- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനങ്ങൾക്ക് വേഗത്തിലാക്കാൻ റവന്യൂ ഡിപ്പാർട്ട്മെന്റ്; സംസ്ഥാന റവന്യൂവകുപ്പിന് പോർട്ടൽ യാഥാർത്ഥ്യമായി; പ്രവർത്തനങ്ങൾ വേഗത്തിലാകുമ്പോഴും തലവേദനയായി അപേക്ഷ രശീതികളുടെ അഭാവം
എടപ്പാൾ: സേവനങ്ങൾ വേഗത്തിലാക്കാനൊരുങ്ങി സംസ്ഥാന റവന്യൂവകുപ്പ്. ഇതിന്റെ ഭാഗമായി റവന്യുവകുപ്പിന് കീഴിൽ പോർട്ടൽ ആരംഭിച്ചു.റവന്യൂ വകുപ്പിലേക്കുള്ള അപേക്ഷകൾ, പരാതികൾ, നികുതി അടവ്, സർട്ടിഫിക്കറ്റുകൾ തുടങ്ങി എല്ലാ കാര്യങ്ങളും ഇനി ഈ പോർട്ടലിലൂടെ നടക്കും. lrd.kerala.gov.in എന്ന ഐ.ഡിയിലൂടെ ആർക്കും എവിടെനിന്നും പോർട്ടലിൽ കയറാം.
റവന്യൂവകുപ്പിൽനിന്നുള്ള സേവനങ്ങളായ 24 ഇനം സർട്ടിഫിക്കറ്റുകൾ, ദുരിതാശ്വാസസഹായം, റവന്യൂ റിക്കവറി, പരാതികൾ എന്നിങ്ങനെ എല്ലാറ്റിനുമുള്ള ലിങ്കുകൾ ഇതിലുണ്ടാകും. ഇ -ആപ്ലിക്കേഷൻ, റെലിസ്, റിലീഫ്, മിത്രം, ഇ -ഡിസ്ട്രിക്റ്റ്, റവന്യൂ റിക്കവറി തുടങ്ങിയവയും ഇതിലുണ്ട്. സംസ്ഥാനത്തെ 1664 വില്ലേജ് ഓഫീസുകൾ, 77 താലൂക്കുകൾ, 27 റവന്യൂ ഓഫീസുകൾ, 14 ജില്ലാകളക്ടറേറ്റുകൾ എന്നിവയിൽനിന്നുള്ള സേവനങ്ങളെല്ലാം പോർട്ടലിലൂടെ ലഭിക്കും. ഐ.ടി. സെൽ നിയന്ത്രിക്കുന്ന പോർട്ടലിലേക്ക് ജനങ്ങൾക്ക് സ്വന്തം കംപ്യൂട്ടറിലൂടെയോ ജനസേവനകേന്ദ്രങ്ങൾ വഴിയോ പ്രവേശിക്കാം. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയ്ക്ക് വിരാമമാകും. കാലങ്ങളായി ഇതിനെല്ലാം ഓരോരോ രീതിയിലായിരുന്നു ജനങ്ങൾ സമീപിക്കേണ്ടിയിരുന്നത്. സർട്ടിഫിക്കറ്റുകൾക്കാണെങ്കിൽ ഇ -ഡിസ്ട്രിക്റ്റ്, മറ്റുള്ളവയ്ക്കാണെങ്കിൽ അതിനുള്ള വേറെ ആപ്പിലൂടെ. ഇപ്പോൾ ഇതെല്ലാം ഒരു കുടക്കീഴിലായത് ജനങ്ങൾക്ക് ഏറെ ഗുണപ്രദമാകും. പോർട്ടൽ ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇപ്പോഴും പൂർണമായി പ്രവർത്തനസജ്ജമായിട്ടില്ല. എന്നാൽ അധികം വൈകാതെ എല്ലാം ഒരുമിച്ചു ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
അപേക്ഷയ്ക്ക് രശീതി ഇപ്പോഴുമായില്ല
പോർട്ടൽവന്നെങ്കിലും അപേക്ഷ നൽകുന്നവർക്ക് രശീതി നൽകാൻ ഇപ്പോഴും സംവിധാനമില്ലെന്നത് ഇതിന്റെ പോരായ്മയായി വിലയിരുത്തപ്പെടുന്നു. മിത്രത്തിൽ നൽകുന്ന പരാതികൾക്കു മാത്രമാണ് രശീതി ലഭിക്കുക. ദൈനംദിന ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്കുമുള്ള അപേക്ഷകൾക്ക് രശീതി നൽകിയാൽ അതുവെച്ച് അപേക്ഷകന് എപ്പോഴും തന്റെ അപേക്ഷയുടെ തത്സ്ഥിതി അറിയാനാവും. ഫ്രണ്ട് ഓഫീസ് മൊഡ്യൂൾ ഉണ്ടെങ്കിൽ എല്ലാ അപേക്ഷകളും ഇതുവഴി പോകുകയും അപേക്ഷകന് രശീതിനൽകാൻ സാധിക്കുകയുംചെയ്യും.