ പ്രായമുള്ള നൂറുകണക്കിനാളുകൾ ഇക്കൂട്ടത്തിലുണ്ട്. പത്താംതരം തുല്യതാ പരീക്ഷ പഠിച്ചിറങ്ങിയവരാണ് പലരും.

ദ്വിവത്സര +2 തുല്യതാ കോഴ്‌സിനുള്ള പഠനസാമഗ്രികളുടെ നിർമ്മാണം ഉടൻ പൂർത്തിയാകും. കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെ നവംബറിൽ ആദ്യ ബാച്ച് ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നിവയിൽ +2 ആരംഭിക്കാനാണ് അനുമതി നൽകിയത്. ലബോറട്ടറി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ശാസ്ത്ര വിഷയങ്ങൾക്ക് തത്കാലം അനുമതിയില്ലാത്തത്. ഞായറാഴ്കളിലും പൊതുഅവധി ദിനങ്ങളിലുമായി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പഠനം. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനാണ് പരീക്ഷാ ചുമതല. നിലവിലുള്ള പ്‌ളസ് ടു ബാച്ചിന്റെ അതേ നിലവാരത്തിലാകും പരീക്ഷാ നടത്തുക. സർട്ടിഫിക്കറ്റിന്റെ യോഗ്യതയ്ക്കും മാറ്റമുണ്ടാകില്ല.

2006ൽ ആരംഭിച്ച പത്താംതരം തുല്യതാ കോഴ്‌സിന്റെ എട്ട് ബാച്ചുകളിലായി ഇതുവരെ 2,3454 പേർ പാസായി. 20,150 പേർ പരീക്ഷാഫലം കാത്തിരിക്കുന്നു.