- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിയുടെ മാവോയിസ്റ്റ് ബന്ധം എൻഐഎ അന്വേഷിക്കണം; മാപ്പുപറഞ്ഞ് രാജി വച്ചൊഴിയണം; മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി ശബരിമലകർമസമിതി; ഹർത്താലിൽ അക്രമമുണ്ടാക്കിയത് കടന്നുകയറിയവർ; അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും കർമസമിതി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ പ്രക്ഷോഭം തുടങ്ങാൻ ശബരിമല കർമസമിതി സംസ്ഥാന സമിതിയുടെ തീരുമാനം. പിണറായിയുടെ മാവോയിസ്റ്റ് ബന്ധം എൻഐഎ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമിതി പ്രക്ഷോഭം തുടങ്ങുന്നത്.
അയ്യപ്പഭക്തരെ പമ്പയിലും, സന്നിധാനത്തും തടഞ്ഞുനിർത്തി അതിവിപ്ലവപ്രസ്ഥാനങ്ങൾക്ക് ആചാരലംഘനത്തിന് ഒത്താശ ചെയ്ത പൊലീസ് ശബരിമലയിൽ നിന്ന് കുടിയൊഴിയണമെന്ന് സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ശബരിമലയുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. അതീവസുരക്ഷാമേഖലയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ തീവ്രവാദ സംഘടനാപ്രവർത്തകർക്ക് സംരക്ഷണം നൽകുന്നത് ദൂരവ്യാപകമായ പ്രതിസന്ധിക്ക് ഇടവരുത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. നിരോധിത സംഘടനകളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം ബന്ധപ്പെടുമ്പോൾ, കേരളത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്.
ശബരിമലയിൽ ആചാരലംഘനം നടന്നാൽ, ക്രമസമാധാനാന്തരീക്ഷം തകരുമെന്ന കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകളെ അവഗണിച്ചാണ് ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസിനെ ഉപയോഗിച്ച് അത് നടപ്പാക്കിയത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ജനുവരി 12നും 13 നും ജില്ലാതലത്തിൽ അയ്യപ്പരഥയാത്രകൾ സംഘടിപ്പിക്കും. മകരവിളക്കിന് ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് അയ്യപ്പജ്യോതി തെളിയിക്കും. ക്ഷേത്രങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാൻ കഴിവില്ലാത്ത ദേവസ്വം ബോർഡ് രാജി വച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് കാണിക്കവഞ്ചി ഉപരോധവും ദേവസ്വം ബോർഡ് ഓഫീസ് ഉപരോധവും സംഘടിപ്പിക്കും.
ജനുവരി 18 ന് സെക്രട്ടേറിയറ്റിലേക്ക് അയ്യപ്പഭക്തസമൂഹം മാർച്ച് നടത്തും. ശബരിമല കർമസമിതി അംഗങ്ങളായ 120 സംഘടനകളുടെ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകും. ജനുവരി 19 ന് ശബരിമല കർമസമിതി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സെമിനാർ സംഘടിപ്പിക്കും.
ഹർത്താൽ സമാധാനപരമായിരുന്നു. എന്നാൽ മറ്റ് പലരും കടന്നുകൂടി അക്രമമുണ്ടാക്കുകയായിരുന്നു. ഹർത്താൽ അക്രമങ്ങൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു. ഹർത്താൽ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് ശബരിമല കർമ്മസമിതി അധ്യക്ഷൻ എസ്.ജെ ആർ കുമാർ ആരോപിച്ചു. പൊലീസും സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ചേർന്ന് അക്രമം നടത്തിയെന്നും തീവ്രവാദ സ്വഭാവമുള്ളവരാണ് ഇതിനുപിന്നിലെന്നും സമിതി അധ്യക്ഷൻ പറഞ്ഞു. തന്ത്രിയെ സർക്കാർ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു. യുവതി പ്രവേശം, ഹർത്താൽ തുടങ്ങി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. തിരുവനന്തപുരത്ത് അമ്മമാരുടെ സമ്മേളനം, രഥയാത്ര തുടങ്ങിയ പരിപാടികൾ നടത്താൻ ആലോചനയുണ്ട്. ശക്തമായ മറ്റു സമര പരിപാടികൾക്കും രൂപം നൽകിയേക്കും.