- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ സമയത്ത് വധൂവരന്മാർക്ക് സമ്മാനം നൽകുന്നു എന്ന വ്യാജേന സ്ത്രീധനകൈമാറ്റം; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാരിന് നിർദ്ദേശങ്ങളുമായി വനിതാ കമ്മീഷൻ; സ്ത്രീധനത്തിനും ആർഭാട വിവാഹങ്ങൾക്കും എതിരെ പ്രചാരണം
തിരുവനന്തപുരം: നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരിൽ വിവാഹിതരായ സ്ത്രീകൾക്ക് നേരെ കുടുംബങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷൻ. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച കമ്മിഷൻ നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു.
1961-ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 3 ഉപവകുപ്പ് 2-ൽ വിവാഹ സമയത്ത് വധൂവരന്മാർക്ക് നൽകുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുന്നതല്ലെന്ന് പറയുന്നു. സമ്മാനം നൽകുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളിൽ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. അപ്രകാരം ഒരു വിവാഹം നടന്നാൽ സ്ത്രീധന നിരോധന ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാർജ് ചെയ്യുന്നുമില്ല. എന്നാൽ, വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് തന്നെ ചുമത്തുന്നുവെന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂർണമാക്കുന്നതും കൂടുതൽ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതുമെന്ന് കമ്മിഷൻ വിലയിരുത്തുന്നു.
1985-ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പട്ടിക പരിപാലിക്കുന്ന) ചട്ടങ്ങൾ, ചട്ടം 5 ആയി 'വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും, കൂടാതെ അവർ രണ്ടു പേരുടെയും മാതാപിതാക്കളുടെ/രക്ഷാകർത്താക്കളുടെ കൈയൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കൾ/രക്ഷാകർത്താക്കൾ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസർക്ക് കൈമാറാവുന്നതാണ്' എന്ന് ചേർക്കണമെന്ന് കമ്മിഷൻ നിയമഭേദഗതി സർക്കാരിന് ശിപാർശ ചെയ്തു.
വകുപ്പ് 4 എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട് സ്വർണാഭരണങ്ങൾ, സ്വർണക്കടകൾ എന്നിവയുടെ പരസ്യങ്ങൾ പത്ര-ദൃശ്യ മാധ്യമങ്ങളിൽ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടികൾ കൃത്യമായി സ്വീകരിക്കുന്നുമില്ല.
വകുപ്പ് 8 ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസർമാർ, ഉപദേശക സമിതി എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.സാമൂഹ്യമാധ്യമങ്ങൾ, പത്രങ്ങൾ, എഫ്എം റേഡിയോ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയുള്ള സമഗ്രമായ ദൃശ്യ-ശ്രാവ്യ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് സ്ത്രീധനം, ആർഭാട വിവാഹം എന്നീ തിന്മകൾക്കെതിരേ വനിതാ കമ്മിഷനോട് അണിചേരാൻ കമ്മിഷന്റെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്ററുകൾ അവരവരുടെ അക്കൗണ്ട് പോസ്റ്റ് ചെയ്ത് എൻഡ് ഡൗറി, കേരള വിമെൻസ് കമ്മിഷൻ എന്നിങ്ങനെ ഹാഷ്ടാഗ് ചെയ്യാവുന്നതാണ്.
കമ്മിഷന്റെ കലാലയജ്യോതി പരിപാടിയിലൂടെ പ്രധാനമായും സ്ത്രീധന നിരോധന നിയമം, വിവാഹ നിയമങ്ങൾ, ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണ നിയമം എന്നിവയലധിഷ്ഠിതമായ ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ഇതിനു പുറമേ വിവാഹ പൂർവ കൗൺസലിങ്ങും കമ്മിഷൻ സ്ത്രീകൾക്കായി സംഘടിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളിലായി ആയിരത്തോളം കലാലയ ജ്യോതി പരിപാടികളും നൂറോളം വിവാഹ പൂർവ കൗൺസലിങ്ങും കമ്മിഷൻ സംഘടിപ്പിച്ചു. ഇതിലൂടെ പതിനായിരത്തിലേറെ സ്ത്രീകൾക്ക് തങ്ങളുടെ സുരക്ഷയ്ക്കായുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകാൻ കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ