തിരുവനന്തപുരം: പൊലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്നതിനും പൊലീസിനെതിരെയുള്ള വാർത്തകൾ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ നിർണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭിപ്രായപ്പെട്ടു. സർവീസിൽ നിന്ന് വിരമിക്കുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ നൽകിയ യാത്രയയപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതൊരു സർക്കാർ സംവിധാനത്തിന്റെയും സൽപ്പേര് ഉയർത്തിപ്പിടിക്കുന്നതിൽ പബ്ലിക് റിലേഷൻസ് വിഭാഗത്തിന് മികച്ച പങ്ക് വഹിക്കാനുണ്ട്. പൊലീസ് സംവിധാനത്തിൽ ഇതിനു വലിയ പ്രാധാന്യമാണുള്ളത്. സർക്കാരിനെ പൊതുജനം വിലയിരുത്തുന്നത് പൊലീസിന്റെ പ്രകടനവും പെരുമാറ്റവും കണക്കിലെടുത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഉപഹാരം ഡെപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ചു. എഡിജിപി മനോജ് എബ്രഹാം, ഡിഐജി എസ്. ശ്യാംസുന്ദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.