കണ്ണൂർ: വർഷങ്ങൾക്ക് ശേഷം കണ്ണൂരിലേക്ക് സംസ്ഥാന സ്‌കൂൾ കലോത്സവം വന്നെത്തിയതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂരുകാർ. ഒരാഴ്‌ച്ച നീണ്ടു നിൽക്കുന്ന കലയുടെ രാപ്പകലുകൾക്കാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെലിക്കുന്നതോടെ തുടക്കമാകുക. സംസ്ഥാന സ്‌കൂൾ കലോത്സംവം പൊലീസ് മൈതാനത്തുവച്ചാണ് നാളെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുക. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഗായിക കെ.എസ്.ചിത്രയെ ആദരിക്കും. അൻപത്തിയേഴാം കലോത്സവത്തെ പ്രതിനിധീകരിച്ചു 57 സംഗീതാധ്യാപകർ സ്വാഗതഗാനം ആലപിക്കും.

പ്രധാന വേദിയായ പൊലീസ് മൈതാനത്തെ 'നിള'യിൽ നാളെ 9.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ പതാക ഉയർത്തും. 10നു റജിസ്‌ട്രേഷൻ. ഘോഷയാത്ര 2.30നു സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്തു നിന്ന് ആരംഭിക്കും. നദികളുടെ പേരിലുള്ള 20 വേദികളിലെ 232 ഇനങ്ങളിലായി 12,000 വിദ്യാർത്ഥികൾ മത്സരിക്കും. സമാപന സമ്മേളനം 22നു വൈകിട്ട് നാലിനു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 2.10കോടി രൂപയാണു കലോത്സവത്തിനു ചെലവു പ്രതീക്ഷിക്കുന്നത്.

സ്റ്റേഡിയം കോർണറിലെ 'മയ്യഴി' വേദിയിൽ 17 മുതൽ 22 വരെ സാംസ്‌കാരിക പരിപാടികൾ നടക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജസ്സി ജോസഫ് എന്നിവർ അറിയിച്ചു. കലോത്സവത്തിൽ ചാംപ്യന്മാരാകുന്ന ടീമിനു സമ്മാനിക്കുന്ന 117.5 പവൻ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിൽ സംഘാടക സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി. വിവിധയിടങ്ങളിലെ സ്വീകരണച്ചടങ്ങുകൾക്കു ശേഷം കപ്പ് ട്രഷറിയിലേക്കു മാറ്റി.

കലോത്സവത്തിൽ മത്സരിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ അടക്കം സൗജന്യ ചികിത്സ ഏർപ്പാടാക്കിയിട്ടുണ്ട ്. അപ്പീൽ ജൂറിയിൽ കഥകളി വിദഗ്ധനെ ഉൾപ്പെടുത്തി. കലോത്സവത്തിനെത്തുന്നവരുടെ മറ്റു പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാക്കാൻ പ്രധാനവേദിക്കരികിൽ ഡിഇഒയുടെ ചുമതലയിൽ, ഐടി അറ്റ് സ്‌കൂളിന്റെ സഹകരണത്തോടെ പ്രത്യേക സെൽ ഉണ്ടാകും. വിജിലൻസിന്റെ നേരിട്ടുള്ള മേൽനോട്ടവും ഇത്തവണ സ്‌കൂൾ കലോത്സവ വേദിയിൽ ഉണ്ടാകും.