ന്യൂയോർക്ക്: തടവു ശിക്ഷക്കുശേഷം ജീവിതത്തെ ക്രമീകരിക്കുന്നതു ലക്ഷ്യം വച്ചു ന്യുയോർക്ക് സ്റ്റേറ്റ് പ്രിസണിലെ തടവുകാർക്ക് സൗജന്യ ടാബ്ലറ്റ് കംപ്യൂട്ടേഴ്സ് നൽകുമെന്ന് പി. എക്സ് 11 റിപ്പോർട്ട് ചെയ്തു.

ഇന്റർനെറ്റ് സൗകര്യമില്ലാത്ത, ഇംബുക്കുസ്, സംഗീതം തുടങ്ങിയവ ലഭ്യമാക്കുന്ന ടാബ്ലറ്റുകളായിരിക്കും ഇവർക്ക് നൽകുക. ജയിലധികൃതരെ പരാതി അറിയിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ടായിരിക്കും.

അധികാരികളുടെ അനുവാദത്തോടെ ബന്ധുക്കളുമായി ബന്ധപ്പെടുന്നതിനുള്ള സൗകര്യവും ലഭിക്കും. ന്യൂയോർക്കിലുള്ള 50,000 ത്തിൽ പരം തടവുകാർക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും.

സമൂഹത്തിലേക്ക് തിരിച്ചു ചെല്ലുന്ന ഇവർക്ക് ജീവിതം മെച്ചപ്പെടുത്തുന്നതിന് ഇതുപകരിക്കുമെന്നാണ് ഡിപ്പാർട്ട്മെന്റ് ആക്ടിങ്ങ് കമ്മീഷണർ ആന്റണി അനുക്സി അഭിപ്രായപ്പെട്ടത്.

ഈ ഇലക്ട്രോണിക്ക് ഉപകരണങ്ങൾക്കു ആവശ്യമായ തുക ന്യുയോർക്ക് സ്റ്റേറ്റ് നൽകുന്നതല്ലെന്നും മറിച്ചു കറക്ഷൻ സർവ്വീസ് കമ്പനി ജെ. പെയായിരിക്കും ഇതിനാവശ്യമായ തുക സംഭരിക്കുകയെന്നും കമ്മീഷണർ പറഞ്ഞു.

ഇന്ത്യാന പ്രിസണിലുള്ളവർക്ക് ബോൾഡ് ടെക്ക് പ്രോഗ്രാമിന്റെ ഭാഗമായി ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.