നാം നമ്മെ തന്നെ തിരിച്ചറിയുന്ന ചില നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ തരമില്ല. ഇത് ഒരു ആത്മാവലോകനത്തിന്റെ പരിണിതഫലം മാത്രമല്ല, മനുഷ്യൻ എന്ന സമാനതകളില്ലാത്ത സൃഷ്ടിയുടെ ഒരു ആത്മാവിഷ്‌കാരം കൂടിയാണ്. മനസ്സിന്റെ അവസ്ഥകളിൽ ഒന്ന് മാത്രമാണ് ഈ സ്വയം കണ്ടെത്തൽ. ഓരോ വ്യക്തിയുടെയും അസ്ഥിത്വം മാത്രമല്ല ചിന്താമണ്ഡലവും കൂടി ചേർന്നാണ് അവന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനമൂലകങ്ങൾ രൂപപ്പെടുന്നത്.

മാനവരാശിയുടെ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകും. മാനവ സംസ്‌കാരത്തിന്റെ ചാലക ശക്തി അവന്റെ മോഹങ്ങളുടെ, കാമക്രോദാഗ്നിയുടെ, സ്വാർത്ഥതയുടെ എന്നുവേണ്ട സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള വെറിയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്ന ഒന്നാണ്.

മേൽപ്പറഞ്ഞ പ്രസ്താവന എല്ലാ മനുഷ്യരുടെയും കാര്യത്തിൽ പ്രസക്തമല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. പല മഹത്‌വ്യക്തികൾ ഈ ചിന്താഗതിക്ക് വിപരീതമായി പ്രവർത്തിച്ചത് മൂലം മാത്രമാണ് ലോകത്ത് നന്മയുടെ പച്ചതുരുത്തുകൾ ഇപ്പോഴും ബാക്കി നിൽക്കുന്നത്. പുതിയ തലമുറയുടെ മാത്രമല്ല മനുഷ്യന്റെ ഉത്പത്തി മുതൽക്കേ ഈ ചാലക ശക്തിയാണ് അവന്റെ അസ്ഥിത്വത്തിന്റെ അടിസ്ഥാന ഘടകം.

മേൽപ്പറഞ്ഞ കാര്യങ്ങൾ കാലത്തിന്റെ തുലാസിൽ വച്ച് താരതമ്യം ചെയ്യുമ്പോൾ ഒരു കാര്യം വ്യക്തമാണ്. മുന്നോട്ടുള്ള പ്രയാണത്തിൽ ഈ രണ്ടു ഘടകങ്ങൾ, അതായത് സ്വാർത്ഥ താൽപ്പര്യങ്ങൾ ഒരു തട്ടിലും നിസ്വാർത്ഥമായ ആത്മാർപ്പണം മറ്റേതട്ടിലും വയ്ക്കുമ്പോൾ സന്തുലിതാവസ്ഥ കൈവരിക്കാൻ സാധിച്ചാൽ ഒരു വ്യക്തി ജീവിത വിജയം കൈവരിച്ചു എന്ന് അനുമാനിക്കാം.

നേരത്തേ സൂചിപ്പിച്ചതുപോലെ മനുഷ്യമനസ്സിന്റെ അവസ്ഥ ഒരു മനുഷ്യന്റെ പ്രവർത്തിയെ സ്വാധീനിക്കും എന്ന കാര്യത്തിൽ തർക്കമില്ല. വ്യക്തിപരമായ ദുരന്തങ്ങളാൽ നട്ടം തിരിയുന്ന വ്യക്തിക്ക് ഉദാത്തമായ മാനസികാവസ്ഥ കൈവരിക്കാൻ സാധിക്കില്ല. ഇത് ഒരു വ്യക്തിയുടെ പരാജയമായി കണക്കാക്കേണ്ടതില്ല. അതിൽ നിന്നും കരകയറാൻ എത്ര സമയം എടുക്കും എന്നതാണ് പ്രധാനം. എത്ര സമയമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അവന്റെ ചുറ്റുമുള്ളവർ, ഉറ്റവർ, സാമ്പത്തികാവസ്ഥ, ശാരിരികവും മാനസികവുമായ ആരോഗ്യം എന്നിങ്ങനെ വിവിധ ഘടകങ്ങൾ മാനസികമായ സന്തുലിതാവസ്ഥ വീണ്ടെടുക്കാനുള്ള സമയം നിശ്ചയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും.

ഇവിടെയാണ് പണം എന്ന ഒഴിച്ചുകൂടാനാവാത്ത സംഗതി അപ്രസക്തമാകുന്നത്. ധനികനായ വ്യക്തി നിർധനനായി മാറുമ്പോൾ മാത്രമാണ് പല വ്യക്തിബന്ധങ്ങളുടെ ഉള്ള് പൊള്ളയായിരുന്നു എന്ന് തിരിച്ചറിയുന്നു. പണം കൊണ്ട് എല്ലാം നേടാം എന്ന മിഥ്യാ ധാരണ മാറുന്നതോടെ ആ ഒരു വ്യക്തി മറ്റൊരു തലത്തിലേക്ക് ഉയരുകയായി.

കൊടുക്കൽ വാങ്ങൽ എന്ന പ്രക്രിയ മാനവരാശിയുടെ ഉത്പത്തി മുതലേ ഉള്ള ഒരു പ്രതിഭാസമാണ്. ഈ കൊടുക്കൽ വാങ്ങൽ വാണിജ്യപരമായി മാത്രം പരിമിതപെടുത്താതെ സ്വന്തം ജീവിതത്തിലും, ബന്ധങ്ങളിലും മറ്റു സഹജീവികളെ അനുകമ്പയോടെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ ഒരു മനുഷ്യന് അവന്റെ അസ്ഥിത്വം തിരിച്ചറിയാൻ സാധിക്കും.

പല സന്ദർഭങ്ങളിലും ഞാൻ, എനിക്ക്, ആർക്ക് വേണ്ടി എന്നീ ചോദ്യങ്ങൾ അലട്ടുമ്പോൾ നന്മകൾ ചെയ്ത വ്യക്തി ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നു. മൗനം, മൂകത എന്നീ അവസ്ഥകൾ ആത്മീയതയുടെ തലങ്ങൾ കണ്ടെത്താൻ മനുഷ്യനെ സഹായിക്കുന്നുവെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.

ജീവിതം കരുപിടിപ്പിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യൻ സ്വാർത്ഥ ചിന്തകൾ കൈവെടിഞ്ഞ് നിസംഗതയോടെ, ശാന്തമായി ഒരിടത്തിരുന്ന് ആത്മാവലോകനം നടത്താൻ സമയം കണ്ടെത്തണം. മനസ്സാക്ഷിയുടെ കോടതിയിൽ തോൽക്കുമ്പോൾ അനുഭവിക്കുന്ന ആത്മ നിന്ദയിൽ കഴിഞ്ഞ് മറ്റൊരു ശിക്ഷ ലഭിക്കാൻ ഇല്ല എന്ന തിരിച്ചറിവ് ഏതൊരു വ്യക്തിയെയും മനുഷ്യത്വം എന്ന മഹത്ഗുണം കൈവരിക്കാൻ സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.

(സി കെ വേണുഗോപാൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസറാണ്.)