- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഒരുക്കാൻ രാഹുൽ ഗാന്ധി കേരളത്തിലേക്ക്; പാർട്ടിയിലെ ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തം; ലോക്സഭയിലേക്ക് പരമാവധി സീറ്റുകൾ നേടാൻ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനും കോൺഗ്രസ് അധ്യക്ഷന്റെ മുൻകൈയെടുക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറെ പ്രതീക്ഷകളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നിന്നും പരമാവധി സീറ്റുകൾ കരസ്ഥമാക്കണമെന്നാണ് രാഹുൽ ലക്ഷ്യമിടുന്നത്. പരമവധി സീറ്റു പിടിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ കേരളത്തിലേക്കും എത്തുകയാണ്. പാർട്ടിയെ സജ്ജമാക്കാനും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുകയും ചെയ്യുക എന്നതാണ് രാഹുൽ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രചരണ തന്ത്രങ്ങൾ എങ്ങനെയാകുമെന്ന് നേതാക്കളിൽ രാഹുൽ അറിയിക്കും.
ഈ മാസമവസാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കൊച്ചിയിലെ പാർട്ടി റാലിക്കെത്തും. 24 ആണ് ഇപ്പോൾ നിർദേശിച്ചിരിക്കുന്ന തീയതി. ഈ റാലി തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായും കരുതാമെന്നു കോൺഗസ് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.
ഫെബ്രുവരി ഒന്ന് മുതൽ 25 വരെയാണു കെപിസിസി പ്രസിഡന്റിന്റെ കേരള പര്യടനം. എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് നാളെ മുതൽ 16 വരെ ജില്ലകളിൽ സംഘടനാ പ്രവർത്തനം വിലയിരുത്തും. ഒൻപതിന് കെപിസിസി നിർവാഹക സമിതി ചേരും. 16 ന് തിരുവനന്തപുരത്തും 17 ന് തൃശൂരിലും 18 ന് കണ്ണൂരിലും ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും മേഖലായോഗങ്ങൾ ചേരും. 22, 23 തീയതികളിൽ തിരുവനന്തപുരത്ത് നേതൃശിൽപശാല. ബ്ലോക്ക്, മണ്ഡലം, ബൂത്ത് കൺവൻഷനുകൾ ജനുവരിയിൽ പൂർത്തിയാക്കാനും തീരുമാനിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി കെപിസിസി പുനഃസംഘടനയ്ക്കുള്ള ശ്രമം സജീവമാക്കും. കാര്യക്ഷമമായ ടീമിനെയാണു വേണ്ടതെന്നു മുല്ലപ്പള്ളി പറഞ്ഞു. ജംബോ കമ്മിറ്റിയെ അനുകൂലിക്കുന്നില്ല. നിലവിലുള്ള ഭാരവാഹികളിൽ കുറേ പേരെയെങ്കിലും നിലനിർത്തിയുള്ള സംവിധാനമാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, പുനഃസംഘടന ഏതു രീതിയിൽ എന്നത് അന്തിമമാക്കിയിട്ടില്ല' എന്നായിരുന്നു മറുപടി. ഡൽഹിയിലെത്തിയ ശേഷം കേന്ദ്ര നേതാക്കളുമായി ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
അതേസമയം ഡിസിസി പ്രസിഡന്റുമാരുടെ പ്രവർത്തനത്തെക്കുറിച്ചു രഹസ്യ സർവേ നടന്നുവെനന് പ്രചരണങ്ങളുണ്ടായിരുന്നു. ചില ഗ്രൂപ്പുകളാണ് ഇത്തരം പ്രചരണം നടത്തിയത്. ഡിസിസി അധ്യക്ഷന്മാരെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ആരെയും മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാവരുടെയും ശക്തിദൗർബല്യങ്ങൾ വ്യക്തമായി അറിയാം. തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ രാജിക്കത്ത് നൽകിയപ്പോൾ തന്നെ അതു സ്വീകരിക്കില്ലെന്നു വ്യക്തമാക്കി. പ്രതാപൻ 24 മണിക്കൂറും ജാഗ്രതയോടെ പ്രവർത്തിക്കുന്നയാളാണ്. ലോക്സഭാ സ്ഥാനാർത്ഥി ചർച്ച എവിടെയും തുടങ്ങിയിട്ടില്ലെന്നും മുല്ലപ്പള്ളി അറിയിച്ചു.
മറുനാടന് ഡെസ്ക്